ഹൈരാബാദ്: ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു പക്ഷെ മലയാളി താരം സഞ്ജു സാംസണിന്റെ ഈ വര്‍ഷത്തെ അവസാന മല്‍സരത്തിനാവും ശനിയാഴ്ച ഹൈദരാബാദ് വേദിയാവുക. ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാത്തെയും മല്‍സരം അദ്ദേഹത്തിനു അക്ഷരാര്‍ഥത്തില്‍ ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്.
ഒന്നുകില്‍ ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടി ടീമില്‍ സ്ഥാനം നിലനിര്‍ത്തുക, അല്ലെങ്കില്‍ ഇന്ത്യക്കൊപ്പമുള്ള മല്‍സരങ്ങള്‍ തല്‍ക്കാലത്തേക്കു മറക്കുകയെന്ന രണ്ടു ഓപ്ഷനുകളാണ് സഞ്ജുവിനു മുന്നിലുള്ളത്. ഇതില്‍ ഏതായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുകയെന്നാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ചങ്കിടിപ്പോടെ ഉറ്റുനോക്കുന്നത്.
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കുക മാത്രമല്ല ഓപ്പണറുടെ റോള്‍ ലഭിച്ചിട്ടും ഈ സുവര്‍ണാവസരം സഞ്ജുവിനു മുതലാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഫ്‌ളോപ്പായി മാറുകയായിരുന്നു. 29, 10 എന്നിങ്ങനെ സ്‌കോറുകള്‍ക്കാണ് അദ്ദേഹം പുറത്തായത്. ഇനി അവസാന കളിയിലെങ്കിലും സഞ്ജു മിന്നിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

ഇനി അവസരം കടുപ്പം
നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു സഞ്ജു സാംസണിന്റെ കഴിവില്‍ വലിയ വിശ്വാസമാണുള്ളത്. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹം മലയാളി താരത്തിനു വീണ്ടും വീണ്ടും അവസരങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷെ സഞ്ജുവിനു ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.
ബംഗ്ലാദേശിനെതിരേ കഴിഞ്ഞ രണ്ടു കളിയിലും പ്രതീക്ഷ കാത്തില്ലെങ്കിലും അടുത്ത മല്‍സരത്തില്‍ കൂടി അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുമെന്നുറപ്പാണ്. കാരണം നിലവിലെ ടീമില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് റോളില്‍ കളിപ്പിക്കാവുന്ന ഏക താരം സഞ്ജുവാണ്. നേരത്തേ ദേശീയ ടീമിനു വേണ്ടി മാത്രമല്ല, ഐപിഎല്ലിലും അദ്ദേഹം ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.
ശനിയാഴ്ചത്തെ മൂന്നാം ടി20 സഞ്ജുവിനെ സംബന്ധിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനും ഗംഭീറിന്റെ വിശ്വാസം കാക്കാനുമുള്ള അവസാനത്തെ കച്ചിത്തുരുമ്പ് കൂടിയാണ്. ഫിഫ്റ്റിയോ, കിടിലനൊരു സെഞ്ച്വറിയോ കുറിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ഇനി നിലനില്‍പ്പുള്ളൂ. അല്ലെങ്കില്‍ ഗംഭീര്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ മറ്റു ഓപ്ഷനുകളിലേക്കു പോവും.
അടുത്ത മാസം സൗത്താഫ്രിക്കയുമായി ടി20 പരമ്പരയില്‍ കളിക്കാനിരിക്കുകയാണ് ഇന്ത്യ. നാലു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. റിഷഭ് പന്ത് ഈ പരമ്പരയില്‍ കളിക്കുമോയെന്നുറപ്പില്ല. ബംഗ്ലാദേശിനെതിരേ അവസാന ടി20യില്‍ കസറിയാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജുവിനു സീറ്റുറപ്പിക്കാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തിനു പകരം ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളാവും സൗത്താഫ്രിക്കയിലേക്കു പറക്കുക.

ഈ വര്‍ഷത്തെ പ്രകടനം
ഇന്ത്യന്‍ ടീമിനായി ഈ വര്‍ഷം വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലായി സഞ്ജു സാംസണ്‍ ഇതിനകം കളിച്ചത് എട്ടു ടി20 മല്‍സരങ്ങളിലാണ്. ഇവയില്‍ ഏഴിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാനും സാധിച്ചിട്ടുണ്ട്. പക്ഷെ ഒരേയൊരു ഫിഫ്റ്റി പ്ലസ് മാത്രമേ ഇവയില്‍ അദ്ദേഹത്തിനു കുറിക്കാനായിട്ടുള്ളൂ. ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20യിലായിരുന്നു ഇത്. അന്നു 58 റണ്‍സ് സ്‌കോര്‍ ചെയ്താണ് സഞ്ജു പുറത്തായത്.
ഇതു മാറ്റി നിര്‍ത്തിയാല്‍ ഒരു 30 പ്ലസ് സ്‌കോര്‍ പോലും അദ്ദേഹത്തിനു എടുത്തു കാണിക്കാനില്ല. മാത്രമല്ല മൂന്നിങ്‌സുകളില്‍ സഞ്ജു ഡെക്കാവുകയും ചെയ്തു. ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനെതിരേ ബെംഗളൂരുവില്‍ നടന്ന ടി20യിലാണ് സഞ്ജു ആദ്യം കളിച്ചത്. പക്ഷെ അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. അതിനു ശേഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിച്ചെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല.
ലോകകപ്പിനു ശേഷമായിരുന്നു ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം. ഇവയില്‍ ആദ്യ രണ്ടു കളിയും അദ്ദേഹത്തിനു നഷ്ടമായി. മൂന്നാമത്തേതില്‍ പുറത്താവാതെ 12 റണ്‍സാണ് സഞ്ജു നേടിയത്. അടുത്തതില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. അവസാന ടി20യില്‍ ഫിഫ്റ്റിയും കുറിച്ചു.
പിന്നാല ശ്രീലങ്കയുമായുള്ള മൂന്നു ടി20കളിലാണ് സഞ്ജു കളിച്ചത്. ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തെ കളിപ്പിച്ചില്ല. ശേഷിച്ച രണ്ടു ടി20കളിലും താരം ഡെക്കാവുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ വീണ്ടുമൊരു അവസരം സഞ്ജുവിനു ലഭിച്ചിരിക്കുന്നത്.