ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ മോശം ഫോം ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ നെറ്റ്സില്‍ കോലി പതറിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാരയ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെയെല്ലാം നെറ്റ്‌സില്‍ അദ്ദേഹത്തിനു മുട്ടിടിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
നേരത്തേ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സ് മാത്രമെടുത്ത് പുറത്തായ കോലി രണ്ടാമിന്നിങ്‌സില്‍ 17 റണ്‍സിലും വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കോലി. അതിനിടെയാണ് നെറ്റ്‌സില്‍ ടീമംഗങ്ങളെ നേരിടുന്നതിനിടെ അദ്ദേഹം പതറിയിരുക്കുന്നത്.

നെറ്റ്‌സിലെ പ്രകടനം
കാണ്‍പൂരിലെത്തിയ ഇന്ത്യന്‍ ടീം ഇതിനകം തന്നെ രണ്ടാം ടെസ്റ്റിനുള്ള പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. നെറ്റ്‌സില്‍ പരിശീലനത്തിനായി ആദ്യമെത്തിയ താരങ്ങളിലൊരാള്‍ വിരാട് കോലിയായിരുന്നു. പക്ഷെ നെറ്റ്‌സിലെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ക്കെതിരെയെല്ലാം നെറ്റ്‌സില്‍ ഒന്നിലേറെ തവണ കോലിക്കു വെല്ലുവിളി നേരിട്ടു.
ബുംറ ഒരു ഔട്ട്‌സ്വിങറിലൂടെ കോലിയെ ബീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതുകൊണ്ടും തീര്‍ന്നില്ല. ഇതിനു ശേഷവും മൂന്നു തവണ കൂടി അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടു. അതിനു ശേഷമാണ് സ്പിന്നര്‍മാരെ കോലി നേരിട്ടത്.
അവിടെയും കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. മുന്നോട്ടാഞ്ഞ് ചില ഡിഫന്‍സീവ് ഷോട്ടുകള്‍ക്കായി ശ്രമിക്കവെ അദ്ദേഹത്തെ അക്ഷര്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ നേരിടാനും കോലി നന്നായി വിഷമിച്ചു. കുറച്ചു തവണ അദ്ദേഹത്തെ ബീറ്റ് ചെയ്യാനും അശ്വിനായിരുന്നു.
കോലിയുടെ സമീപകാലത്തെ ഫോം
വിരാട് കോലിയുടെ കഴിഞ്ഞ കുറച്ചു മല്‍സരങ്ങളിലെ മോശം ഫോം ഇന്ത്യയെ ശരിക്കും ആശങ്കയിലാക്കിയിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തിനു വിരമിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിലാണ് കോലി അവസാനമായി സെഞ്ച്വറി കണ്ടെത്തിയത്.
അതിനു ശേഷം കളിച്ച ടെസ്റ്റുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഈ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ഫിഫ്റ്റി പോലും കോലി സ്‌കോര്‍ ചെയ്തിട്ടുമില്ല.
ഈ വര്‍ഷം കളിച്ച ടെസ്റ്റുകളില്‍ നിന്നും 20.25 ശരാശരിയില്‍ വെറും 81 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള കടുപ്പമേറിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കവെ കോലിയുടെ മോശം ഫോം ഇന്ത്യക്കു വലിയ തലവേദനയായിരിക്കുകയാണ്.

അടുത്ത മാസം ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. അതിനു ശേഷമാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകള്‍ ഇന്ത്യ കളിക്കാനിരിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കെ യോഗ്യതയുറപ്പിക്കണമെങ്കില്‍ ഇവയിലെ ഫലം ഇന്ത്യക്കു നിര്‍ണായകമാണ്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.