ബംഗ്ലാദേശുമായി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. രണ്ടു മിന്നും താരങ്ങളെ തന്റെ ഇലവനില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓസ്‌ട്രേലിയക്കൊപ്പം രണ്ടു തവണ ലോകകപ്പ് വിജയക്കില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ടീം ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇവയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പുറത്തുവിട്ടത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ വളരെ ശക്തമായ സ്‌ക്വാഡിനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇറക്കുന്നത്.

രാഹുലും അക്ഷറും ഔട്ട്
ഒന്നം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെയും മികച്ച ഫോമിലുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും തഴഞ്ഞിരിക്കുകയാണ് ബ്രാഡ് ഹോഗ്. പകരം ആരൊക്കെയാണ് കളിക്കേണ്ടതെന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനിലേക്കു ഞാന്‍ തിരഞ്ഞെടുക്കുന്നവര്‍ ഇവരാണ്. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും തന്നെ ടീമിനു വേണ്ടി ഓപ്പണര്‍മാരായി കളിക്കണം. മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്ലും നാലാമനായി വിരാട് കോലിയുമാണുള്ളത്. അഞ്ചാം നമ്പറിലേക്കു രവീന്ദ്ര ജഡേജയെ പ്രൊമോട്ട് ചെയ്യണം. വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടിയാണിത്.
തുടര്‍ന്നു ഇലവനില്‍ വേണ്ടത് സര്‍ഫറാസ് ഖാനും റിഷഭ് പന്തുമാണ്. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെയാണ് ബൗളിങ് നിരയില്‍ ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഹോഗ്
നിര്‍ദേശിക്കുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടീം
ബംഗ്ലാദേശമായുള്ള ഒന്നാം ടെസ്റ്റിനു വേണ്ടി താന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇലവന്‍ തന്നെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും ബെസ്റ്റെന്നാണ് ബ്രാഡ് ഹോഗിന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലും ഈ ടീമിനു ടെസ്റ്റില്‍ വളരെ നന്നായിട്ട് പെര്‍ഫോം ചെയ്യാന്‍ സാധിക്കും.
ഓസ്‌ട്രേലിയന്‍ പര്യടത്തിനു വേണ്ടി ഇന്ത്യക്കു തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ബംഗ്ലാദേശുമായുള്ള ഈ പരമ്പര അവര്‍ക്കു നല്ലൊരു തുടക്കമായിരിക്കും. ഓസ്‌ട്രേലിയയിലും എന്റെ പ്ലെയിങ് ഇലവനില്‍ കെഎല്‍ രാഹുലിനും അക്ഷര്‍ പട്ടേലിനും സ്ഥാനമില്ലെന്നും ഹോഗ് വ്യക്തമാക്കി.

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. ബൗളിങിനൊപ്പം ബാറ്റിങിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഏറ്റവും അവാനമായി കളിച്ച ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ഡി ടീമിനു വേണ്ടി ഒന്നാമിന്നിങ്‌സില്‍ 80 പ്ലസ് റണ്‍സ് അക്ഷര്‍ കുറിച്ചിരുന്നു
ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അക്ഷറിനുള്ളത്. ഇതിനകം കളിച്ച 14 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 55 വിക്കറ്റുകളാണ്. ഒരു ബാറ്ററെന്ന നിലയിലും അദ്ദേഹം ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു. മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം അക്ഷറിന്റെ സാന്നിധ്യം ബാറ്റിങില്‍ ടീമിനു മുതല്‍ക്കൂട്ടാവാറുണ്ട്.
ഹോഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.