മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ എല്ലാ എതിരാളികളും ഭയപ്പെടുമെന്നുറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആധിപത്യം കാട്ടുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. സമീപകാലത്തെ ഇന്ത്യയുടെ ടി20യിലെ പ്രകടനമാണ് എടുത്തു പറയേണ്ടത്. സൂര്യകുമാര്‍ യാദവ് നായകനും ഗൗതം ഗംഭീര്‍ പരിശീലകനുമായ ഇന്ത്യന്‍ ടീം വളരെ ആക്രമണോത്സകതയോടെയാണ് കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലൂടെ ഇന്ത്യ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് നേടിയത്.
ഒരേ സമയം മൂന്നോ നാലോ ടീമിനെ ഇറക്കാനുള്ള ടീം കരുത്ത് ഇന്ന് ഇന്ത്യക്കുണ്ട്. ഐപിഎല്ലിലൂടെ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്താനും ഇന്ത്യക്ക് സാധിച്ചു. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് നിലവിലെ മികച്ച ടി20 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇന്ത്യന്‍ ടീമിലുണ്ടാവും. പരിശോധിക്കാം.
സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ്
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ഈ പുതിയ കൂട്ടുകെട്ട് വരണം. നിലവില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ഓപ്പണര്‍. എന്നാല്‍ ശുബ്മാന്‍ ഗില്‍ ക്ലാസിക് താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കില്ല. പവര്‍പ്ലേ മുതലാക്കുന്നതില്‍ ഗില്‍ പിന്നോട്ടാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സഞ്ജു സാംസണ്‍-യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് നിലവില്‍ ഏറ്റവും അനുയോജ്യം.
രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്നവരാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കളിക്കാനും ഇവര്‍ക്ക് സാധിക്കും. ഇന്ത്യയുടെ നിലവിലെ ടി20 പദ്ധതികളോട് യോജിക്കുന്ന ബാറ്റിങ് ശൈലിയാണ് ഇരുവരുടേതും. നിലവില്‍ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ ഓപ്പണിങ് കൂട്ടുകെട്ട് സഞ്ജുവും ജയ്‌സ്വാളുമാണ്.

സൂര്യകുമാര്‍, പരാഗ്, നിതീഷ് കുമാര്‍
മൂന്നാം നമ്പറില്‍ വെടിക്കെട്ട് നടത്താന്‍ സൂര്യകുമാര്‍ യാദവിനെക്കാള്‍ മികച്ചവനായി ആരുമില്ല. നിലവിലെ ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാര്‍. ക്യാപ്റ്റനായാലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സൂര്യക്ക് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ കടന്നാക്രമിക്കുന്ന സൂര്യ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ അസാധ്യ കഴിവുള്ള താരമാണ് സൂര്യകുമാര്‍.
നാലാം നമ്പറില്‍ റിയാന്‍ പരാഗിനാണ് സ്ഥാനം. ഭയമില്ലാതെ റണ്‍സുയര്‍ത്താന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്. കൈക്കരുത്തിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന പരാഗ് പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരങ്ങളില്‍ ഭാവിയില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് പരാഗെന്ന് പറയാം.
നിതീഷ് കുമാര്‍ റെഡ്ഡി അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മിന്നിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടാന്‍ നിതീഷിനായിട്ടുണ്ട്. ബാറ്റുകൊണ്ട് മിന്നിക്കുന്നതോടൊപ്പം മീഡിയം പേസുകൊണ്ടും കരുത്തുകാട്ടാന്‍ നിതീഷിന് സാധിക്കുന്നുണ്ട്.
ഹാര്‍ദിക്, റിങ്കു സിങ്, അക്ഷര്‍
ഹാര്‍ദിക് പാണ്ഡ്യയാണ് ആറാം നമ്പറില്‍. ടീമിന്റെ പ്രധാന ഫിനിഷര്‍ റോള്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ്. ബംഗ്ലാദേശിനെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി എല്ലാവരുടേയും കൈയടി നേടാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. സമീപകാലത്തെ ബൗളിങ് പ്രകടനങ്ങള്‍ മോശമാണെങ്കിലും ബാറ്റിങ്ങില്‍ ഹാര്‍ദിക് മിന്നിക്കുകയാണ്.
റിങ്കു സിങ്ങാണ് മറ്റൊരു ഫിനിഷര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റിങ്കുവിനെ അത്യാവശ്യ ഘട്ടത്തില്‍ ബൗളറെന്ന നിലയിലും ഉപയോഗിക്കാം. ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിങ്കു സിങ്. ഇടം കൈയന്‍ താരത്തിന്റെ ഫിനിഷിങ് മികവ് അസാധ്യമാണ്. ഐപിഎല്ലില്‍ കെകെആറിലൂടെ മികവ് കാട്ടി വളര്‍ന്ന താരമാണ് റിങ്കു.
സ്പിന്‍ ഓള്‍റൗണ്ടറായി ആക്ഷര്‍ പട്ടേലാണ് വേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബൗളറാണ് ഇടം കൈയനായ അക്ഷര്‍. പന്തുകൊണ്ടും അക്ഷര്‍ ടീമിന് ഉപകാരിയാണെന്ന് പറയാം. അക്ഷറിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളുണ്ട്.

ബൗളിങ് നിര ഇങ്ങനെ
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നിവരിലൊരാളെയാണ് പരിഗണിക്കാവുന്നത്. വ്യത്യസ്ത ലെങ്തില്‍ എറിയാന്‍ കഴിവുള്ള വരുണിന് മുന്‍തൂക്കം നല്‍കാം. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് വേണ്ടത്. ബുംറ യോര്‍ക്കറുകള്‍ക്കൊണ്ട് വിറപ്പിക്കുമ്പോള്‍ അര്‍ഷ്ദീപ് ഇടം കൈയന്‍ സ്വിങ്ങറുമായി ബാറ്റ്‌സ്മാനെ വട്ടം കറക്കും.
ഇന്ത്യയുടെ ബെസ്റ്റ് ടി20 11
സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്