ഡല്‍ഹി: വമ്പന്‍ ജയവുമായി ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ 2-0ന്റെ അഭേദ്യമായ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഡല്‍ഹിയില്‍ നടന്ന രണ്ടാമങ്കത്തില്‍ 86 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. നേരത്തേ ഗ്വാളിയോറിലെ ആദ്യ കളിയില്‍ ഏഴു വിക്കറ്റിനും എതിരാളികളെ ഇന്ത്യ മുക്കിയിരുന്നു.
തുടക്കത്തില്‍ അല്‍പ്പമൊന്നു പതറിയതിനു ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. നിതീഷ് കുമാറിന്റെ (74) കന്നി ഫിഫ്റ്റിയും റിങ്കു സിങിന്റെ (53) പ്രകടനവും ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. പിന്നീട് ബൗളര്‍മാരും ദൗത്യം ഭംഗിയാക്കിയതോടെ ബംഗ്ലാദേശ് ടീം നിഷ്പ്രഭാരാവുകയും ചെയ്തു.
ഈ മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ഏറെ കൈയടി നേടിയിരുന്നു. എന്നാല്‍ രണ്ടു പിഴവുകള്‍ ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളതായി കാണാം. ഒരു നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

മാസ്റ്റര്‍ സ്‌ട്രോക്ക് എന്ത്?
രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഏറ്റവം മികച്ച മാസ്റ്റര്‍ സ്‌ട്രോക്ക് തങ്ങളുടെ ഓള്‍റൗണ്ടര്‍മാരെ ബൗളിങില്‍ ഏറ്റവും നന്നായി ഉപയോഗിച്ചുവെന്നതാണ്. 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ബംഗ്ലാദേശ് ഒരിക്കലും ചേസ് ചെയ്യാന്‍ പോവുന്നില്ലെന്നു ഇന്ത്യക്കു നല്ല ഉറപ്പുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ പരമാവധി പേരെ ബൗളിങിങില്‍ സൂര്യകുമാര്‍ യാദവ് പ്രയോജനപ്പെടുത്തുകയും ചെയ്തു. ഏഴു പേരെയാണ് ബൗളിങില്‍ അദ്ദേഹം പരീക്ഷിച്ചത്. ഇവര്‍ക്കെല്ലാം വിക്കറ്റുകള്‍ ലഭിക്കുകയും ചെയ്തു.
അര്‍ഷ്ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി. വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവരാണ് ഇന്ത്യക്കായി ബൗള്‍ ചെയ്തത്. ഇവരില്‍ നിതീഷും വരുണും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ശേഷിച്ചവര്‍ക്കെല്ലാം ഓരോ വിക്കറ്റും ലഭിച്ചു. നിതീഷ് പവര്‍പ്ലേയില്‍ രണ്ടോവര്‍ എറിഞ്ഞ ശേഷം പിന്നീട് ഡെത്ത് ഓവറില്‍ ശേഷിച്ച ഓവറുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
അഭിഷേകിനെയും പരാഗിനെയും പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ പരീക്ഷിച്ചത്. ആദ്യ കളിയില്‍ രണ്ടു പേരും ബൗള്‍ ചെയ്തിരുന്നില്ല. ബാറ്റിങില്‍ മാത്രമല്ല ഭാവിയില്‍ ബൗളിങിലും ടീമിനു മികച്ച സംഭാവനകള്‍ നല്‍കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു ഇരുവരും കാണിച്ചു തരികയും ചെയ്തു.
ആദ്യത്തെ പിഴവ്
ഇന്ത്യന്‍ ടീം കാണിച്ച ആദ്യത്തെ പിഴവ് മുന്‍നിര ബാറ്റര്‍മാര്‍ പിച്ചിന്റെ സാഹചര്യം മനസ്സിലാക്കാതെ ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിഞ്ഞുവെന്നതാണ്. സഞ്ജു സാംസണ്‍ (10), അഭിഷേക് ശര്‍മ (15), നായകന്‍സൂര്യകുമാര്‍ യാദവ് (8) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ബംഗ്ലാദേശ് ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ സ്ലോ ബോളുകളും കട്ടറുകളുമെറിഞ്ഞ് ഇന്ത്യന്‍ മുന്‍നിരയെ കുഴപ്പത്തിലാക്കുകയായിരുന്നു.

അഭിഷേക് പതിവുപോലെ തുടക്കം മുതല്‍ കടന്നാക്രമിക്കാനാണ് തുനിഞ്ഞത്. തന്‍സിം ഹസനെതിരേ രണ്ടു തവണ ശ്രമം പാളിയിട്ടും അദ്ദേഹം വീണ്ടും ഇതേ ഷോട്ടിവു ഷോട്ടിനു തുനിയുകയും ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയും ചെയ്തു.
സഞ്ജുവും സൂര്യയും ഒരേ രീതിയിലാണ് പുറത്തായത്. ഓഫ് സൈഡിലെ ഫീല്‍ഡര്‍മാര്‍ക്കു മുകളിലൂടെ ഷോട്ട് പായിക്കാനാണ് ഇരുവരും ശ്രമിച്ചത്. പക്ഷെ സ്ലോ ബോളില്‍ കെണിയില്‍ കുരുങ്ങുകയും അനായാസ ക്യാച്ച് സമ്മാനിക്കുകയും ചെയ്തു.
രണ്ടാമത്തെ പിഴവ്
ഇന്ത്യന്‍ ടീം കാണിച്ച രണ്ടാമത്തെ പിഴവ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെ ബാറ്റിങ് മികവ് വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല എന്നതാണ്. ഏഴാം നമ്പറിലാണ് അദ്ദേഹത്തെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. തുടരെ രണ്ടാമത്തെ കളിയിലാണ് പരാഗിനെ ബാറ്റിങില്‍ ഇന്ത്യ താഴേക്കിറക്കിയത്. നേരത്തേ ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ പോലും അവസരം ലഭിച്ചില്ല.
കഴിഞ്ഞ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ വീണ ശേഷം പരാഗിനെ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. അഞ്ചമനായെത്തിയ റിങ്കു സിങ് (53) ഈ റോള്‍ ഭംഗിയാക്കിയെങ്കിലും പരാഗാണ് ഈ പൊസിഷനില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നത്. ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടിയാണ് റിങ്കുവിനെ ഇന്ത്യ നേരത്തേ അയച്ചതെന്നു വ്യക്തമാണ്
ഈ തരത്തില്‍ ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഭാവിയില്‍ ടീമിനു തിരിച്ചടിയായേക്കും. താരങ്ങള്‍ക്കു അവര്‍ക്കു അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കേണ്ടതു പ്രധാനമാണ്. നാല്- അഞ്ച് പൊസിഷനുകളാണ് പരാഗിനു ഏറ്റവും ബെസ്റ്റ്. അതുകൊണ്ടു തന്നെ ഇവ നല്‍കി ബാറ്റിങില്‍ അദ്ദേഹത്തെ വളര്‍ത്തിയെടുക്കാന്‍ ടീം ശ്രദ്ധിക്കേണ്ടതുണ്ട്.