ഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്ന ചെന്നൈ ടെസ്റ്റ്. ആദ്യ ഇന്നിങ്‌സില്‍ 39 റണ്‍സെടുത്ത റിഷഭ് രണ്ടാമിന്നിങ്‌സില്‍ 109 റണ്‍സും കുറിച്ചിരുന്നു.
ഇന്ത്യാ ടുഡേയുമായി (India Today) സംസാരിക്കവെയാണ് റിഷഭിനെ ഗില്‍ക്രിസ്റ്റ് പ്രശംസിച്ചത്. വളരെ അഗ്രസീവായി ബാറ്റ് ചെയ്യുന്ന താരമാണ് റിഷഭെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ വിക്കറ്റ് കീപ്പറില്‍ തനിക്കു ഇഷ്ടപ്പെട്ട കഴിവിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.

റിഷഭോ കൂടുതല്‍ അറ്റാക്കിങ് ബാറ്റര്‍?
ലോക ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ വിക്കറ്റ്കീപ്പര്‍മാരില്‍ ഒരാളായാണ് ആദം ഗില്‍ക്രിസ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ തന്നേക്കാള്‍ ആക്രമണകാരിയായ ബാറ്ററാണ് റിഷഭ് പന്തെന്നാണ് ഗില്ലിയുടെ വിലയിരുത്തല്‍.
എന്നേക്കാള്‍ കുറച്ചുകൂടി ആക്രമിച്ചു കളിക്കുന്ന താരമാണ് റിഷഭ് പന്തെന്നു വിശ്വസിക്കുന്നു. ഞാന്‍ ആ സമയത്തു അഗ്രസീവ് ക്രിക്കറ്റാണ് കളിച്ചിരുന്നത്. പക്ഷെ റിഷഭ് വളരെ നിര്‍ഭയനായിട്ടാണ് കാണപ്പെടുന്നത്. അവനില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യം വല്ലപ്പോഴും മാത്രമേ ആക്രമണാത്മക ശൈലിക്കു ബ്രേക്കിടാറുള്ളൂവെന്നതാണ്. കൂടാതെ സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുകയും ചെയ്യുന്നു. അവന്‍ ശരിക്കുമൊരു ക്ലാസ് പ്ലെയറാണെന്നും ഗില്‍ക്രിസ്റ്റ് വിലയിരുത്തി.
കാണികളെ പിടിച്ചിരുത്തുന്നു
റിഷഭ് പന്ത് കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ തമാശരൂപേണ കാര്യങ്ങളെ സമീപിക്കുന്ന ക്രിക്കറ്ററാണെന്നും കാണികളെ സീറ്റില്‍ പിടിച്ചിരുത്താനുള്ള കഴിവുണ്ടെന്നും ആദം ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. പണം മുടക്കി കളി കാണാനെത്തുന്നവരെ ശരിക്കും രസിപ്പിക്കുന്ന ക്രിക്കറ്ററണ് റിഷഭ് പന്ത്. അവന്റെ ക്രിക്കറ്റ് ആസ്വദിക്കാന്‍ ഞാന്‍ വളരെ സന്തോഷത്തോടെ തന്നെ പണം മുടക്കുകയും ചെയ്യും. ഇതു തീര്‍ച്ചയായും വലിയൊരു കഴിവ് തന്നെയാണ്.
റിഷഭ് ഒരു വിന്നറും ദുരന്തത്തെ അതിജീവിച്ചയാളുമാണെന്നു നമുക്കെല്ലാം അറിയാം. അവന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ഒരു ക്ലാസുണ്ടാവും. വളരെ രസികനായ വ്യക്തിയാണ് റിഷഭ്. വളരെ ഗൗരവമുള്ള ഒരു സന്ദര്‍ഭത്തെ എങ്ങനെ രസകരമായി കൊണ്ടുപോവാമെന്നു അവനറിയാമെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

റിഷഭിന്റെ തിരിച്ചുവരവ്
കരിയര്‍ തന്നെ അവതാളത്തിലാക്കിയ പരിക്കിനു ശേഷമാണ് റിഷഭ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 2022 ഡിസംബറില്‍ കാറപകടത്തിലേറ്റ ഗുരുതരമായ പരിക്ക് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു ആരാധകര്‍ ഭയന്നിരുന്നു.
ഒന്നര വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടി വന്ന റിഷഭ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള മടങ്ങിവരവ് പിന്നാലെയുള്ള ഐസിസി ടി20 ലോകകപ്പിലൂടെയായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനായില്ല.
അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളിലാണ് റിഷഭ് കളിച്ചത്. ഇവയിലും ഫിഫ്റ്റിയൊന്നും നേടാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഈ കുറവ് നികത്തിയാണ് ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് കിടിലന്‍ സെഞ്ച്വറി കണ്ടെത്തിയത്. 128 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സിലും അഗ്രസീവ് ഇന്നിങ്‌സാണ് റിഷഭ് കളിച്ചത്. 52 ബോളുകള്‍ നേരിട്ട താരം ആറു ബൗണ്ടറികളോടെയാണ് 39 റണ്‍സിലെത്തിയത്.