ഗാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു ടി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. രാത്രി ഏഴു മുതല്‍ ഗ്വാളിയോറിലെ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇനി ടി20യിലും തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ടെസ്റ്റില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ ലുക്കിലുള്ള ഒരു ടീമിനെയാണ് ടി20യില്‍ ഇന്ത്യ അണിനിരത്തുന്നത്. ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ആരും തന്നെ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടി20 ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ പുതിയൊരു വെല്ലുവിളിയാണ് ടീമിനെ കാത്തിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയിലേറ്റ നാണക്കേടിനു ടി20യില്‍ കണക്കുതീര്‍ക്കാനായിരിക്കും ബംഗ്ലാദേശിന്‍റെ ശ്രമം. ഇന്ത്യയെ ഞെട്ടിക്കാനുള്ള ശേഷി നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാ കടുവകള്‍ക്കുണ്ട്. ചില മികച്ച താരങ്ങളുടെ സാന്നിധ്യം അവരെ അപകടകാരികളാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ത്യയെ ഞെട്ടിച്ച് ടി20 പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കുകയാണെങ്കില്‍ അതിനു കാരണക്കാര്‍ ചില താരങ്ങളായിരിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

തൗഹിദ് റിദോയ്
യുവതാരം തൗഹിദ് റിദോയ് അണ് ടി20 പരമ്പരയില്‍ ഇന്ത്യക്കു ഭീഷണിയാവാന്‍ സാധ്യതയുള്ള ഒരാള്‍. ബംഗ്ലാദേശിന്റെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 23 കാരന്‍. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്മാരായി ബംഗ്ലാദേശ് ചരിത്രം കുറിച്ചപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് സീനിയര്‍ ടീമിനായി റിദോയ് അരങ്ങേറിയത്.
ഏകദിനത്തിലെ അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരേ 92 റണ്‍സുമായാണ് റിദോയ് കസറിയത്. അരങ്ങേറ്റത്തില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. അനായാസം സിക്‌സറുകള്‍ പറത്താനുള്ള ശേഷിയാണ് റിദോയിയെ അപകടകാരിയാക്കുന്നത്. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള അദ്ദേഹത്തിനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോവാനും സാധിക്കും.
ടി20 കരിയറെടുത്താല്‍ ബംഗ്ലാദേശിനായി 29 മല്‍സരങ്ങളിലായി 26 ഇന്നിങ്‌സുകളാണ് റിദോയ് ബാറ്റ് ചെയ്തിട്ടുള്ളത്. 130.81 സ്‌ട്രൈക്ക്‌റേറ്റില്‍ 607 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ടി20 പരമ്പരയില്‍ റിദോയിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായിട്ടില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറിയേക്കുകയും ചെയ്യും.
മഹമ്മുദുള്ള
മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മഹമ്മുദുള്ളയാണ് ടി20 പരമ്പരയില്‍ ഇന്ത്യക്കു ഭീഷണി ആയേക്കാവുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരം. വളരെയധികം അനുഭവസമ്പത്തുള്ള താരമാണ് 38 കാരനായ അദ്ദേഹം. വളരെ പെട്ടെന്നു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുളള താരമാണ് അദ്ദേഹം. ബാറ്റിങിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ മഹമ്മുദുള്ളയ്ക്കു സാധിക്കും.
ബംഗ്ലാദേശിനു വേണ്ടി 138 ടി20 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 127 ഇന്നിങ്‌സുകളില്‍ നിന്നും 117.71 സ്‌ട്രൈക്ക് റേറ്റില്‍ എട്ടു ഫിഫ്റ്റികളടക്കം 2393 റണ്‍സ് മഹമ്മുദുള്ള നേടിക്കഴിഞ്ഞു. അതിനാല്‍ തന്നെ മഹമ്മുദുള്ളയെ എത്രയും വേഗത്തില്‍ പുറത്താവുകയെന്നതായിരിക്കും ടീം ഇന്ത്യയുടെ പ്ലാന്‍.

തന്‍സിം ഹസന്‍ ഷാക്വിബ്
യുവ ഫാസ്റ്റ് ബൗളര്‍ തന്‍സിം ഹസന്‍ ഷാക്വിബാണ് ടി20 പരമ്പരയില്‍ ബംഗ്ലാദേശിന്റെ കുന്തമുനയാവാന്‍ സാധ്യതയുള്ള അടുത്തയാള്‍. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകളെടുത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ബംഗ്ലാദേശിനായി 13 ടി20കളില്‍ മാത്രമേ തന്‍സിം കളിച്ചിട്ടുള്ളൂ. 7.22 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകള്‍ തന്‍സിം വീഴ്ത്തുകയും ചെയ്തു. ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.