കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്ര ജയം പ്രതീക്ഷിക്കുകയാണ് ഇന്ത്യ. മഴ വില്ലനായ മത്സരത്തിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രം നടന്നപ്പോള്‍ രണ്ടാം ദിനവും മൂന്നാം ദിനവും പൂര്‍ണ്ണമായും മഴ മത്സരം നഷ്ടപ്പെടുത്തി. നാലാം ദിനം മത്സരം നടന്നപ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 9 വിക്കറ്റിന് 285 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
52 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങേണ്ടി വന്ന സന്ദര്‍ശകര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 26 റണ്‍സിന് പിന്നിലാണ് ബംഗ്ലാദേശ്. ഒരു ദിവസം മാത്രം ശേഷിക്കെ അവിശ്വസനീയ ജയമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. വിജയത്തിനായി കടന്നാക്രമിച്ച് കളിച്ച ഇന്ത്യ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി. 85 വര്‍ഷത്തെ ചരിത്രം തിരുത്തി വമ്പനൊരു നേട്ടം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അത് എന്താണെന്ന് നോക്കാം.
ഒരു മെയ്ഡന്‍ ഓവര്‍ പോലുമില്ല
ടെസ്റ്റ് ക്രിക്കറ്റ് പൊതുവേ ക്ലാസിക് ശൈലിയുടേതാണ്. ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ടെസ്റ്റിലേത്. അതുകൊണ്ടുതന്നെ മെയ്ഡന്‍ ഓവറുകള്‍ ടെസ്റ്റിലുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യ ബംഗ്ലാദേശിനെതിരേ കടന്നാക്രമിച്ചാണ് കളിച്ചത്. വിജയം മാത്രം മുന്നില്‍ക്കണ്ട് കളിക്കുന്ന ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 34.4 ഓവറാണ് ബാറ്റ് ചെയ്തത്. 8.22 റണ്‍റേറ്റിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഇതില്‍ ഒരു മെയ്ഡന്‍ ഓവര്‍ പോലും പിറന്നില്ല.
ഇതിനുള്ള അവസരം ഒരുക്കാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കസറിയത്. 85 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു മെയ്ഡന്‍ ഓവര്‍ പോലുമില്ലാതെ ഒരു ടീം ബാറ്റിങ് പൂര്‍ത്തിയാക്കുന്നത്. ചരിത്ര നേട്ടമാണ് ഇന്ത്യ നേടിയെടുത്തതെന്ന് നിസംശയം പറയാം. സമീപകാലത്തൊന്നും ഒരു ടീമിനും നേടിയെടുക്കാന്‍ സാധിക്കാത്ത വമ്പന്‍ നേട്ടമാണ് ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്.

അശ്വിന് ചരിത്ര നേട്ടം
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. നാലാം ദിനം ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സിലെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് അശ്വിനാണ്. ഇതോടെ വമ്പനൊരു റെക്കോഡും അശ്വിന്‍ സ്വന്തം പേരിലാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സീസണില്‍ 52 വിക്കറ്റുമായി അശ്വിന്‍ തലപ്പത്താണ്. 51 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡിന്റെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ 48 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ പേസറായ സഹീര്‍ ഖാന്റെ റെക്കോഡും അശ്വിന്‍ തകര്‍ത്തു. ബംഗ്ലാദേശിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. 33 വിക്കറ്റുകളാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. 31 വിക്കറ്റാണ് സഹീറിന്റെ പേരിലുള്ളത്. ഇഷാന്ത് ശര്‍മ 25 വിക്കറ്റും ഉമേഷ് യാദവ് 22 വിക്കറ്റും ബംഗ്ലാദേശിനെതിരേ വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യക്ക് ജയിക്കാനാവുമോ?
ഇന്ത്യ ചരിത്ര പ്രകടനത്തോടെ വിജയത്തിനായി പൊരുതുകയാണ്. എന്നാല്‍ ഇന്ത്യക്ക് ജയിക്കാന്‍ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ബംഗ്ലാദേശിനെ അഞ്ചാം ദിനത്തിന്റെ ആദ്യ രണ്ട് സെക്ഷനുള്ളില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഇതിന് സാധിക്കാത്ത പക്ഷം ജയം പ്രയാസമാവും. മഴ അഞ്ചാം ദിവസവും ഭീഷണി ഉയര്‍ത്തുന്നു. നാലാം ദിനത്തിന് ശേഷം പിച്ച് പൂര്‍ണ്ണമായും മൂടിയിരിക്കുകയാണ്. ഇത് പിച്ചിന്റെ സ്വഭാവം മാറ്റും. മഴയും കൂടി പെയ്താല്‍ ഇന്ത്യക്ക് വിജയം നേടുക വളരെ പ്രയാസമായിരിക്കും.