ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്കെത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. 144 റണ്‍സിനിടെ ആറ് വിക്കറ്റ് വീണതോടെ വലിയ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ക്കണ്ടു. എന്നാല്‍ ആര്‍ അശ്വിന്റേയും (102*) രവീന്ദ്ര ജഡേജയുടേയും (86*) 195 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഈ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ നാണക്കേടിലേക്ക് പോകുമായിരുന്നു.
ടോപ് ഓഡറില്‍ രോഹിത് ശര്‍മ (6), ശുബ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ മറ്റ് ടോപ് ഓഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴും യശ്വസി ജയ്‌സ്വാള്‍ മികവ് കാട്ടി. 118 പന്ത് നേരിട്ട് 9 ഫോറുള്‍പ്പെടെ 56 റണ്‍സോടെ പൊരുതിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ പ്രകടനം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.
ഗാംഗുലിയെ ഓര്‍മ്മിപ്പിക്കുന്ന ഷോട്ടുകള്‍
ജയ്‌സ്വാളിന്റെ ക്രീസിലെ സ്റ്റാന്റിങ് തന്നെ സൗരവ് ഗാംഗുലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാംഗുലി ഓഫ് സൈഡിന്റെ രാജാവായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ഗാംഗുലിയുടെ ബാറ്റിങ് അഴക് എടുത്തു പറയേണ്ടതാണ്. ഇതുപോലെ തന്നെയാണ് ജയ്‌സ്വാളും സ്പിന്നര്‍മാര്‍ക്കെതിരേ കസറുന്നത്. 'ജയ്‌സ്വാളിന്റെ പ്രകടനം കാണുമ്പോള്‍ എപ്പോഴും ആവേശമാണ്. ഐപിഎല്ലിലെ അവന്റെ പ്രകടനം നോക്കുക.
ഓഫ് സൈഡിലെ അവന്റെ പ്രകടനം കാണുമ്പോള്‍ ദാദയെ (സൗരവ് ഗാംഗുലി) ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ പറയുന്നതുപോലെ ഓഫ് സൈഡിന്റെ രാജാവാണ്. ജയ്‌സ്വാള്‍ അടുത്ത 10 വര്‍ഷം കൂടി കളിച്ചാല്‍ ദാദയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതുപോലെ ജയ്‌സ്വാളിനെക്കുറിച്ചും പറയാന്‍ സാധിക്കും' ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഗാംഗുലി പേസിനേയും സ്പിന്നിനേയും ഓഫ് സൈഡിലൂടെ പറത്താന്‍ അപൂര്‍വ്വ കഴിവുള്ള ബാറ്റ്‌സ്മാനായിരുന്നു. ഇതേ മികവാണ് ഇപ്പോള്‍ ജയ്‌സ്വാളിനുള്ളത്.

സ്പിന്നിനെതിരേ ജയ്‌സ്വാളിന് മോഹ റെക്കോഡ്
സ്പിന്നര്‍മാര്‍ക്കെതിരായ ജയ്‌സ്വാളിന്റെ പ്രകടനം ആരേയും മോഹിപ്പിക്കുന്നതാണ്. ഓഫ് ബ്രേക്കിനെതിരേ 9 ഇന്നിങ്‌സില്‍ നിന്ന് 91.3 ശരാശരിയില്‍ 365 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. നാല് തവണയാണ് ഓഫ് ബ്രേക്ക് ബൗളര്‍മാര്‍ക്കെതിരേ ജയ്‌സ്വാള്‍ പുറത്തായത്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ 10 ഇന്നിങ്‌സില്‍ നിന്ന് 109 ശരാശരിയില്‍ 218 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് തവണയാണ് ജയ്‌സ്വാള്‍ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ പുറത്തായത്.
ലെഗ് ബ്രേക്കിനെതിരേ നാല് ഇന്നിങ്‌സില്‍ നിന്ന് 98 റണ്‍സാണ് യുവതാരം നേടിയത്. ഇതുവരെ ലെഗ് ബ്രേക്കില്‍ അദ്ദേഹം പുറത്തായിട്ടില്ലെന്നതും എടുത്തു പറയണം. സൗരവ് ഗാംഗുലിയെപ്പോലെ ഭാവിയില്‍ ഓഫ് സൈഡിലെ രാജാവായി മാറാനുള്ള പ്രതിഭ ജയ്‌സ്വാളിനുണ്ട്.
ഇന്ത്യയുടെ ഭാവിയിലെ ഇതിഹാസം
ഇന്ത്യയുടെ ഭാവിയിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. 22കാരനായ താരം 9 ടെസ്റ്റ് ഇന്ത്യക്കായി കളിച്ചപ്പോള്‍ 1028 റണ്‍സാണ് പേരിലാക്കിയത്. 70.07 ശരാശരിയില്‍ കളിക്കുന്ന താരം മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ജയ്‌സ്വാള്‍ നിറഞ്ഞാടുകയായിരുന്നു.
പരിക്ക് വേട്ടയാടാതെ ഇരുന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നേട്ടത്തിലേക്ക് ജയ്‌സ്വാളെത്താന്‍ സാധ്യതയുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.