IND vs BAN: ടി20യില്‍ ഇവര്‍ ഇന്ത്യന്‍ വാട്ടര്‍ബോയ്‌സ്!! ഒരവസരം പോലും കിട്ടില്ല? ആരെല്ലാം
ടെസ്റ്റ് പരമ്പര അവസാനിക്കാനിരിക്കെ ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഇന്ത്യന്‍ ടീം കച്ചമുറുക്കി കഴിഞ്ഞു. പരമ്പരയ്ക്കുള്ള ടി20 ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിവനു കീഴില്‍ യുവനിരയെയാണ് പരമ്പരയില്‍ ഇന്ത്യ അണിനിരത്തുന്നത്. മൂന്നു പുതുമുഖ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിനെ ഇന്ത്യ വില കുറച്ചുകാണാന്‍ തയ്യാറാവില്ല. കാരണം കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ചില മാച്ച് വിന്നര്‍മാര്‍ അവരുടെ സംഘത്തിലുണ്ട്. അതിനാല്‍ തന്നെ പരമ്പരയില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരാനും സാധ്യതയില്ല. ഏറ്റവും മികച്ച പ്ലെയിങ് ഇലവനെയാവും പരമ്പരയില്‍ ഇന്ത്യ ഇറക്കുക.
നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ക്കു ടി20 പരമ്പരയില്‍ ഒരവസരം പോലും ലഭിച്ചേക്കില്ല. ഇന്ത്യയുടെ വാട്ടര്‍ബോയ്സ് ആവാന്‍ സാധ്യതയുള്ള മൂന്നു താരങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ജിതേഷ് ശര്‍മ
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാണ് ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്ത ഒരാള്‍. കഴിഞ്ഞ വര്‍ഷം ടി20യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഉയര്‍ന്നുവന്ന താരമാണ് അദ്ദേഹം. പക്ഷെ ഇപ്പോള്‍ ധ്രുവ് ജുറേലിന്റെ വരവും റിഷഭ് പന്തിന്റെ മടങ്ങിവരവും കാരണം ജിതേഷ് ഏറെ പിന്നിലേക്കു പോയിരിക്കുകയാണ്.
ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം തന്നയായിരിക്കും വിക്കറ്റ് കാക്കുന്നത്. വിക്കറ്റ് കീപ്പിങിനൊപ്പം ഓപ്പണറുടെ റോള്‍ കൂടി സഞ്ജുവിനായിരിക്കും. ഇതു ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനവും ഉറപ്പിക്കുന്നു. അഭിഷേക് ശര്‍മയായിരിക്കും മലയാളി താരത്തിന്റെ ഓപ്പണിങ് പങ്കാളി.
റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ തുടങ്ങി മധ്യനിരയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. അതുകൊണ്ടു തന്നെ ജിതേഷിനെ ഇന്ത്യക്കു ആവശ്യവും വരില്ല. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു ബെഞ്ചിലിരിക്കേണ്ടി വരുമെന്നും ഉറപ്പാണ്.
വരുണ്‍ ചക്രവര്‍ത്തി
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടി20 പരമ്പരയില്‍ ഒരവസരം പോലും ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. 2021ലെ ടി20 ലോകകപ്പിനു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ടീമിന്റെ ഭാഗമായിരിക്കുന്നത്. ടി20 ലോകകപ്പിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു വരുണ്‍ ടീമിനു പുറത്താവുകയായിരുന്നു.
പക്ഷെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അദ്ദേഹത്തെ വീണ്ടും ദേശീയ ടീമിലെത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ സ്പിന്നറുടെ റോളിലേക്കു രവി ബിഷ്‌നോയിക്കും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനുമായിരിക്കും പ്രഥമ പരിഗണന.

ഇന്ത്യയുടെ അവസാന പരമ്പരകളിലെല്ലാം ഇവരാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. ബംഗ്ലാദേശിനെതിരേയും ഈ കോമ്പിനേഷന്‍ തന്നെയാവും ഇന്ത്യ പരീക്ഷിക്കുക. കൂടാതെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി പരീക്ഷിക്കാന്‍ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരുമുണ്ട്. അങ്ങനെ വന്നാല്‍ വരുണിനു ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.
നിതീഷ് കുമാര്‍ റെഡ്ഡി
ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്ന യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അവസരം ലഭിക്കാനിടയില്ലാത്ത മൂന്നാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്.
ഇതേ തുടര്‍ന്നു എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും നിതീഷിനെ തേടിയെത്തിയിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.
ബംഗ്ലാദേശിനെതിരേ ഹാര്‍ദിക്കും ശിവം ദുബെയുമായിരിക്കും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായി പ്ലെയിങ് ഇലവനിലേക്കു വരുന്നത്. അതിനു ശേഷം മാത്രമേ നിതീഷിനെ പരിഗണിക്കാനിടയുള്ളൂ. ഈ കാരണത്താല്‍ തന്നെ പരമ്പരയില്‍ അദ്ദേഹത്തെ കളിപ്പിക്കാനുള്ള സാധ്യതയും തീരെ കുറവാണെന്നു പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications