ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോടു ദയനീയമായി പരാജയപ്പെട്ട ബംഗ്ലാദശ് ടീമിനെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍. ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെ ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനാണ് ബംഗ്ലാ ടീമിനെ രോഹിത് ശര്‍മയും സംഘവും നിഷ്പ്രഭരാക്കിയത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെയും സംഘത്തെയും ഇന്ത്യന്‍ ഫാന്‍സ് ട്രോളിയത്.
നേരത്തേ പാകിസ്താനെ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരി ചരിത്രം കുറിക്കാന്‍ ബംഗ്ലാദേശിനായിരുന്നു. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാസത്തിലാണ് അവര്‍ ഇന്ത്യയിലെത്തിയത്.
പാകിസ്താനെതിരേ നടത്തിയതു പോലെയൊരു പ്രകടനം ഇന്ത്യക്കെതിരേയും പുറത്തെടുക്കാന്‍ തങ്ങള്‍ക്കാവുുമെന്നും ബംഗ്ലാ ടീം ആദ്യ ടെസ്റ്റിനു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മല്‍സരത്തില്‍ പൊരുതാന്‍ പോലും കഴിയാതെ നാലാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ബംഗ്ലാദശ് നാണംകെട്ടതോടൊണ് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചത്.

ഇതു പാകിസ്താനല്ല, ടീം ഇന്ത്യ
പാകിസ്താനെ നാണം കെടുത്തിയതു പോലെ ഇന്ത്യക്കെതിരേയും ജയിക്കാമെന്നു ബംഗ്ലാദേശ് കണക്കുകൂട്ടിയത് വലിയ അബദ്ധമാണെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. പാകിസ്താനെ അവരുടെ നാട്ടില്‍ തൂത്തുവാരിയത് ശരിതന്നെ. പക്ഷെ ഇതു ടീം ഇന്ത്യയാണ്. ബംഗ്ലാദേശിനേക്കാള്‍ ശക്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കു പോലും അടുത്ത കാലത്തൊന്നും ഇവിടെ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.
ബംഗ്ലാദേശ് ടീമിന്റെ വെല്ലുവിളി അല്‍പ്പം കടന്നുപോയി. ഇന്ത്യയെ വില കുറച്ചു കണ്ടതിനുള്ള ശിക്ഷയാണ് ചെന്നൈ ടെസ്റ്റിലേറ്റ ദയനീയ പരാജയം. സ്വന്തം നാട്ടില്‍ ഇന്ത്യയെ വീഴ്ത്താനുള്ള യോഗ്യതയൊന്നും ഈ ബംഗ്ലാദേശ് ടീമിനു ഇല്ലെന്നും ആരാധകര്‍ കുറിക്കുന്നു.
പാകിസ്താനില്‍ ടെസ്റ്റ് പരമ്പര ജയിച്ച ശേഷം എന്തായിരുന്നു ബംഗ്ലാദേശ് ടീമിന്റെ അഹങ്കാരം. 150 കിമിക്കു മുകളില്‍ പന്തെറിയുന്ന നഹിദ് റാണ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നയിരുന്നു ആദ്യ ഭീഷണി. കൂടാതെ ബംഗ്ലാദേശിന്റെ ശക്തമായ ബാറ്റിങ് ലൈനപ്പ് ഇന്ത്യന്‍ ബൗളര്‍മാക്കു വെല്ലുവിളിയാവുമെന്നും പലരും ചൂണ്ടിക്കാട്ടി. പക്ഷെ ഒന്നുമുണ്ടായില്ല. റാണ നനഞ്ഞ പടക്കമായപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര ദയനീയമായി കീഴടങ്ങുകയായിരുന്നെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.
ഇന്ത്യയോടു മുട്ടാനുള്ള കരുത്തൊന്നും ബംഗ്ലാദേശ് ടീമിനില്ല. എന്നിട്ടും പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയിലെ അപ്രതീക്ഷിത വിജയം അവരെ അഹങ്കാരികളാക്കി മാറ്റി. ഇതാണ് ആദ്യ ടെസ്റ്റിനുമുമ്പ് ഇന്ത്യയെ വിറപ്പിക്കുമെന്നു വീമ്പിളക്കാന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെയും ചില താരങ്ങളെയും പ്രേരിപ്പിച്ചത്.
പക്ഷെ പാകിസ്താനെ തകര്‍ത്തതു പോലെ ഇന്ത്യയെ വീഴ്ത്തുക സാധ്യമല്ലെന്നു ഇപ്പോള്‍ ബംഗ്ലാ ടീമിനു ബോധ്യമായിട്ടുണ്ടാവും. ഇനി രണ്ടം ടെസ്റ്റും തോറ്റ് കൂടൂതല്‍ നാണംകെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.

അപരാജിത റെക്കോര്‍ഡ്
ചെന്നൈ ടെസ്റ്റിലെ ഗംഭീര ജയത്തോടെ ബംഗ്ലാദേശിനെതിരേ റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ് ഇന്ത്യ. ബംഗ്ലാദേശുമായി ഇതുവരെ ഏറ്റുമുട്ടിയ 14 ടെസ്റ്റുകളിലും ഇന്ത്യന്‍ ടീം പരാജയമറിഞ്ഞിട്ടില്ല. 12 ടെസ്റ്റുകളില്‍ ടീം വിജയം കൊയ്തപ്പോള്‍ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരേ വീണ്ടുമൊരു തുത്തുവാരലിലേക്കാണ് ഇന്ത്യന്‍ ടീം നീങ്ങുന്നത്. 2022ല്‍ അവസാനമായി ബംഗ്ലാദേശില്‍ വച്ച് ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0ന് കൈക്കലാക്കുകയായിരുന്നു.