മുംബൈ: ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പര ഈ മാസം ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള ടീം തിരഞ്ഞെടുത്ത് അടുത്ത ആഴ്ച നടക്കുമെന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൈനല്‍ കളിക്കാന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്.
ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കെ ബംഗ്ലാദേശ് പരമ്പരയിലൂടെ ഇന്ത്യ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടെത്തണം. ഇന്ത്യക്ക് മുന്നിലെ പ്രധാന പ്രശ്‌നങ്ങള്‍ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ പകരക്കാരെ കണ്ടെത്തുകയെന്നതാണ്. പുജാരക്ക് പകരം ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് പദ്ധതിയിടുന്നത്. ഇതിനോടകം മൂന്നാം നമ്പറില്‍ ഗില്ലിന് അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്.
രാഹുല്‍ മോശം ഫോമില്‍
എന്നാല്‍ രഹാനെക്ക് പകരം ആരെന്നത് വലിയ ചോദ്യമാണ്. നിലവില്‍ ഇന്ത്യ കെ എല്‍ രാഹുലിനെയാണ് ആ സ്ഥാനത്ത് കാണുന്നത്. സീനിയര്‍ താരമായ രാഹുല്‍ നേരത്തെ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയ താരമാണ്. എന്നാല്‍ ഇപ്പോള്‍ മധ്യനിരയിലാണ് താരം കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം രാഹുലിനെ കളിപ്പിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് പറയാം. എന്നാല്‍ രഹാനെക്ക് പകരം രാഹുലിനെ കളിപ്പിക്കരുത്. ഇതിന് ചില കാരണങ്ങളുണ്ട്.
ഒന്നാമത്തെ കാര്യം രാഹുലിന്റെ മോശം ഫോമാണ്. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ രാഹുലിനായിട്ടില്ലെന്നതാണ് വസ്തുത. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയിലും രാഹുല്‍ ദുരന്തമായതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയരുന്നു. ഇന്ത്യ എ ടീമിന്റെ ഭാഗമായ രാഹുല്‍ ഒന്നാം ഇന്നിങ്‌സില്‍ 111 പന്തുകള്‍ നേരിട്ട് 37 റണ്‍സാണ് നേടിയത്. നാല് ഫോറുകളാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഇന്ത്യയുടെ പദ്ധതിക്ക് ചേരില്ല
പതിയെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ച രാഹുലിന് പ്രതീക്ഷക്കൊത്ത് റണ്‍സ് നേടാനായില്ല. താരത്തിന്റെ ഫോം മോശമാണെന്ന് പറയാം. രണ്ടാമത്തെ കാര്യം ആത്മവിശ്വാസക്കുറവാണ്. ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങള്‍ വേണമെന്നതാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ രാഹുല്‍ ഈ ശൈലിയിലല്ല കളിക്കുന്നത്. അമിത പ്രതിരോധം കാഴ്ചവെക്കുന്ന താരത്തിന് ഇതിന് ശേഷം വലിയ സ്‌കോറിലേക്കുയരാനും സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ രാഹുലിനെ മധ്യനിരയില്‍ പിന്തുണക്കുന്നത് മണ്ടത്തരമാണ്. ശ്രേയസ് അയ്യരാണ് രഹാനെക്ക് പകരക്കാരനാവാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരു താരം. രഹാനെയെപ്പോലെ ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരമാണ് ശ്രേയസ്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി നായകനായ ശ്രേയസ് ആദ്യ ഇന്നിങ്‌സില്‍ 9 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 44 പന്തില്‍ 9 ഫോറും 1 സിക്‌സുമടക്കം 54 റണ്‍സാണ് നേടിയത്. എന്നാല്‍ ശ്രേയസിന്റെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം തുടരുകയാണ്.

ശ്രേയസിന് ഷോര്‍ട്ട് ബോള്‍ പേടി
ഓസീസ് പരമ്പര ഇന്ത്യ മുന്നില്‍ കാണേണ്ടതിനാല്‍ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ശ്രേയസിനെ പിന്തുണക്കുന്നത് മണ്ടത്തരമാവും. പേസര്‍മാര്‍ക്ക് ആധിപത്യമുള്ള വിദേശ പിച്ചുകളില്‍ ശ്രേയസ് നിരാശപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ശ്രേയസിനേയും ഇന്ത്യക്ക് പിന്തുണക്കാനാവില്ല. നിലവില്‍ സര്‍ഫറാസ് ഖാനെ കളിപ്പിക്കുന്നതാണ് നല്ലത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരമാണ് സര്‍ഫറാസ്.
സര്‍ഫറാസ് കിടിലന്‍
ഇതിനോടകം ഇന്ത്യക്കായി കളിക്കാനും അര്‍ധ സെഞ്ച്വറിയടക്കം നേടി മിന്നിക്കാനും സര്‍ഫറാസിനായിട്ടുണ്ട്. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ ശേഷിയുള്ള താരമാണ് സര്‍ഫറാസ്. കൂടാതെ സ്പിന്നിനേയും പേസിനേയും കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുണ്ട്. വിക്കറ്റ് കീപ്പറായ താരം ഫീല്‍ഡിങ്ങിലും മിന്നിക്കുന്നു. മധ്യനിരയില്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സര്‍ഫറാസിന് സാധിക്കും. അതുകൊണ്ടുതന്നെ രാഹുല്‍, ശ്രേയസ് എന്നിവരെക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് സര്‍ഫറാസാണെന്ന് പറയാം.