മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി ദുലീപ് ട്രോഫിയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് വിവരം. ന്യൂസീലന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പര, ഓസ്‌ട്രേലിയക്കെതിരായ എവെ ടെസ്റ്റ് പരമ്പര എന്നിവ വരാനിരിക്കെ ബംഗ്ലാദേശ് പരമ്പര ഇന്ത്യക്ക് മികച്ച മുന്നൊരുക്കത്തിനുള്ള അവസരമാണ് നല്‍കുന്നത്.
മുഷീറിന്റെ സ്ഥിരത
ഇന്ത്യ ചില വമ്പന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണെന്നാണ് വിവരം. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറും ദുലീപ് ട്രോഫിയിലെ പ്രകടനത്തെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ മുഷീര്‍ ഖാനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന വിവരം. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പവും കസറുന്നുണ്ട്.
ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മുഷീര്‍ കസറിയിരിക്കുകയാണ്. 181 റണ്‍സുമായി മിന്നിച്ച മുഷീര്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ പണി കിട്ടാന്‍ കൂടുതല്‍ സാധ്യത ശുബ്മാന്‍ ഗില്ലിനാണ്. അതിന് കാരണം ഗില്ലിന്റെ ടെസ്റ്റിലെ കണക്കുകള്‍ തന്നെയാണ്. ഇന്ത്യ അടുത്ത വിരാട് കോലിയെന്ന വിശേഷണം നല്‍കി വളര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ ടെസ്റ്റിലെ താരത്തിന്റെ പ്രകടനം ശരാശരി മാത്രമാണ്.
ഗില്ലിന്റെ ശരാശരി മോശം
25 ടെസ്റ്റ് കളിച്ച ഗില്‍ 35.52 ശരാശരിയില്‍ നേടിയത് 1492 റണ്‍സാണ്. നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വലിയ ഇന്നിങ്‌സ് കളിക്കാന്‍ ഗില്ല് പ്രയാസപ്പെടുകയാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഗില്ലിന് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്താനായിട്ടില്ല. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായി ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. എന്നാല്‍ പുജാരയുടെ പകരക്കാരനാവുക ഗില്ലിന് എളുപ്പമല്ല.

പിടിച്ചുനിന്ന് റണ്‍സുയര്‍ത്തേണ്ട പൊസിഷനാണ് മൂന്നാം നമ്പര്‍. ഈ സ്ഥാനത്ത് കളിച്ച് മുന്നേറുകയെന്നത് ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് വലിയ പ്രയാസമായിരിക്കും. ഓപ്പണര്‍ റോളില്‍ നിന്ന് ഇതിനോടകം മൂന്നാം നമ്പറിലേക്ക് താരം ഇറങ്ങിയിട്ടുണ്ട്. ദുലീപ് ട്രോഫിയിലും ഗില്‍ നിരാശപ്പെടുത്തി. 25 റണ്‍സെടുത്ത താരം ആദ്യ ഇന്നിങ്‌സില്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. മോശം ഫോമിലുള്ള ഗില്ലിനെ തഴയാന്‍ ഗൗതം ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ദുലീപ് ട്രോഫിയില്‍ കസറി
മുഷീര്‍ ടോപ് ഓഡര്‍ താരമാണ്. മൂന്നാം നമ്പറിലാണ് കൂടുതലായും മികവ് കാട്ടുന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് അദ്ദേഹം ദുലീപ് ട്രോഫിയില്‍ കസറിയത്. കൂടാതെ എട്ടാം വിക്കറ്റില്‍ നവദീപ് സൈനിക്കൊപ്പം 205 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടും സൃഷ്ടിക്കാനും മുഷീറിനായി. ഇതിനോടകം പക്വതയോടെ കളിക്കാന്‍ മുഷീറിന് സാധിക്കുന്നുണ്ട്. പിടിച്ചുനിന്ന് വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും മുഷീറിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ടെസ്റ്റിലേക്ക് മുഷീറിനെ വളര്‍ത്തേണ്ടതായുണ്ട്.
രഹാനെക്കും പകരക്കാരന്‍ വേണം
നിലവിലെ സാധ്യത പ്രകാരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ തഴയപ്പെടാനാണ് സാധ്യത. 19കാരനായ മുഷീര്‍ 6 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 529 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു ഇരട്ട സെഞ്ച്വറിയും താരം ഇതിനോടകം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മുഷീറിനെ ഇന്ത്യ വൈകാതെ ടീമിലേക്കെത്തിക്കുന്നതാണ് നല്ലത്. അജിന്‍ക്യ രഹാനെയുടെ പകരക്കാരനേയും ഇന്ത്യക്ക് ആവശ്യമാണ്. മധ്യനിരയില്‍ കെ എല്‍ രാഹുല്‍ രഹാനെയുടെ പകരക്കാരനായേക്കും.
ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും ഈ സീറ്റ് നോട്ടമിടുന്നുണ്ട്. ഇവരെയെല്ലാം മറികടന്ന് മുഷീര്‍ ടീമിലേക്കെത്തുമോയെന്നതാണ് അറിയേണ്ടത്. എന്തായാലും ഇന്ത്യന്‍ ടീമിലേക്ക് വളരാനുള്ള പ്രതിഭയുള്ള താരമാണ് മുഷീറെന്ന കാര്യം നിസംശയം പറയാം.