ഇന്ത്യന്‍ ടീം ഒരു മാസത്തിലേറേ നീണ്ട ബ്രേക്കിനു ശേഷം ഈ മാസം വീണ്ടും ക്രിക്കറ്റ് ചൂടിലേക്കു നീങ്ങുകയാണ്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു 19ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരേ തൂത്തുവാരലില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
എന്നാല്‍ അതു പ്രതീക്ഷിച്ചതു പോലെ എളുപ്പമാവില്ലെന്നു ഇന്ത്യക്കു ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്. പാകിസ്താനെതിരേ അവരുടെ നാട്ടില്‍ ബംഗ്ലാ കടുവകള്‍ നേടിയ അട്ടിമറി വിജയമാണ് ഇതിനു കാരണം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പാക് പടയെ തൂത്തുവാരുകയായിരുന്നു ബംഗ്ലാ ടീം. ഇതു രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുള്ള ശക്തമായ മുന്നറിയിപ്പും കൂടിയാണ്. അതിനാല്‍ തന്നെ ബംഗ്ലാ ടീമിനെ ഇനി വില കുറച്ച് കാണുന്നത് മണ്ടത്തരമായിരിക്കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. പക്ഷെ ഇത്തരമൊരു നീക്കം ടീമിനു ക്ഷീണമായേക്കും. ഏറ്റവും ശക്തമായ ഇലവനെ തന്നെ ബംഗ്ലാദേശിനെിരേ അണിനിരത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ഏറ്റവും സുരക്ഷിതമായിട്ടുള്ള പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു നമുക്കു നോക്കാം.
ഓപ്പണിങ് ജോടികള്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ തന്നെ ഇന്ത്യ കളിപ്പിക്കണം. കാരണം ഇന്ത്യക്കു നിലവില്‍ ലഭ്യമായതില്‍ ഏറ്റവും ബെസ്റ്റ് ഓപ്പണിങ് ജോടികള്‍ ഇതു തന്നെയാണ്. സമീപകാലത്തു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് രോഹിത്- ജയ്‌സ്വാള്‍ സഖ്യം കാഴ്ചവച്ചത്.
പിച്ചിന്റെ സ്വഭാവം കൂടി മനസിലാക്കിയുള്ള ബാറ്റിങ് ബംഗ്ലാദേശിനെതിരേ പുറത്തെടുക്കാന്‍ ഈ ജോടി ശ്രദ്ധിക്കേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ ഇരുവരും തുടക്കത്തില്‍ തന്നെ പുറത്താവാനും ഇതു ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയ്ക്കും വഴിയൊരുക്കിയേക്കും.
വിശ്വസിക്കാവുന്ന മധ്യനിര
വിശ്വസിക്കാവുന്ന ഒരു മധ്യനിരയുള്ളത് ടെസ്റ്റില്‍ ഏതു ടീമിനും വളരെ പ്രധാനമാണ്. കാരണം തുടക്കത്തില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ നഷ്ടമായാല്‍ ടീമിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുക മധ്യനിരയ്ക്കാണ്. അതിനാല്‍ തന്നെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള, ഒപ്പം മികച്ച ബാറ്റിങ് ടെക്‌നിക്കുമുള്ള താരങ്ങളെ മധ്യനിരയില്‍ ആവശ്യമാണ്.

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കേണ്ടത് യുവതാരം ശുഭ്മന്‍ ഗില്ലാണ്. ടെസ്റ്റ് കരിയറില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ലെങ്കിലും ഗില്ലിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. നാലാം നമ്പറില്‍ കളിക്കേണ്ടത് ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ്.
അഞ്ചാമനായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെയാണ് ഇന്ത്യ ഇറക്കേണ്ടത്. ഈ റോളിലേക്കു ശ്രേയസ് അയ്യരും രംഗത്തുണ്ടെങ്കിലും അനുഭസമ്പത്തും കണക്കുകളും നോക്കുമ്പോള്‍ ഇന്ത്യക്കു ബെസ്റ്റ് രാഹുലാണ്. ആറാം നമ്പറില്‍ വേണ്ടത് റിഷഭ് പന്താണ്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടതും അദ്ദേഹം തന്നെ. ധ്രുവ് ജുറേലിനു പകരം റിഷഭിനു ഈ റോള്‍ നല്‍കേണ്ടതാണ്. കാരണം ഈ ഫോര്‍മാറ്റിലെ എക്‌സ് ഫാക്ടറാണ് അദ്ദേഹം.
ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര
മൂന്നു ഓള്‍റൗണ്ടര്‍മാര്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ആവശ്യമാണ്. ഇതിനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യക്കു പുറത്തിരുത്താം. പകരം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെ ഇലവനില്‍ ഉള്‍പ്പെടുത്തുകയും വേണം.
എങ്കില്‍ ഒമ്പതാം നമ്പര്‍ വരെ നീളുന്ന ദൈര്‍ഘ്യമേറിയ ബാറ്റിങ് ലൈനപ്പ് ഇന്ത്യക്കു ലഭിക്കുകയും ചെയ്യും. പേസ് നിരയില്‍ ഇന്ത്യ കളിപ്പിക്കേണ്ടത് ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയുമാണ്.