കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ചാം ദിനത്തിലേക്ക് മത്സരം കടക്കവെ ഇന്ത്യ ജയിക്കുമോ അതോ സമനിലയില്‍ മത്സരം അവസാനിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരത്തിന്റെ ആദ്യം 35 ഓവര്‍ മാത്രമാണ് നടന്നത്. രണ്ടും മൂന്നും ദിനങ്ങള്‍ മഴ കൊണ്ടുപോയപ്പോള്‍ നാലാം ദിനം മാത്രമാണ് മത്സരം പൂര്‍ണ്ണമായും നടന്നത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 9 വിക്കറ്റിന് 285 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 52 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 26 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകര്‍. രണ്ടാം ദിനം ബംഗ്ലാദേശിന്റെ വിക്കറ്റ് നേടിയതിന് പിന്നില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ തന്ത്രമുണ്ടായിരുന്നു. അത് എന്താണെന്ന് നോക്കാം.
അശ്വിന് തന്ത്രമോതി കോലി
ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസനെ (10) ആര്‍ അശ്വിനാണ് പുറത്താക്കിയത്. പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സാക്കിറിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സാക്കിറിനെ പുറത്താക്കാന്‍ അശ്വിന് വിരാട് കോലിയാണ് തന്ത്രമോതിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പന്തെറിയുന്നതിന് മുമ്പ് കോലി അശ്വിനുമായി സംസാരിച്ചിരുന്നു. അശ്വിനോട് ലെഗ് സൈഡില്‍ നിന്ന് ടേണ്‍ ചെയ്യിക്കാന്‍ കോലി ഉപദേശിക്കുകയായിരുന്നു.
കൈകൊണ്ട് കോലി അശ്വിന് ഇത് കാട്ടിക്കൊടുക്കുകയും ചെയ്തു. കോലിയുടെ ഉപദേശം കേട്ട് അശ്വിന്‍ പന്ത് ലെഗ് സൈഡില്‍ നിന്ന് സ്റ്റംപിലേക്ക് ടേണ്‍ ചെയ്യിച്ചു. പ്രതിരോധിക്കാനുള്ള സാക്കിറിന്റെ ശ്രമം പാളിയപ്പോള്‍ പന്ത് ബാറ്റില്‍ തട്ടാതെ പാഡില്‍ തട്ടി. സ്റ്റംപിലേക്കുള്ള പന്ത് അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സാക്കിര്‍ റിവ്യൂ ചെയ്തു. എന്നാല്‍ ഇതിലും പന്ത് സ്റ്റംപിലേക്കാണെന്ന് വ്യക്തമായതോടെ വിക്കറ്റ് വിധിക്കുകയായിരുന്നു. അശ്വിന്റെ വിക്കറ്റ് നേട്ടത്തിന് പിന്നില്‍ കോലിയുടെ തന്ത്രമായിരുന്നുവെന്ന് നിസംശയം പറയാം.

സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകം
ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് വിജയം നേടിയെടുക്കാനാവുമോയെന്നാണ് എല്ലാവരും വീക്ഷിക്കുന്നത്. ഇന്ത്യക്ക് മുന്നില്‍ ഇപ്പോഴും വിജയ സാധ്യതയുണ്ട്. എന്നാല്‍ സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം ദിനം പിച്ച് സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ദിനം സ്പിന്നര്‍മാരുടെ പ്രകടനമാവും ഇന്ത്യയുടെ വിജയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സൂപ്പര്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്കുണ്ട്.
അഞ്ചാം ദിനം തുടക്കം മുതല്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യ തന്ത്രം മെനയുമെന്നുറപ്പാണ്. ഉച്ച ഭക്ഷണത്തിന് മുമ്പ് ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ആദ്യ രണ്ട് സെക്ഷനുള്ളില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെ പുറത്താക്കാന്‍ സാധിക്കണം. അല്ലാത്ത പക്ഷം മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ പ്രതിരോധിച്ച് തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
മഴ വില്ലനായേക്കും
അഞ്ചാം ദിനം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. ആദ്യ മത്സരത്തില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കേണ്ടത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. സമനിലയായാല്‍ ഇന്ത്യയുടെ പോയിന്റിനെ അത് ബാധിക്കും. അതുകൊണ്ടുതന്നെ വിജയത്തിനായി ഇന്ത്യ ശക്തമായ പോരാട്ടം തന്നെ പുറത്തെടുത്തേക്കും.