ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു അടുത്ത ഞായറാഴ്ചയാണ് (ഒക്ടോബര്‍ ആറ്) ഗ്വാളിയോറില്‍ തുടക്കമാവുന്നത്. സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. ബംഗ്ലാദേശ് ടീമിനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ടി20 പരമ്പര തൂത്തുവാരി ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും സൂര്യയുടെയും സംഘത്തിന്റെയും ലക്ഷ്യം.
എന്നാല്‍ ടെസ്റ്റ് പരമ്പര ഇതിനകം കൈവിടുമെന്നുറപ്പായ ബംഗ്ലാദേശ് ടി20യില്‍ കണക്കുതീര്‍ക്കാനായിരിക്കും ശ്രമിക്കുക. നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിനു ടി20യില്‍ വമ്പന്‍ അട്ടിമറി കുറിക്കാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ബംഗ്ലാ കടുവുകളെ സംബന്ധിച്ച് ഇതു അസാധ്യമായ കാര്യമല്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമിനു ചില ദൗര്‍ബല്യങ്ങളുണ്ട്. ഇതു മുതലാക്കാന്‍ കഴിഞ്ഞാല്‍ ബംഗ്ലാ ടീമിനു ചരിത്രം കുറിക്കാം. എന്തൊക്കെയാണ് ടീം ഇന്ത്യയുടെ വീക്ക്‌നെസുകളെന്നു നോക്കാം.

സന്തുലിതമല്ലാത്ത ടീം
ഇന്ത്യന്‍ ടീം അത്ര സന്തുലിതമല്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ മാത്രമേയുള്ളൂവെന്നത് വലിയ പോരായ്മയാണ്. മാത്രമല്ല ടീമിലെ ഭൂരിഭാഗം പേരും മധ്യനിര ബാറ്റര്‍മാരുമാണ്. സാധാരണയായി ഒരു പരമ്പരയ്ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ തീര്‍ച്ചയായുമുണ്ടാവും. കൂടാതെ ഇവര്‍ക്കൊപ്പം ബാക്കപ്പ് ഓപ്പണറും സംഘത്തിലുണ്ടാവാറുണ്ട്.
പക്ഷെ ഇപ്പോള്‍ തിരഞ്ഞെടുത്ത ടീമിലെ ഏക ഓപ്പണര്‍ യുവതാരം അഭിഷേക് ശര്‍മ മാത്രമാണ്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരെ കളിപ്പിക്കുമെന്നു പോലും വ്യക്തമല്ല. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്‌തേക്കുകയെന്നു റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷെ അദ്ദേഹത്തിന്റെ യഥാര്‍ഥ ബാറ്റിങ് പൊസിഷന്‍ ഇതല്ല. മൂന്ന്, നാല് നമ്പറുകളിലാണ് സഞ്ജു സ്ഥിരമായി കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ ടി20 പരമ്പരയില്‍ അദ്ദേഹത്തിനു ഓപ്പണിങില്‍ എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്നതും സംശയമാണ്.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ ഒരു ടി20യില്‍ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിച്ചിരുന്നെങ്കിലും ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. ബംഗ്ലാദേശിനെതിരേയും അദ്ദേഹം ഓപ്പണിങില്‍ ഫ്‌ളോപ്പാവാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയും ഇതു പിന്നീട് ക്രീസിലെത്തുന്ന ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
ദുര്‍ബലമായ മധ്യനിര
ടി20 പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിര അത്ര ശക്തമല്ലെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. നായകന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഒട്ടും തന്നെ മല്‍സരപരിചയം ഇന്ത്യക്കില്ല. അതു കൊണ്ടു തന്ന തുടക്കത്തില്‍ സൂര്യയടക്കം രണ്ടോ, മൂന്നോ പേര്‍ പുറത്തായാല്‍ ആര് ആങ്കറുടെ റോള്‍ ഏറ്റെടുത്ത് അവസാനം വരെ ക്രീസില്‍ നില്‍ക്കുമെന്നത് ചോദ്യമാണ്. റുതുരാജ് ഗെയ്ക്വാദ് ഇതിനു കെല്‍പ്പുള്ള താരമായിരുന്നു. പക്ഷെ അദ്ദേഹം ടീമില്‍ നിന്നും തഴയപ്പെട്ടു.
ഹാര്‍ദിക് മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുന്നയാളാണെങ്കിലും അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കു കഴിയും? റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരൊന്നും ആങ്കറുടെ റോളില്‍ അത്ര വിശ്വസ്തരല്ല. ഇന്ത്യയുടെ ഈ ദൗര്‍ബല്യം മുതലാക്കാന്‍ സാധിക്കുന്ന ബൗളര്‍മാരും ബംഗ്ലാദേശ് ടീമിലുണ്ടാവും.

മൂര്‍ച്ചയില്ലാത്ത പേസ് ബൗളിങ്
ഇന്ത്യന്‍ പേസ് ബൗളിങിലെ മൂര്‍ച്ചയില്ലായ്മയാണ് ബംഗ്ലാദേശിനു വിജയപ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവരൊന്നും ടി20 പരമ്പരയില്‍ കളിക്കുന്നില്ല. അര്‍ഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യന്‍ ബൗളിങ് ലൈനപ്പില്‍ കുറച്ചെങ്കിലും അനുഭവസമ്പത്തുള്ള താരം. ഹര്‍ഷിത് റാണയും മായങ്ക് യാദവും ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
അര്‍ഷ്ദീപ് ബൗളിങില്‍ ഫ്‌ളോപ്പാവുകും നന്നായി റണ്‍സ് വഴങ്ങുകയും ചെയ്താല്‍ പകരം ആരെ വച്ച് ബംഗ്ലാദേശിനെ പിടിച്ചുകെട്ടുമെന്നതാണ് ചോദ്യം. ഈ സാഹചര്യത്തില്‍ ടീമിനു മുതല്‍ക്കൂട്ടാവാന്‍ ആവേശ് ഖാന്‍ കഴിഞ്ഞേനെ. പക്ഷെ അദ്ദേഹം ടീമിലുമില്ല. പവര്‍പ്ലേയില്‍ നന്നായി പന്തെറിയാറുള്ള അര്‍ഷ്ദീപ് ഡെത്ത് ഓവറുകളില്‍ പലപ്പോഴും റണ്‍സ് വാരിക്കോരി നല്‍കാറുണ്ട്.
അങ്ങനെ വന്നാല്‍ റണ്ണൊഴുക്ക് തടയാന്‍ ഹര്‍ഷിത്തിനും മായങ്കിനം സാധിക്കുമോയെന്നതും സംശയമാണ്. അതിനാല്‍ അര്‍ഷ്ദീപിനെ തുടക്കത്തില്‍ കടന്നാക്രമിച്ച് ഫോമൗാട്ടിക്കിയാല്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്യും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.