ഹൈദരാബാദ്: ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കൂറ്റന്‍ വിജയവുമായാണ് ഇന്ത്യന്‍ ടീം പരമ്പര 3-0നു തൂത്തുവാരിയത്. 133 റണ്‍സിനു ബംഗ്ലാ കടുവകളെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. 298 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ബംഗ്ലാദേശിനു മറിടക്കുക അസാധ്യമായിരിക്കുമെന്നു ഉറപ്പായിരുന്നു. എത്ര റണ്‍സ് അവര്‍ നേടുമെന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. ഏഴു വിക്കറ്റിനു 164 റണ്‍സില്‍ ബംഗ്ലാദേശിന്റെ റണ്‍ചേസ് അവസാനിക്കുകയും ചെയ്തു.
ഈ മല്‍സരത്തില്‍ ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താതെയാണ് ബംഗ്ലാദേശ് ടീം കീഴടങ്ങിയതെന്നു നിസംശയം പറയാം. എങ്കിലും ഇന്ത്യയുടെ പ്രകടനത്തെ ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സെന്നു പറയാന്‍ സാധിക്കില്ല. ചില പിഴവുകള്‍ ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം വരുത്തിയതായി കാണാന്‍ സാധിക്കും. ഇവ എന്താക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ പിഴവ്
മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ പിഴവ് അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ് എന്നിവരെ ബൗളിങില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നതാണ്. പരമ്പര നേരത്തേ തന്നെ വരുതിയിലാക്കിയതിനാല്‍ അവസാനത്തെ മല്‍സരം ഇന്ത്യക്കു അപ്രസക്തമായിരുന്നു. അതിനാല്‍ തന്നെ പാര്‍ട്ട്‌ടൈം ബൗളര്‍മാരെ ഈ കളിയില്‍ ഇന്ത്യക്കു പരമാവധി ഉപയോഗിക്കാനും സാധിക്കുമായിരുന്നു.
ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയെ ഒരോവര്‍ മാത്രമേ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗള്‍ ചെയ്യിച്ചുള്ളൂ. വിക്കറ്റില്ലാതെ എട്ടു റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയതിനാല്‍ അഭിഷേകിനു 2-3 ഓവറുകളെങ്കിലും ബൗളിങില്‍ ഇന്ത്യക്കു തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാമായിരുന്നു.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ടീമിലുണ്ടായിരുന്നെങ്കിലും ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഈ പരമ്പരയില്‍ ബാറ്റിങില്‍ താരത്തെ ഇന്ത്യ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. അതിനാല്‍ ബൗളിങില്‍ പരാഗിനു കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ നല്‍കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ താരത്തിനു അതു ലഭിച്ചില്ലെന്നു കാണാം.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും അവസാന കളിയില്‍ ബൗളിങില്‍ ഇന്ത്യ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ഒരോവര്‍ മാത്രമാണ് മല്‍സരത്തില്‍ അദ്ദേഹത്തിനു നല്‍കിയത്. നാലു റണ്‍സിനു ഒരു വിക്കറ്റും വാഷിങ്ടണ്‍ വീഴ്ത്തി. പക്ഷെ അതിനു ശേഷം താരത്തെക്കൊണ്ട് ഇന്ത്യന്‍ നായകന്‍ സൂര്യ ബൗള്‍ ചെയ്യിച്ചതുമില്ല.
ഇന്ത്യ നല്‍കിയ 298 റണ്‍സെന്ന വിജയലക്ഷ്യം ബംഗ്ലാദേശിനു ചേസ് ചെയ്യാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പായിരുന്നു. അതിനാല്‍ ടീമിലെ യുവ ബൗളര്‍മാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു ഇത്. പക്ഷെ അതു മുതലാക്കാന്‍ നായകായ സൂര്യ ശ്രമിച്ചില്ലെന്നു കാണാം.

രണ്ടാമത്തെ പിഴവ്
ഇന്ത്യന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്നതാണ്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 59 റണ്‍സാണ് പവര്‍പ്ലേയില്‍ ഇന്ത്യ വിട്ടുനല്‍കിയത്. ആദ്യ ഓവറില്‍ മായങ്ക് യാദവ് അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തെങ്കിലും പിന്നീട് റണ്ണൊഴുകി. ഹാര്‍ദിക് പാണ്ഡ്യയുടെ രണ്ടാം ഓവറില്‍ 12 റണ്‍സ് ബംഗ്ലാദേശിനു ലഭിച്ചു. അഞ്ചാമത്തെ ബോളില്‍ ഒരു ക്യാച്ച് വാഷിങ്ടണ്‍ സുന്ദര്‍ പാഴാക്കുകയും ചെയ്തു.
മായങ്കിന്റെ മൂന്നാമത്തെ ഓവറില്‍ 18 റണ്‍സാണ് ബംഗ്ലാദേശിനു ലഭിച്ചത്. വാഷിങ്ടണിന്റെ നാലാം ഓവറില്‍ നാലു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ നിതീഷ് റെഡ്ഡിയെറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ചു ഫോറുകളടക്കം 20 റണ്‍സാണ് അവര്‍ വാരിക്കൂട്ടിയത്.
അടുത്ത ഓവര്‍ രവി ബിഷ്‌നോയ് മെയ്ഡനാക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തു. പവര്‍പ്ലേയില്‍ കുറേക്കൂടി മികച്ച പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു നടത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ പന്തെറിഞ്ഞ പലരും റണ്‍സ് വാരിക്കോരി നല്‍കുകയാണ് ചെയ്തത്.