ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീം നേരെ പറക്കുന്നത് ബംഗ്ലാദശിലേക്കാണ്. രണ്ടു വൈറ്റ് ബോള്‍ പരമ്പരകളാണ് അവിടെ മെന്‍ ഇന്‍ ബ്ലൂസിനെ കാത്തിരിക്കുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20യും ടീം അവിടെ കളിക്കും. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌കാഡുകളെ അടുത്ത മാസം പ്രഖ്യാപിക്കാനാണ് സാധ്യത.
ആഗസ്റ്റ് 17നാണ് ഏകദിന പരമ്പരയുടെ തുടക്കം. ശക്തമായ സംഘത്തെ തന്നെ ബംഗ്ലാദേശിലേക്കു ഇന്ത്യ അയക്കാനാണ് സാധ്യത. ഇന്ത്യയുടെ 17 അംഗ സാധ്യതാ ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാര്‍
ക്യാപറ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കില്ല. കാരണം ദീര്‍ഘകാലമായി തന്നെ വലച്ചുകൊണ്ടിരിക്കുന്ന പരിക്കില്‍ നിന്നും മുക്തനാവുന്നതിനായി അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനാവുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശസ്ത്രക്രിയ നടത്തിയാല്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും രോഹിത് വിശ്രമം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്.
ഈ കാരണത്താല്‍ തന്നെ ഏകദിന പരമ്പരയില്‍ ഹിറ്റ്മാന്‍ കളിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുക വൈസ് ക്യാപ്റ്റന്‍ കൂടിയായ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലായിരിക്കും. രോഹിത്തിനു പകരം ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങുക യശസ്വി ജയ്‌സ്വാളായിരിക്കും. ടി20, ടെസ്റ്റ് എന്നിവയ്്ക്കു പിന്നാലെ ഏകദിനത്തിലും തന്റെ സാന്നിധ്യം ഗില്ലിനു അരക്കിട്ടുറപ്പിക്കാന്‍ ലഭിക്കുന്ന അവസരമായിരിക്കും ഇത്.
ടീമിലെ മൂന്നാം ഓപ്പണറായെത്തുക യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനായിരിക്കും. ഏകദിനത്തിലും ടി20യിലും നേരത്തേ കളിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഏകദിനത്തില്‍ സായ് നേടിയിട്ടുണ്ട്. ബംഗ്ലാദേശ് പര്യടനം ഏകദിനത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിന് വേദിയായേക്കും.
മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍
വളരെ ശക്തമായ മധ്യനിരയെയാവും ബംഗ്ലാദശില്‍ ഇന്ത്യ അണിനിരത്തുക. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ടീമിലെ അതേ ലൈനപ്പ് തന്നെ അവിടെയും പ്രതീക്ഷിക്കാം. മൂന്നാം നമ്പറില്‍ പതിവുപോലെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയായിരിക്കും. ടി20ക്കു പിന്നാലെ ടെസ്റ്റും മതിയാക്കിയ അദ്ദേഹത്തെ ഇനി ഏകദിനത്തില്‍ മാത്രമേ കാണാനും സാധിക്കുകയുള്ളൂ.
കോലി കഴിഞ്ഞാല്‍ നാലാമന്‍ മിന്നുന്ന ഫോമിസുള്ള ശ്രേയസ് അയ്യരായിരിക്കും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി കൂടി ഈ പരമ്പരയില്‍ അദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ സൂസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ച് തന്റെ ക്യാപ്്റ്റന്‍ി മികവ് ശ്രേയസ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരുന്നു.
അഞ്ചാമനായി കളിക്കുക കെഎല്‍ രാഹുലായിരിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനം അദ്ദേഹം നേരത്തേ തന്നെ ഉറപ്പാക്കിയതാണ്. ബാക്കപ്പ് കീപ്പറായി റിഷഭ് പന്തിനാവും വിളിയെത്തുക. ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികളുമായി അദ്ദേഹം ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലുമാണ്. അതിനാല്‍ സഞ്ജു സാംസണ്‍ ടീമില്‍ അവസരവും പ്രതീക്ഷിക്കേണ്ട.

ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും അക്ഷര്‍ പട്ടേലിനുമായിരിക്കും ഫസ്റ്റ് ചോയ്‌സ് റോള്‍ ലഭിച്ചേക്കുക. മറ്റൊരു സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും ടീമിലുണ്ടാവുമെങ്കിലും സമീപകാലത്തു അത്ര മികച്ച ഫോമിലല്ലെന്നതു തിരിച്ചടിയാവും. വാഷിങ്ടണ്‍ സുന്ദറായിരിക്കും ടീമിലെ നാലാമത്തെ ഓള്‍റൗണ്ടര്‍.
ബൗളിങ് നിര
ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകള്‍ക്കു ശേഷം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം മുഹമ്മദ് സിറാജായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. കൂട്ടിന് അര്‍ഷ്ദീപ സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെയും കാണാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ടീമിലുണ്ടാവുക കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും.
ഇന്ത്യയുടെ 17 അംഗ സാധ്യതാ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.