ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ 280 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ടെസ്റ്റില്‍ രാഹുലിന്റെ ഭാഗത്തു നിന്നും കാര്യമായ സംഭാവനകളൊന്നും തന്നെ ടീമിനു ലഭിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 22 റണ്‍സുമായി രാഹുല്‍ ക്രീസിലുള്ളപ്പോള്‍ ഇന്ത്യ ഡിക്ലയറും ചെയ്യുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാനുള്ള അവസരം അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. വളരെ അഗ്രസീവായി രാഹുല്‍ അതിവേഗം സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിക്ലയറേഷന്‍ പ്രഖ്യാപിച്ചത്. ഇതു അല്‍പ്പം കൂടി വൈകിപ്പിച്ചിരുന്നെങ്കില്‍ ഫിഫ്റ്റിയോ, സെഞ്ച്വറിയോ കുറിക്കാന്‍ രാഹുലിനു സാധിച്ചേനെ. എന്നിട്ടും അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ലെന്നാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്‍റ് വിലയിരുത്തുന്നത്.

തിരിച്ചുവരവിനു ശേഷമുള്ള പ്രകടനം
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ കെഎല്‍ രാഹുലിനു പരിക്കേറ്റിരുന്നു. അതിനു ശേഷം അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത് അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയിലൂടെയായിരുന്നു. ആദ്യ റൗണ്ടില്‍ മാത്രമാണ് രാഹുലിനു കളിക്കാനായത്. 37, 57 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ഈ മല്‍സരത്തിനു ശേഷമാണ് ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി രാഹുല്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നത്. പരിക്കില്‍ നിന്നു മോചിതനായി തിരിച്ചെത്തിയ ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രാഹുലിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു അതൃപ്തിയുണ്ടെന്നാണ് ടെലഗ്രാഫ് (Telergraph) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാഹുലിന്റെ ബാറ്റിങ് ശൈലി
കെഎല്‍ രാഹുലിന്റെ ബാറ്റിങ് സമീപനത്തെക്കുറിച്ച് ഒരു സമയത്തു വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പലരും ഇതിനെ ചോദ്യവും ചെയ്തിരുന്നു. എന്നാല്‍ ഇതു പരിഹരിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനും പിന്നീട് രാഹുലിനു സാധിച്ചു. പക്ഷെ ഇപ്പോള്‍ പഴയ വീക്ക്‌നെസ് വീണ്ടും അദ്ദേഹത്തെ വേട്ടയാടുകയാണെന്ന സംശയമാണ് ഉയരുന്നത്.
ദുലീപ് ട്രോഫിയിലെ ആദ്യ കളിയില്‍ ഒന്നാമിന്നിങ്കില്‍ 111 ബോളിലാണ് രാഹുല്‍ 37 റണ്‍സ് സ്‌കോര്‍ ചെയ്തത്. അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങാണ് അന്നു അദ്ദേഹം കാഴ്ചവച്ചത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനോ, മോശം ബോളുകളില്‍ പോലും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാനോ രാഹുല്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ ഈ സമീപനം കാരണം പലരുടെയും നെറ്റി ചുളിക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ രാഹുല്‍ കൂടുതല്‍ മെച്ചപ്പെട്ട ഇന്നിങ്‌സാണ് കളിച്ചത്. 121 ബോളില്‍ 57 റണ്‍സുമായി അദ്ദേഹം തിളങ്ങുകയായിരുന്നു. റണ്‍ചേസില്‍ ടീം 276 റണ്‍സ് പിന്തുടരവെയായിരുന്നു ഈ പ്രകടനം. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസില്‍ പിടിച്ചുനില്‍ക്കുകയെന്നതായിരുന്നു രാഹുലിന്റെ പ്രധാന ദൗത്യം. അതു അദ്ദേഹം മോശമല്ലാതെ നിര്‍വഹിക്കുകയും ചെയ്തു.

ചെന്നൈ ടെസ്റ്റില്‍ ക്ലിക്കായില്ല
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങിസില്‍ ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല കെഎല്‍ രാഹുല്‍ ബാറ്റ് വീശിയത്. മുന്‍നിര ബാറ്റിങ് തകര്‍ന്ന ശേഷം ടീമിനു വലിയൊരു കൂട്ടുകെട്ട് ആവശ്യമായ സമയത്തായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്. പക്ഷെ ടീമിനെ കരകയറ്റാന്‍ രാഹുലിനായില്ല. 52 ബോളില്‍ 16 റണ്‍സ് മാത്രമെടുത്ത് താരം വിക്കറ്റ് കൈവിടുകയായിരുന്നു.
ഒരുപാട് അനുഭവസമ്പത്തുണ്ടായിട്ടും വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ കഴിയാതെ രാഹുല്‍ പുറത്തായതില്‍ വലിയ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും ഭാഗത്തു നിന്നെല്ലാം ഉയരുകയും ചെയ്തു. വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെയും ബാറ്റിങ് സമീപനത്തെയുമെല്ലാം പലരും ചോദ്യവും ചെയ്തു.
രണ്ടാമിന്നിങ്‌സില്‍ 19 ബോളില്‍ നിന്നും നാലു ഫോറുകളടക്കം 22 റണ്‍സ് നേടിയെങ്കിലും രാഹുലിന്റെ ഓവറോള്‍ പ്രകടനത്തിലും ബാറ്റിങ് സമീപനത്തിലുമെല്ലാം ടീം മാനേജ്‌മെന്റ് അസംതൃപ്തരാണ്. അതിനാല്‍ തന്നെ വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റ് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും.
ഇതിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ലെങ്കില്‍ രാഹുലിന്റെ ടീമിലെ സ്ഥാനവും തെറിച്ചേക്കും. നേരത്തേ മധ്യനിരയിലുണ്ടായിരുന്ന ശ്രേയസ് അയ്യരും ടീമിനു പുറത്തായത് മോശം പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു. ഇനി രാഹുലിനും ഈ ഗതി വരുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.