മുംബൈ: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നതിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും വ്യത്യസ്തമായ ടീമുകളെ പരിഗണിച്ച് പ്രതിഭാശാലികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ടി20യിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇപ്പോള്‍ സഞ്ജു സാംസണിന് അവസരം ലഭിക്കുന്നുണ്ട്. അവസാന ശ്രീലങ്കന്‍ പരമ്പരയിലും ഇപ്പോള്‍ ബംഗ്ലാദേശ് പരമ്പരയിലും സഞ്ജുവിനാണ് കീപ്പര്‍ സ്ഥാനം.
ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ സഞ്ജു ടി20യില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറായി തുടരുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറായി സ്ഥാനം ഉറപ്പിച്ചോ?. ഇല്ലെന്ന് തന്നെ പറയാം. റിഷഭ് പന്തും ഇഷാന്‍ കിഷനും മടങ്ങിവരാന്‍ തയ്യാറെടുക്കവെ സഞ്ജുവിന് സീറ്റ് ഉറപ്പിച്ചെന്ന് പറയാനാവില്ല. റിഷഭ് വരുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.
റിഷഭ് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം
നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് റിഷഭ് പന്ത് എന്നാവും ടീം മാനേജ്‌മെന്റിന്റെ ഉത്തരം. റിഷഭിന് വിശ്രമം അനുവദിക്കുമോ കളിക്കാന്‍ സാധിക്കാത്ത പരിക്കോ വരുമ്പോള്‍ മാത്രമാണ് സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന ബാക്കപ്പ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവസരം ലഭിക്കുക. റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും റിഷഭിനാവും ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം നല്‍കുക. ഇന്ത്യന്‍ ടീമിന്റെ മുഖമായി നില്‍ക്കുന്ന താരമാണ് റിഷഭ് പന്ത്.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം എതിരാളികള്‍ കൂടുതല്‍ ഭയക്കുന്ന താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ടി20യിലെ റിഷഭിന്റെ കണക്കുകള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ റിഷഭിനെ ടി20യില്‍ നിന്ന് മാറ്റി ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ഉപയോഗിക്കാനാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സഞ്ജുവിന് ഇനിയും അവസരം പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് നിസംശയം പറയാം.

വലിയ ടീമുകള്‍ക്കെതിരേ സഞ്ജു പോരാ
സഞ്ജു സാംസണെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും വലിയ ടീമുകള്‍ക്കെതിരേ അദ്ദേഹത്തിന് അവസരം ലഭിക്കാന്‍ വിരളമായ സാധ്യതയാണുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ സെന രാജ്യങ്ങള്‍ക്കെതിരേയെല്ലാം ഇന്ത്യ റിഷഭ് പന്തിനെയാവും മുഖ്യമായി പരിഗണിക്കുക. റിഷഭിന്റെ അഭാവത്തില്‍ മാത്രമാവും സഞ്ജുവിന് അവസരം ലഭിക്കുക. സഞ്ജുവിനെ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം പരിഗണിച്ച് വായടപ്പിക്കാനാവും ടീം മാനേജ്‌മെന്റ് ശ്രമിക്കുക.
സഞ്ജുവിന് റിഷഭിനെപ്പോലെ എതിരാളികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള കഴിവില്ല. റിഷഭ് ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ഇത്തരമൊരു കഴിവ് സഞ്ജുവിനില്ല. കരിയറില്‍ സഞ്ജു ഒറ്റക്ക് നിന്ന് ഇന്ത്യയെ ജയിപ്പിച്ച മത്സരമില്ലെന്ന് തന്നെ പറയാം. എന്നാല്‍ റിഷഭ് ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിരാളികള്‍ക്ക് തോല്‍വി ഭയമുണ്ടാവും. സഞ്ജുവിന് മാച്ച് വിന്നറാവാന്‍ സാധിക്കാത്തത് താരത്തിന്റെ കരിയറിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
പ്രമുഖരുടെ ഇഷ്ട താരമാണ് റിഷഭ്
റിഷഭ് പന്ത് ഡല്‍ഹിക്കാരനായ താരമാണ്. വലിയ പിന്തുണ റിഷഭിന് ലഭിക്കുന്നുണ്ട്. റിഷഭിനെ പ്രധാന ടി20യില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഗൗതം ഗംഭീറിനോ സെലക്ടര്‍മാര്‍ക്കോ സാധിക്കില്ല. അപ്പോഴേക്കും റിഷഭിനെ പിന്തുണക്കുന്ന പ്രമുഖരുടെ സമ്മര്‍ദ്ദം ഉണ്ടാവുമെന്നുറപ്പാണ്. റിഷഭിനെ പിന്തുണക്കുന്ന വലിയ പ്രമുഖരുടെ നിര ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെന്ന് പറയാം.
റിഷഭ് പന്ത് ഇടം കൈയനാണെന്നതിനും താരത്തിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. ഇന്ത്യക്ക് സഞ്ജുവിനെ ഓപ്പണറായി സത്യത്തില്‍ ആവശ്യമില്ല. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമെല്ലാം വരുമ്പോള്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ടി വരും. നിലവില്‍ പകരക്കാരന്റെ സ്ഥാനം മാത്രമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലുള്ളതെന്ന് പറയാം.