ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യ കസറിയിരിക്കുകയാണ്. 49 പന്തുകള്‍ ബാക്കിയാക്കി ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സോടെ പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്.
സഞ്ജു സാംസണ്‍ 19 പന്തില്‍ 29 റണ്‍സും സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 29 റണ്‍സും നേടി. അരങ്ങേറ്റ താരം നിതീഷ് കുമാര്‍ റെഡ്ഡി 16 റണ്‍സോടെ പുറത്താവാതെ നിന്നു. ഇന്ത്യ അനായാസ ജയമാണ് നേടിയെടുത്തതെന്ന് പറയാം. ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണുമെല്ലാം കൈയടി നേടുമ്പോഴും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നതാണ് വസ്തുത. നായകനെന്ന നിലയില്‍ സൂര്യയുടെ തീരുമാനങ്ങളാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.
വരുണ്‍ ചക്രവര്‍ത്തിയെ ഉപയോഗിച്ച രീതി
വരുണ്‍ ചക്രവര്‍ത്തി മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. താരത്തിന്റെ ആദ്യ ഓവറില്‍ ലഭിച്ച ക്യാച്ചവസരം നിതീഷ് കുമാര്‍ പാഴാക്കിയിരുന്നു. പിന്നാലെ ഈ ഓവറില്‍ നന്നായി താരം തല്ലുവാങ്ങി. സിക്‌സറും ബൗണ്ടറിയുമടക്കം വഴങ്ങിയപ്പോഴും സൂര്യകുമാര്‍ വരുണിന് വീണ്ടും ഓവര്‍ നല്‍കി പിന്തുണച്ചു. സ്പിന്നര്‍മാരായി അഭിഷേക് ശര്‍മ, റിങ്കു സിങ് എന്നിവരേയും ഉപയോഗിക്കാനുള്ള അവസരം സൂര്യക്കുണ്ടായിരുന്നു. വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11ലുണ്ടായിരുന്നു.
എന്നാല്‍ വരുണിന് നാല് ഓവര്‍ പന്തെറിയാന്‍ അവസരമൊരുക്കിയ സൂര്യയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളോടെ വരുണ്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. വരുണിനെ സൂര്യകുമാര്‍ പവര്‍പ്ലേയിലടക്കം ഉപയോഗിച്ചു. സ്പിന്നറുടെ മികവില്‍ സൂര്യ വിശ്വാസം അര്‍പ്പിച്ചതിന്റെ ഗുണം ഇന്ത്യക്ക് ലഭിച്ചു. ഇത് ബംഗ്ലാദേശിനെ വലിയ സ്‌കോര്‍ നേടാതെ തടുത്ത് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി.

മായങ്കിന് മധ്യ ഓവറുകള്‍ നല്‍കി
അര്‍ഷ്ദീപ് സിങ്ങിനെ സൂര്യകുമാര്‍ ആദ്യ ഓവര്‍ എറിയാന്‍ ഉപയോഗിച്ചപ്പോള്‍ രണ്ടാം ഓവര്‍ എറിയാന്‍ മായങ്ക് യാദവ് എത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ആദ്യത്തെ അഞ്ച് ഓവറുകളില്‍ മായങ്കിന് അവസരം നല്‍കാതെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ പന്ത് നല്‍കി. ഈ ഓവര്‍ മെയ്ഡനാക്കിയാണ് മായങ്ക് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയത്. പവര്‍പ്ലേയിലെ ബംഗ്ലാദേശിന്റെ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്താന്‍ സൂര്യയുടെ നീക്കം സഹായിച്ചു.
മായങ്ക് യാദവ് സീനിയര്‍ താരം മഹമ്മൂദുല്ലയെ പുറത്താക്കി മധ്യ നിരയിലെ ബംഗ്ലാദേശിന്റെ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തി. വാഷിങ്ടണ്‍ സുന്ദറിന് രണ്ടോവര്‍ മാത്രം പന്ത് നല്‍കി മറ്റ് ബൗളര്‍മാരെ ഉപയോഗിച്ച് ഫലപ്രദമായി ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കാന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചു. മികച്ച ഫീല്‍ഡിങ്ങൊരുക്കിയതും ബൗളിങ് ചെയ്ഞ്ചുകള്‍ കൃത്യമായി വരുത്തിയും ബംഗ്ലാദേശിനെ തടുത്തു നിര്‍ത്താന്‍ സൂര്യകുമാറിന് സാധിച്ചു.
ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചു
സഞ്ജു സാംസണും അഭിഷേക് ശര്‍മയും നല്‍കിയ മികച്ച തുടക്കത്തെ നന്നായി മുതലാക്കുന്ന ബാറ്റിങ് പ്രകടനം നടത്താന്‍ സൂര്യകുമാറിനായി. അതിവേഗത്തില്‍ വിജയത്തിലേക്കെത്തുകയെന്നതായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇതിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സൂര്യകുമാറിനായി. തന്റെ സിഗ്നേച്ചര്‍ ഷോട്ട് ഉള്‍പ്പെടെ 14 പന്തില്‍ 29 റണ്‍സോടെ മിന്നിക്കാന്‍ സൂര്യക്ക് സാധിച്ചു.
രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 207.14 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരോടൊപ്പം നില്‍ക്കുന്ന നായക മികവാണ് സൂര്യയുടേത്. സഹതാരങ്ങളോട് വലിയ സൗഹൃദം നിലനിര്‍ത്തുകയും അവരെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്ന നായകനാണ് സൂര്യയെന്നതാണ് എടുത്തു പറയേണ്ടത്.