ലണ്ടന്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 280 റണ്‍സിനാണ് ജയിച്ചത്. രണ്ടാം മത്സരത്തില്‍ മഴമൂലം രണ്ടര ദിവസം മാത്രമാണ് മത്സരം നടന്നത്. എന്നിട്ടും ഏഴ് വിക്കറ്റിന്റെ വിജയം നേടിയെടുക്കാന്‍ ആതിഥേയരായ ഇന്ത്യക്കായി. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാനും ഇന്ത്യക്ക് സാധിച്ചു. ഡബ്ല്യുറ്റിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യ ഫൈനലിനോട് അടുക്കുകയും ചെയ്തു.
ഇന്ത്യ കാണ്‍പൂര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അത്ഭുതകരമായാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ 50 റണ്‍സ് നേടിയ ഇന്ത്യ ടെസ്റ്റിലെ വേഗ 50, 100, 150, 200, 250 എന്നീ റെക്കോഡുകളെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ തോല്‍പ്പിക്കുന്ന ഗാംബോള്‍ ശൈലിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഇന്ത്യയെ പരിഹസിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയത് വൈറലാവുകയാണ്.
ഇന്ത്യ ഇംഗ്ലണ്ട് ശൈലി കോപ്പിയടിച്ചു
ഇന്ത്യ കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ചത് ഇംഗ്ലണ്ടിന്റെ ശൈലി കോപ്പിയടിച്ചാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഇന്ത്യയുടെ ആക്രമണ ബാറ്റിങ് ശൈലി ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് വോണ്‍ അവകാശപ്പെടുന്നത്. 'ആദ്യമേ പറയട്ടെ ഇതൊരു അത്ഭുതകരമായ ടെസ്റ്റ് മത്സരമാണ്. 233 റണ്‍സിന് ബംഗ്ലാദേശ് പുറത്തായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കാഴ്ചവെച്ചതെല്ലാം മനോഹരമായിരുന്നു.
ഇന്ത്യ ബാസ്‌ബോള്‍ ശൈലിയിലേക്കെത്തിയത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. 34.4 ഓവറില്‍ ഇന്ത്യ 285 റണ്‍സടിച്ചു. ഇംഗ്ലണ്ടിനെ കോപ്പിയടിച്ചിരിക്കുകയാണ്' എന്നാണ് വോണ്‍ പറഞ്ഞത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം എത്തിയപ്പോള്‍ ടീമിന്റെ ടെസ്റ്റ് ശൈലി മാറ്റിയിരുന്നു. ആക്രമണോത്സക ബാറ്റിങ് ശൈലിയിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കുന്നത്. ഇത് ബാസ്‌ബോള്‍ ശൈലിയെന്ന നിലയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനെയാണ് ഇപ്പോള്‍ ഇന്ത്യ പിന്തുടര്‍ന്നതെന്നാണ് വോണ്‍ പറയുന്നത്.

ഇന്ത്യക്ക് വ്യക്തമായ പദ്ധതി
ഇന്ത്യയുടെ ടെസ്റ്റ് ശൈലി ആക്രമണോത്സകതയിലൂന്നിയുള്ളതല്ല. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നതാണ് ഇന്ത്യയുടെ രീതി. ഇന്ത്യന്‍ ടീമില്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരാണ് കൂടുതലെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ഇവര്‍ക്ക് കഴിവുണ്ട്. കാണ്‍പൂര്‍ ടെസ്റ്റ് ജയിക്കാന്‍ കടന്നാക്രമണം മാത്രമായിരുന്നു ഇന്ത്യക്ക് മുന്നിലുള്ള വഴി. അതിനായി ഇന്ത്യ ധൈര്യം കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും താരങ്ങളോട് ആക്രമിക്കാനാണ് പറഞ്ഞത്.
വിക്കറ്റ് പോയാലും ആക്രമണം നിര്‍ത്തരുതെന്നും കഴിയുന്നിടത്തോളം ആക്രമിക്കാനുമായിരുന്നു ടീമിന്റെ പദ്ധതി. 50 ഓവറില്‍ 400ലധികം സ്‌കോര്‍ നേടണമെന്നതായിരുന്നു ഇന്ത്യ പദ്ധതിയിട്ടതെന്നാണ് ടീമിലെ താരങ്ങള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയത്. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരെല്ലാം ചേര്‍ന്ന് അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയുടെ പദ്ധതിക്കനുസരിച്ച് മത്സരം എത്തിക്കുകയായിരുന്നു.
ഗംഭീറിന്റെ ഇന്ത്യ ഞെട്ടിക്കുമോ?
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയപ്പോള്‍ ഇന്ത്യക്ക് ആശങ്കകളേറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം അവസാനമായിരിക്കുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും കഴിവുള്ള നിലയിലേക്ക് ഇന്ത്യന്‍ ടീം ഇപ്പോള്‍ മാറിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും സഹതാരങ്ങള്‍ക്ക് ധൈര്യം നല്‍കുന്ന പരിശീലകനാണ് ഗംഭീര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആഗ്രഹിക്കുന്നത് ഇതാണ്. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെ കരുതാം.