ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു നേരത്തേ അധികമാരും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. രണ്ടു ടെസ്റ്റുകളുടെ പരമ്പര വളരെ അനായാസം ഇന്ത്യ തൂത്തുവാരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രമാകെ മാറിയിരിക്കുകയാണ്. കാരണം പാകിസ്താനെ അവരുട നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ 2-0ന് തൂത്തുവാരിയതോടെ ബംഗ്ലാദേശിനെ എല്ലാവരും ഭയന്നു തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കെതിരേയും സമാനമായൊരു നേട്ടത്തിനാണ് ബംഗ്ലാ കടുവകള്‍ കച്ചമുറുക്കുന്നത്.
ശക്തമായ ബാറ്റിങ്, ബൗളിങ് ലൈനപ്പുള്ള ഇന്ത്യയെ വീഴ്ത്തുകയെന്നത് ബംഗ്ലാദേശിനു വലിയ ചാലഞ്ച് തന്നെയായിരിക്കും. പക്ഷെ അതു അസാധ്യമാണെന്നു പറയാന്‍ കഴിയില്ല. കാരണം പലപ്പോഴും ബംഗ്ലാ ടീമിനെതിരേ പതറിയിട്ടുള്ള ടീമാണ് ഇന്ത്യ. ലോകകപ്പിലുള്‍പ്പപ്പെടെ അവരോടു ഇന്ത്യ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാരണത്താല്‍ തന്നെ വളരെ ശക്തമായ ടീമിനെയാണ് ആദ്യ ടെസ്റ്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനോടു ഇന്ത്യ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങുകയാണെങ്കില്‍ അതിനു കാരണക്കാര്‍ ടീമിലെ ചില താരങ്ങളായിരിക്കും. പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായി മാറാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ശുഭ്മന്‍ ഗില്‍
ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവി ക്യാപ്റ്റനെന്നുമെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഈ പരമ്പരയില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. മൂന്നാം നമ്പറിലാണ് ഗില്‍ ഇന്ത്യക്കായി കളിക്കുക. പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയുടെ സ്ഥാനം തട്ടിയെടുത്താണ് അദ്ദേഹം ഈ റോളില്‍ ചുവടുറപ്പിക്കുന്നത്.
എന്നാല്‍ ബാറ്റിങില്‍ ചില ദൗര്‍ബല്യങ്ങള്‍ ഗില്ലിനെ വേട്ടയാടുന്നുണ്ട്. ഓഫ്സ്റ്റംപിന് വളരെ പുറത്ത് പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറുന്ന ബോളുകളെ എങ്ങനെ കളിക്കണമെന്നു അദ്ദേഹത്തിനു ഇപ്പോഴുമറിയില്ല. മാത്രമല്ല ദുര്‍ബലമായ പ്രതിരോധവും ഗില്ലിന്റെ ദൗര്‍ബല്യമാണ്. ദുലീപ് ട്രോഫിയിലെ ആദ്യ കളിയില്‍ രണ്ടിന്നിങ്‌സിലും അദ്ദേഹത്തെ പുറത്താക്കിയത് നവദീപ് സെയ്‌നിയാണ്.
പാകിസ്താനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് പേസര്‍മാരെ നേരിടുക ഗില്ലിനു കടുപ്പം തന്നെയായിരിക്കും. തന്റെ പതിവു ദൗര്‍ബല്യം തുടര്‍ന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ താരം ഫ്‌ളോപ്പാവാനുള്ള സാധ്യത കൂടുതലാണ്.
മുഹമ്മദ് സിറാജ്
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഫ്‌ളോപ്പാവാനിടയുള്ള രണ്ടാമത്തെ താരം. ഒരു സമയത്തു ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ടെസ്റ്റിലെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്ഥിരം താളത്തിലേക്കു വന്നാല്‍ വളരെ മികച്ച ബൗളറാണ് സിറാജ്. പക്ഷെ തിരിച്ചാണെങ്കില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുമില്ല.
നാട്ടില്‍ കളിച്ചിട്ടുള്ള ടെസ്റ്റില്‍ അത്ര മികച്ച പ്രകടനമല്ല അദ്ദേഹം നടത്തിയിട്ടുള്ളത്. 10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ മാത്രമേ സിറാജിനു വീഴ്ത്താനായിട്ടുള്ളൂ. അവസാനമായി ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ നാലു കളിയിയില്‍ വെറും ആറു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. നാട്ടിലെ ഈ മോശം റെക്കോര്‍ഡ് ബംഗ്ലാദേശിനെതിരേയും സിറാജ് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്കു പണിയാവും.

വിരാട് കോലി
ഈ ലിസ്റ്റിലെ സര്‍പ്രൈസ് താരം ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ മോശം പ്രകടനമാണ് ഇതിനു കാരണം. പ്രത്യേകിച്ചും സ്പിന്നര്‍മാരെ തുണയ്ക്കുന്ന സ്ലോ പിച്ചുകളില്‍ എന്തു ചെയ്യണമെന്നറിയാതെ പലപ്പോഴും പതറുകയാണ് കോലി. ബംഗ്ലാദേശ് ടീമിലെ മികച്ച സ്പിന്നര്‍മാരുടെ സാന്നിധ്യം പരമ്പരയില്‍ അദ്ദേഹത്തിനു കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും.
2021 മുതല്‍ നാട്ടില്‍ കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ 34.47 ശരാശരിയില്‍ 586 റണ്‍സ് മാത്രമേ കോലി നേടിയിട്ടുള്ളൂ. ഇടംകൈയന്‍ സ്പിന്നര്‍മാരാണ് അദ്ദേഹത്തിന്റെ പ്രധാന ഭീഷണി. അവര്‍ക്കെതിരേ വെറും 25 മാത്രമാണ് കോലിയുടെ ബാറ്റിങ് ശരാശരി.