മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. സെപ്തംബര്‍ 19നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.
കഴിഞ്ഞ രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോഴും ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ എന്ത് വിലകൊടുത്തും കപ്പടിക്കാനാണ് ശ്രമിക്കുന്നത്. ഗൗതം ഗംഭീര്‍ എന്ന പരിശീലകന് കീഴില്‍ ഇന്ത്യ ചരിത്ര ട്രോഫിയിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി20യിലും ഏകദിനത്തിലും ഇതിനോടകം അഴിച്ചുപണി നടത്താന്‍ ഗംഭീര്‍ തയ്യാറായിരുന്നു. ടെസ്റ്റ് പരമ്പരയിലും ഇതേ മാറ്റം പ്രതീക്ഷിക്കാം. ബംഗ്ലാദേശിനെതിരേ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടെസ്റ്റ് ടീമിനെ പരിശോധിക്കാം.
ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുണ്ടാവും. രോഹിത്തിനൊപ്പം ഓപ്പണറായി യശ്വസി ജയ്‌സ്വാള്‍ തന്നെയാവും ഉണ്ടാവുക. ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറായേക്കില്ല. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഒഴിച്ചിട്ട സീറ്റില്‍ ശുബ്മാന്‍ ഗില്‍ തുടര്‍ന്നേക്കും. ഓപ്പണറായിരുന്ന ഗില്ലിനെ ഇതിനോടകം ഇന്ത്യ മൂന്നാം നമ്പറിലേക്ക് മാറ്റിയിരുന്നു. ഗംഭീര്‍ ശുബ്മാന്‍ ഗില്ലിനെ പിന്തുണക്കുന്ന പരിശീലകനാണ്.
അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഗില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. നാലാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പാണ്. ടി20യില്‍ നിന്ന് വിരമിച്ച ശേഷം ടെസ്റ്റിലും ഏകദിനത്തിലും കോലി കൂടുതല്‍ ശ്രദ്ധ നല്‍കും. ടെസ്റ്റില്‍ കോലിക്ക് ഇനിയും ഏറെക്കാലം കളിക്കാനാവുമെന്ന് തന്നെ പറയാം. ഗംഭീറുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നതിനാല്‍ത്തന്നെ കോലിക്ക് വലിയ പിന്തുണ ലഭിക്കാനാണ് സാധ്യത കൂടുതലെന്ന് നിസംശയം പറയാം.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കും. ടി20 ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും രാഹുലിന് നിര്‍ണ്ണായക റോളുണ്ട്. ഇന്ത്യയുടെ പ്രധാനപ്പെട്ട മധ്യനിര ബാറ്റ്‌സ്മാന്‍ റോളാവും ടെസ്റ്റില്‍ രാഹുലിന് ലഭിക്കുക. നേരത്തെ ഓപ്പണര്‍ റോളില്‍ തിളങ്ങിയിരുന്ന രാഹുല്‍ സമീപകാലത്തെല്ലാം മധ്യനിരയിലാണ് കളിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനൊപ്പം ആരെന്നതാണ് ചോദ്യം. സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം.
ഇന്ത്യ സര്‍ഫറാസ് ഖാന് അവസരം നല്‍കിയേക്കുമെന്നാണ് വിവരം. സ്പിന്‍ ഓള്‍റൗണ്ടറായി മൂന്ന് പേര്‍ ടീമിലുണ്ടാവും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാകും ടീമിലുണ്ടാവുക. ഗംഭീര്‍ കുല്‍ദീപിനെ തഴയാന്‍ സാധ്യത കുറവാണ്. പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തും. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള ബുംറ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലുണ്ടാവുമെന്നുറപ്പാണ്.
ഇടവേളക്ക് ശേഷം മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തും. പരിക്കേറ്റ് ഏറെ നാളുകളായി വിശ്രമത്തിലുണ്ടായിരുന്ന ഷമി ഇപ്പോള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്, ബംഗ്ലാദേശ് പരമ്പരയില്‍ താരം ടീമിലുണ്ടാവുമെന്നുറപ്പാണ്. പേസ് നിരയില്‍ മുഹമ്മദ് സിറാജും ഉണ്ടാവും. നാലാം പേസറായി മുകേഷ് കുമാറിനും ഇടം ലഭിച്ചേക്കും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നമായതിനാല്‍ പരിഗണിച്ചേക്കില്ല.
സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് ഗംഭീര്‍ വിളി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് നിലവില്‍ സാധ്യതകളില്ലെന്ന് പറയാം. എന്തായാലും ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.