ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 7 വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49 പന്തുകള്‍ ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 39 റണ്‍സോടെ പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും 29 റണ്‍സുകള്‍ വീതം നേടി തിളങ്ങി.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഒരു പന്ത് ബാക്കി നിര്‍ത്തി ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഇന്ത്യ ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടി തകര്‍പ്പനൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താന്റെ വമ്പന്‍ റെക്കോഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
കൂടുതല്‍ തവണ എതിരാളികളെ ഓള്‍ഔട്ടാക്കി
ടി20യില്‍ എതിര്‍ ടീമിനെ കൂടുതല്‍ തവണ ഓള്‍ഔട്ടാക്കിയ ടീമെന്ന റെക്കോഡിലാണ് ഇന്ത്യ പാകിസ്താനൊപ്പം എത്തിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും 42 തവണയാണ് എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കിയിരിക്കുന്നത്. പാകിസ്താന്‍ ഒറ്റക്ക് തലപ്പത്തിരുന്ന ഈ റെക്കോഡിലേക്കെത്താന്‍ ഇപ്പോള്‍ ഇന്ത്യക്കും സാധിച്ചിരിക്കുന്നു. രണ്ടാം ടി20യില്‍ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്കെത്താനാവും.
ഇന്ത്യയുടെ ബൗളിങ് കരുത്ത് വ്യക്തമാക്കുന്ന നേട്ടമാണിതെന്ന് പറയാം. ജസ്പ്രീത് ബുംറ ഉള്‍പ്പെടെ സീനിയര്‍ ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും വിജയത്തിലേക്കെത്താനും എതിരാളികെ ഓള്‍ഔട്ടാക്കാനും ഇന്ത്യക്ക് സാധിച്ചുവെന്നത് ടീമിന്റെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ ഇന്ത്യയുടെ ബൗളിങ് നിരക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

ഇന്ത്യയുടെ യുവ ബൗളിങ് കരുത്ത് ശക്തം
എല്ലാ ടീമുകളേയും അമ്പരപ്പിക്കുന്ന ബൗളിങ് മികവാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ താരസമ്പത്ത് എല്ലാ എതിരാളികളേയും മോഹിപ്പിക്കുന്നതാണ്. ഐപിഎല്ലിലൂടെ മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന് വരുന്നുണ്ട്. അര്‍ഷ്ദീപ് സിങ്ങിനൊപ്പം അരങ്ങേറ്റക്കാരനായ മായങ്ക് യാദവ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗ പന്തുകള്‍ മികച്ച ലൈനിലും ലെങ്തിലുമെറിയാന്‍ ഇന്ത്യയുടെ യുവ പേസര്‍ക്ക് സാധിക്കുന്നു.
ഹര്‍ഷിത് റാണ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. മികച്ച പേസ് കരുത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നോ നാലോ ടീമുകളെ ഇറക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് ഇന്ത്യയുടേത്. ഇത് അധികം ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത കാര്യമാണ്. ഇന്ത്യയുടെ ബൗളിങ് കരുത്ത് വളര്‍ത്താന്‍ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണെന്ന് തന്നെ പറയാം.
ഇന്ത്യയുടേത് സര്‍വാധിപത്യ ജയം
ബംഗ്ലാദേശ് വലിയ വെല്ലുവിളികളോടെയാണ് പരമ്പരയിലേക്കെത്തിയത്. ആക്രമണ ക്രിക്കറ്റ് കളിക്കുമെന്നും ഇന്ത്യയെ വിറപ്പിക്കുമെന്നെല്ലാം വീമ്പ് പറഞ്ഞാണ് ബംഗ്ലാദേശ് വന്നത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ബംഗ്ലാദേശ് തികഞ്ഞ പരാജയമായിരുന്നു. ഒരു ഘട്ടത്തിലും ഇന്ത്യയെ വിറപ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്തു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യ ടി20 പരമ്പരയാണിത്. ഇതില്‍ത്തന്നെ ഗംഭീരമായി തുടങ്ങാന്‍ ഇന്ത്യക്കായി. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഹോം ടി20 പരമ്പരയാണിത്. ശ്രീലങ്കയെ അവരുടെ മടയില്‍ തകര്‍ത്തുവിട്ട പോരാട്ടവീര്യം ബംഗ്ലാദേശിനെതിരേ സ്വന്തം മണ്ണില്‍ കാട്ടാന്‍ ബംഗ്ലാദേശിന് സാധിച്ചുവെന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.