ഗ്വാളിയോര്‍: ബംഗ്ലാദേശുമായി ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പര ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. കഴിവ് തെളിയിക്കുന്നതിനൊപ്പം കോച്ച് ഗൗതം ഗംഭീറിന്റെ പ്രീതി പിടിച്ചുപറ്റാനും ഇവര്‍ക്കു ലഭിക്കുന്ന മികച്ച അവസരമായിരിക്കും ഇത്. സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്.
ടെസ്റ്റില്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിട്ടുള്ള താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതാണ് കൂടുതല്‍ യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കുമെല്ലാം പരമ്പരയിലേക്കു വഴി തുറന്നിരിക്കുന്നത്. ഇവരില്‍ ചില താരങ്ങളെ ഗംഭീര്‍ ഏറെ ശ്രദ്ധിക്കുമെന്നുറപ്പാണ്.
ഈ പരമ്പയില്‍ ലഭിക്കുന്ന അവസരങ്ങള്‍ നന്നായി മുതലെടുക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ അവസരങ്ങളും ഇവരെ തേടിയെത്തും. ടി20 പരമ്പരയില്‍ ഗംഭീര്‍ ഏറ്റവുമധികം ശ്രദ്ധിക്കാനിടയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മായങ്ക് യാദവ്
പുതുമുഖ ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ മായങ്ക് കൈയടി നേടുകയും ചെയ്തു. 150 കിമിക്കു മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞതോടെയാണ് അദ്ദേഹത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
മികച്ച വേഗതയ്‌ക്കൊപ്പം ബൗളിങിലെ കണിശതയും മായങ്കിനെ അപകടകാരിയാക്കി മാറ്റുന്നു. ഐപിഎല്ലില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ പേസര്‍ക്കു കളിക്കാനായുള്ളൂ. ഇവയില്‍ നിന്നും ഏഴു വിക്കറ്റുകളും വീഴ്ത്തി. പിന്നാലെ പരിക്കു കാരണം മായങ്കിനു പിന്‍മാറേണ്ടി വരികയായിരുന്നു.
ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ശേഷിയുള്ള ബൗളര്‍മാരില്‍ ഒരാളായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരേ മായങ്കിനെ വളര്‍ത്തിയെടുക്കാനായിരിക്കും ഗംഭീറിന്റെ പ്ലാന്‍. ഒപ്പം താരത്തെ പരിക്കേല്‍ക്കാതെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
നിതീഷ് കുമാര്‍ റെഡ്ഡി
കഴിഞ്ഞ ഐപിഎല്ലിലെ മറ്റൊരു കണ്ടെത്തലാണ് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. ഐപിഎല്ലിലെ എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇതാദ്യമായിട്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ ഐപിഎല്ലില്‍ 11 മല്‍സരങ്ങളിലാണ് നിതീഷ് കളിച്ചത്. ഇവയില്‍ നിന്നും 142.90 സ്‌ട്രൈക്ക് റേറ്റോടെ 303 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. കൂടാതെ ബൗളിങില്‍ മൂന്നു വിക്കറ്റുകളും നിതീക്ഷിനു ലഭിച്ചു.
ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്കുണ്ട്. ഈ റോളിലേക്കു ഗൗതം ഗംഭീര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് നിതീഷ്. ബംഗ്ലാേദശിനെതിരേ ബാറ്റിങിനൊപ്പം ബൗളിങിലും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇതു മുതലാക്കാന്‍ നിതീഷ് ശ്രമിക്കേണ്ടതുണ്ട്.

ഹര്‍ഷിത് റാണ
ഇന്ത്യന്‍ പേസ് ബൗളിങിലെ ഭാവി പ്രതീക്ഷകളിലൊരാളായ ഹര്‍ഷിത് റാണയാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കെകെആറിന്റെ കിരീടവിജയത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ ഹര്‍ഷിത്തിനായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹം വീഴ്ത്തിയത്.
ന്യൂബോള്‍ കൊണ്ട് വിക്കറ്റുകളെടുക്കാനുള്ള കഴിവാണ് ഹര്‍ഷിത്തിനെ അപകടകാരിയാക്കുന്നത്. കൂടാതെ ഡെത്ത് ഓവറുകളിലും മികച്ച നിയന്ത്രണത്തോടെ പന്തെറിയാനും വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു.
ഭാവിയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പിന്‍ഗാമിയായി ഉയര്‍ന്നുവരാന്‍ ഹര്‍ഷിത്തിനു സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീര്‍ വിലയിരുത്തുമെന്നും ഉറപ്പാണ്.