ബംഗ്ലാദശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനായി വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ ടീം കാണ്‍പൂരിലെത്തുക. വെള്ളിയാഴ്ച മുതലാണ് പരമ്പരയിലെ അവസാനത്തെ മല്‍സരം. ചെന്നൈ ടെസ്റ്റില്‍ വെറും നാലര ദിവസം കൊണ്ടാണ് ടീം ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇനി രണ്ടാമങ്കവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
280 റണ്‍സിന്റെ വിജയമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ടീം ആഘോഷിച്ചത്. പക്ഷെ കാണ്‍പൂരിലേക്കു വരുമ്പോള്‍ കഴിഞ്ഞ ടെസ്റ്റിലെ ഗെയിം പ്ലാനില്‍ ഇന്ത്യ തീര്‍ച്ചയായും ഒരു മാറ്റം വരുത്തേണ്ടതുണ്ട്. മൂനനു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെട്ട പ്ലാനാണ് ഇന്ത്യ ചെന്നൈയില്‍ പരീക്ഷിച്ചത്. പക്ഷെ രണ്ടാം ടെസ്റ്റില്‍ മൂന്നു സ്പിന്നര്‍മാരുള്‍ട്ടെ കോമ്പിനേഷനാണ് ഇന്ത്യക്കു വേണ്ടത്. ഇതു എന്തുകൊണ്ടാണെന്നറിയാം.

കാണ്‍പൂരില്‍ സാഹചര്യം വ്യത്യസ്തം
ആദ്യ ടെസ്റ്റിന്റെ വേദിയായ ചെപ്പോക്കിലെ പിച്ച് തുടക്കത്തില്‍ പേസര്‍മാരെയും പിന്നീട് സ്പിന്നര്‍മാരെയും തുണയ്ക്കുന്നതായിരുന്നു. രണ്ടു പേര്‍ക്കും പിച്ചിന്റെ ആനുകൂല്യം നന്നായി ലഭിക്കുകയും ചെയ്ചിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റിന്റെ വേദിയായ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടുത്തെ പിച്ച് ചെപ്പോക്കിലേതിനേക്കാളും വളരെ സ്ലോയും സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതുമാണ്.
അതുകൊണ്ടു തന്നെ ഒരു എക്‌സ്ട്രാ സ്പിന്നറെ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാവണം. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച മൂന്നു സീമര്‍മാരില്‍ ഒരാള്‍ക്കു പകരമാണ് ഒരു സ്പിന്നറെ ഇന്ത്യ കളിപ്പിക്കണ്ടത്. കാണ്‍പൂരിലെ പിച്ചില്‍ ഇതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും. ഒരു അധിക സ്പിന്നര്‍ വരുമ്പോള്‍ ആകാശ്ദീപിനായിരിക്കും ഒരുപക്ഷെ സ്ഥാനം നഷ്ടമായേക്കുക
ആരെ കളിപ്പിക്കും?
കാണ്‍പൂര്‍ ടെസ്റ്റില്‍ മൂന്നു സ്പിന്നര്‍മാരെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരുമ്പോള്‍ ആരാവും ഈ മൂന്നാമനെന്നതാണ് പ്രധാന ചോദ്യം. നിലവില്‍ രണ്ടു സ്പിന്‍ ഓപ്ഷനുകളാണ് ഇന്ത്യക്കുള്ളത്. ഒരാള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാണെങ്കില്‍ മറ്റൊരാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമാണ്.
രണ്ടു പേരും തികച്ചു വ്യത്യസ്തമായ കഴിവുള്ള താരങ്ങളാണ്. ബൗളിങില്‍ വളരെയധികം വൈിധ്യമുള്ള, ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള ബൗളറാണ് കുല്‍ദീപെങ്കില്‍ അക്ഷര്‍ ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ്.
പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അക്ഷറിനായിട്ടുണ്ട്. ഏറ്റവും അവസാനമായി ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ ഇന്ത്യ ഡി ടീം ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിടവെ 80 പ്ലസ് റണ്‍സുമായി അദ്ദേഹം രക്ഷകനായി മാറിയിരുന്നു.

ബൗളിങില്‍ കുല്‍ദീപിനോളം മിടുക്ക് ഇല്ലെങ്കങ്കിലും ബാറ്റിങ് മിടുക്കിലൂടെ അക്ഷര്‍ ഇതിനെ മറികടക്കുന്നു. അതുകൊണ്ടു തന്നെ കാണ്‍പൂര്‍ ടെസ്റ്റില്‍ ആരെ കളിപ്പിക്കുമെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കും.
നിലവിലെ ലൈനപ്പില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടര്‍മാരായി ഉള്ളതിനാല്‍ അക്ഷറിനെക്കൂടി ടീമിനു ആവശ്യം വരില്ല. പകരം സ്പിന്‍ ബൗളിങിനു കൂടുതല്‍ മൂര്‍ച്ച നല്‍കാന്‍ സാധിക്കുന്നയാളെയാവും ടീമിനു ആവശ്യം. ഈ റോളിലേക്കു ബെസ്റ്റ് കുല്‍ദീപ് തന്നെയാണ്. അതിനാല്‍ തന്നെ അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തെ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.