IND vs BAN: ഓപ്പണറായി സഞ്ജു ഞെട്ടിക്കുമോ? മുന്‍ കണക്കുകള്‍ എങ്ങനെ? എല്ലാം അറിയാം
മുംബൈ: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചത് സഞ്ജു സാംസനാണ്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായെങ്കിലും സഞ്ജുവിന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഗൗതം ഗംഭീര്‍ എന്ന പരിശീലകനും സൂര്യകുമാര്‍ യാദവ് എന്ന ക്യാപ്റ്റനും സഞ്ജുവിനെ പിന്തുണക്കുന്നുണ്ടെന്നതാണ് ഈ അവസരത്തിലൂടെ വ്യക്തമാകുന്നത്.
എന്നാല്‍ ഇത്തവണ സഞ്ജുവിനെ പുതിയ റോളില്‍ കളിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്കെത്തിക്കാനാണ് ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതിയെന്നാണ് വിവരം. അഭിഷേക് ശര്‍മ മാത്രമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍. അതുകൊണ്ടുതന്നെ നിലനില്‍പ്പിന്റെ പോരിനിറങ്ങുന്ന സഞ്ജുവിന് ഇത്തവണ ഓപ്പണര്‍ എന്ന വെല്ലുവിളികൂടി മറികടക്കേണ്ടതായുണ്ട്. ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ മുന്‍ കണക്കുകള്‍ എങ്ങനെയാണെന്ന് പരിശോധിക്കാം.
ഐപിഎല്ലില്‍ ഭേദപ്പെട്ട കണക്ക്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. രാജസ്ഥാനിലൂടെ കളിച്ച് വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. രാജസ്ഥാന് രണ്ട് വര്‍ഷം വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും സഞ്ജു കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഓപ്പണറായി 23 തവണയാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. 559 റണ്‍സ് നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 135 മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഓപ്പണറായി സഞ്ജു നേടിയിട്ടുണ്ട്.
അടിച്ചുതകര്‍ക്കുന്ന ബാറ്റ്‌സ്മാനാണെങ്കിലും ഓപ്പണര്‍ റോളില്‍ അധികം മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം നമ്പറില്‍ മിന്നിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. ഡല്‍ഹിക്കായി സഞ്ജു സെഞ്ച്വറി പ്രകടനം നടത്തിയതടക്കം മികച്ച പ്രകടനം മൂന്നാം നമ്പറില്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഓപ്പണര്‍ റോളില്‍ സഞ്ജുവിന്റെ ഐപിഎല്ലിലെ കണക്കുകള്‍ അത്ര മികച്ചതല്ലെന്നതാണ് വസ്തുത.

ഇന്ത്യക്കൊപ്പവും വലിയ പ്രകടനമില്ല
ഇന്ത്യ ഇതിനോടകം ടി20 ഓപ്പണറായി സഞ്ജുവിനെ പരീക്ഷിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരേ സഞ്ജു ഓപ്പണറായി അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ഓപ്പണറായി ഇറങ്ങിയപ്പോള്‍ 5 റണ്‍സില്‍ പുറത്തായി. സഞ്ജു പിച്ചിനെ മനസിലാക്കി കളിക്കുന്ന താരമല്ല. തന്റെ ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് കടന്നാക്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സഞ്ജുവിന് ഇന്ത്യയുടെ ടി20 ഓപ്പണറെന്ന നിലയില്‍ വലിയ പ്രകടനം നടത്താനായിട്ടില്ല.
ടി20 ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരേ നടന്ന സന്നാഹ മത്സരത്തിലും ഓപ്പണറെന്ന നിലയില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. ന്യൂബോളിലെ ബൗളിങ് മികവ് നേരിട്ട് വലിയ സ്‌കോര്‍ നേടുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണ്. വലിയ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് തുലക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. ഇന്ത്യ സഞ്ജുവിനെ ഓപ്പണറാക്കുന്നത് താരത്തിനും ടീമിനും വലിയ ഗുണം ചെയ്യാന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം.
സഞ്ജുവിന് നിലനില്‍പ്പിന്റെ പരമ്പര
ഏത് ബാറ്റിങ് പൊസിഷനിലായാലും സഞ്ജുവിനെ സംബന്ധിച്ച് ബംഗ്ലാദേശ് ടി20 വളരെ നിര്‍ണ്ണായകമാണ്. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. ഇഷാന്‍ കിഷന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങള്‍ മികച്ചതാണ്. ഇടവേളക്ക് ശേഷം ജിതേഷ് ശര്‍മയെ ഇന്ത്യ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്.
ഇതും സഞ്ജുവിനെ സംബന്ധിച്ച് ഭീഷണിയാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ജിതേഷ് തിളങ്ങിയാല്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. ടീമില്‍ തുടരാന്‍ ബംഗ്ലാദേശ് പരമ്പര സഞ്ജു മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications