ചെന്നൈ: ഇന്ത്യയെ ഞെട്ടിക്കുമെന്നു വീമ്പിളക്കിയ ബംഗ്ലാദേശിനെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കവെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിച്ച ബംഗ്ലാ കടുവകളെ 280 റണ്‍സിനാണ് ഇന്ത്യ നാണംകെടുത്തിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയിരിക്കുകയാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത വെള്ളിയാഴ്ച ആരംഭിക്കും.
515 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദശിനു ഇന്ത്യ നല്‍കിയത്. നാലു വിക്കറ്റിനു 158 റണ്‍സെന്ന നിലയില്‍ നാലാംദിനം രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ബംഗ്ലീ ടീം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വെറും 234 റണ്‍സിനു കൂടാരംകയറി. തലേദിവസത്തെ സ്‌കോറിലേക്കു 76 റണ്‍സ് മാത്രമേ ബംഗ്ലാദേശ് ടീമിനു കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ഇതിനിടെ ശേഷിച്ച ആറു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമാവുകയും ചെയ്തു.

ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയൊഴികെ (82) ബംഗ്ലാ ബാറ്റിങ് നിരയില്‍ മറ്റാരും പിടിച്ചുനിന്നില്ല. 127 ബോളില്‍ എട്ടു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഷാന്റോയുടെ ഇന്നിങ്‌സ്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും അഗ്രസീവ് ബാറ്റിങാണ് ഷാന്റോ കാഴ്ചവച്ചത്.
ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (33), ഷദ്മാന്‍ ഇസ്ലാം (35), ഷാക്വിബുല്‍ ഹസന്‍ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ആറു വിക്കറ്റുകള്‍ പിഴുത ആര്‍ അശ്വിനാണ് രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശിനെ കടപുഴക്കിയത്. രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകളെടുത്തു.
നേരത്തേ 227 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു. രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിനു 287 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ശുഭ്മന്‍ ഗില്ലിന്റെയും (119*) റിഷഭ് പന്തിന്റെയും (109) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. 176 ബോളില്‍ 10 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. റിഷഭ് 128 ബോളില്‍ 13 ഫോറും നാലു സിക്‌സറുമടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ റിഷഭിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.
ഒന്നാമിന്നിങ്‌സില്‍ അശ്വിന്റെ (113) സെഞ്ച്വറിയുടയും രവീന്ദ്ര ജഡേജ (86), യശസ്വി ജയ്‌സ്വാള്‍ (56) എന്നിവരുടെ ഫിഫ്റ്റികളുടെയും മികവില്‍ 376 റണ്‍സാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിന്റെ മറുപടിയാവട്ടെ വെറും 149 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ നാലു വിക്കറ്റുകള്‍ പിഴുതിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ബംഗ്ലാദേശ്- ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്വിബുല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍ മിറാസ്, ഹസന്‍ മഹമ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ.