ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര വൈകീട്ട് ഗ്വാളിയോറില്‍ നടക്കാനിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ടി20ിയിലും ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യയുടെ പടയൊരുക്കം. യുവനിരയുമായിട്ടാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ പരമ്പര പിടിക്കാന്‍ ഇന്ത്യയിറങ്ങുന്നത്. ആദ്യ കളിയില്‍ ടീമിന്റെ പ്ലെയിങ് ഇലവനെക്കുറിച്ച് സ്‌കൈ നിര്‍ണായക സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
ചെറിയൊരു ബ്രേക്കിനു ശേഷമാണ് ടി20 ഫോര്‍മാറ്റിലേക്കു ഇന്ത്യ തിരിച്ചെത്തുന്നത്. ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരേയും സമാനമായ നേട്ടമാണ് സൂര്യയും സംഘവും സ്വപ്‌നം കാണുന്നത്. മൂന്നു കാര്യങ്ങള്‍ ശരിയായി വരികയാണെങ്കില്‍ ആദ്യ ടി20യില്‍ ഇന്ത്യക്കു അനായാസം ജയിക്കാന്‍ സാധിക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ബാറ്റിങ് ലൈനപ്പിന് ആഴം കൂട്ടണം
ബാറ്റിങിനൊപ്പം പാര്‍ട്ട്‌ടൈം ബൗളര്‍മാരായും ഉപയോഗിക്കാന്‍ സാധിക്കുന്നവരെ കളിപ്പിച്ച് ബാറ്റിങ് നിരയ്ക്കു ആഴം കൂട്ടുകയാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടത്. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന മുന്‍നിര ബാറ്റര്‍മാരെ ഇന്ത്യ കുറച്ചുകാലമായി തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ രണ്ടു യുവതാരങ്ങള്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. അഭിഷേക് ശര്‍മയും റിയാന്‍ പരാഗുമാണ് ബാറ്റിങിലും ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന ഈ താരങ്ങള്‍. ഇതിനകം ദേശീയ ടീമിനായി രണ്ടു പേരും പന്തെറിയുകയും ചെയ്തിട്ടുണ്ട്.
സ്പിന്‍ ബൗളിങ് ഓപ്ഷനുകളായി അഭിഷേകും പരാഗുമുണ്ടെങ്കില്‍ സീം ബൗളിങ് ഓപ്ഷനുകളായി സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും പുതുമുഖം നിതീഷ് കുമാറും ടീമിലുണ്ട്. ഇരുവരും ടീമിലുണ്ടെങ്കില്‍ അതു ബാറ്റിങ് ലൈനപ്പിന്റെ ആഴവും വര്‍ധിപ്പിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ഇന്ത്യ ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യതയില്ല.
മധ്യനിര ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ തിലക് വര്‍മ, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിച്ചേക്കും. പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാല്‍ തിലകിനായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലുള്ളതിനാല്‍ ജിതേഷിനെ ഇന്ത്യക്കു ആവശ്യം വരില്ല.
റിഷാദ് ഹുസൈനെ കൈകാര്യം ചെയ്യണം
ബംഗ്ലാദേശ് ബൗളിങ് നിലയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയേക്കുക യുവ ലെഗ് സ്പിന്നര്‍ റിഷാദ് ഹുസൈനായിരിക്കും. ഈ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അദ്ദേഹം. 7.76 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളെടുത്ത റിഷാദ് വാലറ്റത്തു വമ്പനടികള്‍ക്കു കെല്‍പ്പുള്ള ബാറ്ററും കൂടിയാണ്. ഇത്തരമൊരു താരത്തിനു വേണ്ടിയുള്ള ബംഗ്ലാദേശിന്റെ നീണ്ട കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്.
ബൗളിങിലും ബാറ്റിങിലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന ബംഗ്ലാദേശിന്റെ തുറുപ്പുചീട്ടായി റിഷാദ് മാറിക്കഴിഞ്ഞു. മധ്യഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക അദ്ദേഹമായിരിക്കും. ഇതു മറികടക്കാന്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമായിരിക്കും ഇന്ത്യക്കു മുന്നിലുള്ള ഏറ്റവു നല്ല ഓപ്ഷന്‍. തുടക്കത്തില്‍ തന്നെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച് റിഷാദിനെ ബാക്ക്ഫൂട്ടിലാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായിരിക്കും.

പിച്ചിനെ നന്നായി മനസ്സിലാക്കണം
ആദ്യ ടി20 മല്‍സരത്തിനു വേദിയാവുന്ന ഗ്വാളിയോറിലെ ശ്രീമന്ദ് മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഈ വര്‍ഷമാദ്യം മധ്യപ്രദേശ് പ്രീമിയര്‍ ലീഗിലെ മല്‍സരങ്ങള്‍ നടന്നത് ഇവിടെയായിരുന്നു. വലിയ സ്‌കോറുകള്‍ പിറന്ന മല്‍സരങ്ങളും കണ്ടിരുന്നു.
എന്നിരുന്നാലും ബാറ്റിങില്‍ അമിത അഗ്രസീവായ സമീപനം സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യ സൂക്ഷിക്കണം. അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു എത്ര മാത്രം അനുയോജ്യമാണ് ഇവിടുത്തെ സാഹചര്യങ്ങളെന്നു വ്യക്തമല്ല.കാരണം ദീര്‍ഘകാലമായി ഇവിടെ മല്‍സരങ്ങളൊന്നും നടന്നിട്ടില്ല.
സ്ലോ പിച്ചാണ് ഈ മല്‍സരത്തിനായി തയ്യാറാക്കിയതെങ്കില്‍ അതു ഇന്ത്യക്കു ക്ഷീണമായേക്കും. അതുകൊണ്ടു തന്നെ പിച്ചിനെ നന്നായി മനസ്സിലാക്കിയ ശേഷം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നതായിരിക്കും ഇന്ത്യക്കു ഗുണം ചെയ്യുക.