മുംബൈ: സൂര്യകുമാര്‍ യാദവിനെ നായകനാക്കി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള വളരെ അഗ്രസീവായ ടീമിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു പുതുമുഖ താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്.
സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡി, പേസര്‍മാരായ ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. എന്നാല്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന ചിലര്‍ തഴയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടേണ്ടിയിരുന്ന ചില താരങ്ങള്‍ ആരൊക്കയാണെന്നു നമുക്കു നോക്കാം.

തിലക് വര്‍മ
ഇന്ത്യയുടെ ഭാവി സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവതാരം തിലക് വര്‍മയ്ക്കു ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഈ വര്‍ഷത്തെ ഐപിഎല്ലിനു ശേഷം പരിക്കു കാരണം തിലക് ഏറെക്കാലം മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള പരമ്പര ഇതിനു നല്ലൊരു വേദിയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തിലക് ഇതിനകം 20 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ താരം കൈയടിയും നേടിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും തിലക് തീര്‍ത്തും അപ്രത്യക്ഷനായിരിക്കുകയാണ്
സമീപകാലത്തെ പരമ്പരകളിലൊന്നും അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. എങ്കിലും തിലകിനു ഇനിയും ദേശീയ ടീമിലേക്കു ശക്തമായി തിരിച്ചുവരാനും ടീമില്‍ സ്ഥാനമുറപ്പിക്കാനും സമയമുണ്ട്. അതുകൊണ്ടു തന്നെ അധികം വൈകാതെ മികച്ചൊരു തിരിച്ചുവരവായിരിക്കും തിലക് ലക്ഷ്യമിടുന്നത്.
ആവേശ് ഖാന്‍
യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ രണ്ടാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഡെത്ത് ഓവറില്‍ ഉജ്ജ്വല ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമടക്കം കളിയുടെ ഏതു ഘട്ടത്തിലും ക്യാപ്റ്റനു ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറാണ് ആവേശ്.
സമീപകാലത്തു ദേശീയ ടീമിനോടൊപ്പം അദ്ദേഹം പല പരമ്പരകളിലും കളിക്കുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ആവേശ് പരിഗണിക്കപ്പെട്ടില്ല. ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ആറു വിക്കറ്റുകളുമായി പേസര്‍ തിളങ്ങുകയും ചെയ്തിരുന്നു.
എന്നിട്ടും എന്തുകൊണ്ട് ബംഗ്ലാദേശിനെതിരേ ആവേശ് തഴയപ്പെട്ടുവെന്നതാണ് ചോദ്യം. മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും മൂന്നു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെയുമാണ് പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പടുത്തിയിരുന്നത്. ഇക്കൂട്ടത്തില്‍ ആവേശും സ്ഥാനമര്‍ഹിച്ചിരുന്നു.

റുതുരാജ് ഗെയ്ക്വാദ്
യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും തഴയപ്പട്ട മൂന്നാമത്തെ താരം. ചൊവ്വാഴ്ച ആരംഭിക്കുന്ന ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നത് അദ്ദേഹമാണ്. ഈ കാരണത്താലാവാം ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും റുതുരാജ് ഒഴിവാക്കപ്പെട്ടതെന്നാണ് സംശയിക്കുന്നത്.
എന്നാല്‍ ഒക്ടോബര്‍ അഞ്ചിനു ദുലീപ് ട്രോഫി അവസാനിക്കും. അതുകൊണ്ടു തന്നെ ടി20 പരമ്പരയിലെ ആദ്യ മല്‍സരം നഷ്ടമായാലും ശേഷിച്ച രണ്ടു കളിയിലും റുതുരാജിനു ഇറങ്ങാം. എന്നിട്ടും അദ്ദേഹത്തെ പരിഗണിച്ചില്ല.
അഭിഷേക് ശര്‍മ മാത്രമേ ഓപ്പണറായി ഇന്ത്യന്‍ സംഘത്തിലുള്ളു. അദ്ദേഹത്തിന്റെ പങ്കാളിയായി ഇന്ത്യക്കു കളിപ്പിക്കാവുന്ന താരമായിരുന്നു റുതുരാജ്. എന്നിട്ടും അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. സമീപകാലത്തു ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം റുതുരാജ് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.