ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെ ഐപിഎല്ലില്‍ കസറിയവരുള്‍പ്പെടെ പല താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം ചില താരങ്ങള്‍ക്കു മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു കോള്‍ ലഭിച്ചേക്കും. അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കവെ ടീമിന്റെ ബെഞ്ച് നിരയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍.
ടീമിലെ പല റോളുകളിലേക്കും ബാക്കപ്പ് താരങ്ങളെ ഇന്ത്യക്കു ആവശ്യമാണ്. അതിനാല്‍ തന്നെ ഇനിയുള്ള പരമ്പരയില്‍ പലരെയും ഗംഭീര്‍ പരീക്ഷിച്ചേക്കുകയും ചെയ്യും. നിലവില്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത ചില കളിക്കാര്‍ക്കു ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

ക്രുനാല്‍ പാണ്ഡ്യ
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിലേക്കു അപ്രതീക്ഷിത കോള്‍ ലഭിക്കാനിടയുള്ള കളിക്കാരിലൊരാള്‍. ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ വരിഞ്ഞുകെട്ടിയാണ് ക്രുനാല്‍ ടീമിന്റെ ഹീറോയായത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
വിരമിച്ച മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സീറ്റ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുയാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് ക്രുനാല്‍. ബൗങിളിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനാവും. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് ക്രുനാല്‍.
ആര്‍സിബിക്കായി ഐപിഎല്ലില്‍ ബാറ്റിങില്‍ വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 109 റണ്‍സാണ് താരം നേടിയത്. ബൗളിങിലായിരുന്നു ക്രുനാല്‍ ഏറ്റവും മികവ് പുലര്‍ത്തിയത്. 15 മല്‍സരങ്ങളില്‍ നിന്നും 8.23 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി.
ഇന്ത്യക്കു വേണ്ടി 19 ടി20കളില്‍ മാത്രമേ ക്രുനാല്‍ കളിച്ചിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികളടക്കം 124 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങിലാവട്ടെ 8.11 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളും വീഴ്ത്തി. 2021ല്‍ ശ്രീലയ്‌ക്കെതിരേയാണ് ക്രുനാല്‍ അവസാനമായി ടി20യില്‍ കളിച്ചത്.
ശ്രേയസ് അയ്യര്‍
സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടി20 ടീമിലെത്താനിടയുള്ള രണ്ടാമത്തെ താരം. ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇപ്പോള്‍ താരത്തിനാവുന്നുണ്ട്.
സ്‌ട്രൈക്ക് റേറ്റിലുണ്ടായ ഇടിവും ഷോര്‍ട്ട് ബോളുകള്‍ക്കെതിരായ ദൗര്‍ബല്യവുമാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ശ്രേയസിനു സ്ഥാനം നഷ്ടമാവാനിടയായ പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു ദൗര്‍ബല്യങ്ങളെയും അദ്ദേഹം മറികടന്നു കഴിഞ്ഞു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള പ്രകടനത്തിലൂടെ ശ്രേയസ് ഇതിനു അടിവരയിടുകയും ചെയ്തു.
ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം പഞ്ചാബിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 50.33 ശരാശരിയില്‍ അടിച്ചെടുത്തത് 604 റണ്‍സാണ്. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണിത്. 175 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ശ്രേസിനുണ്ടായിരുന്നു. ഈ പ്രകടനം ഇന്ത്യന്‍ ടി20 ടീമിലേക്കും അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുക്കിയേക്കും. 2023നു ശേഷം ശ്രേയസ് ടി20 ടീമിന്റെ ഭാഗമായിട്ടില്ല.

കെഎല്‍ രാഹുല്‍
വിക്കറ്റ്കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ് ബംഗ്ലാദേശിനെതിരേ സര്‍പ്രൈസ് കോള്‍ ലഭിച്ചേക്കാവുന്ന മൂന്നാമത്തെയാള്‍. ശ്രേയസ് അയ്യരെപ്പോലെ തന്നെ സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് അദ്ദേഹവും ടീമിനു പുറത്തായത്. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായുള്ള സ്‌ഫോടനാത്മക ബാറ്റിങിലൂടെ രാഹുല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കഴിഞ്ഞു.
13 മല്‍സരങ്ങളില്‍ നിന്നും 149.72 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 539 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും രാഹുലാണ്. ഇതു ടീം ഇന്ത്യയിലേക്കു രണ്ടാം വരവിനു താരത്തെ സഹായിച്ചേക്കുകയും ചെയ്യും.