ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ് യുവ താരം ശുഭ്മന്‍ ഗില്‍. ആദ്യ ഇന്നിങ്‌ലില്‍ ഫ്‌ളോപ്പായതിന്റെ ക്ഷീണം രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയോടെയാണ് താരം തീര്‍ത്തത്. 119 റണ്‍സുമായി ഗില്‍ ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പൂജ്യത്തിനു പുറത്തായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരവും ഭാവി ക്യാപ്റ്റനുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഗില്‍. പക്ഷെ ഏകദിനത്തിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റിലും ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ താരം നടത്തിയിട്ടില്ല. റുതുരാജ് ഗെയ്ക്വാദിനെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരെ ഓവര്‍ടേക്ക് ചെയതാണ് ടെസ്റ്റില്‍ ഗില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി താരം ഒരു പ്രത്യേക 'തന്ത്രമാണ്' പയറ്റുന്നത്. ഇതു എന്താണെന്നറിയാം.

ഗില്ലിന്റ തന്ത്രം ഇങ്ങനെ
തുടര്‍ച്ചയായി മോശം ഇന്നിങ്‌സുകളെ തുടര്‍ന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പല തവണ പുറത്താവലിന്റെ വക്കില്‍ വരെയെത്തിയിട്ടുള്ള താരാണ് ശുഭ്മന്‍ ഗില്‍. പക്ഷെ ടീമില്‍ നിന്നും പുറത്താക്കപ്പെടുമെന്ന ഘട്ടത്തില്‍ മികച്ചൊരു ഇന്നിങ്‌സുമായി തിരിച്ചുവരികയാണ് അദ്ദേഹം ചെയ്യാറുള്ളത്. ഗില്ലിന്റെ കരിയറില്‍ പല തവണ ഇതു കാണുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈയില്‍ ബംഗ്ലാദേശുമായി നടക്കുന്ന ആദ്യ ടെസ്റ്റില്‍ സംഭവിച്ചതും ഇതു തന്നെയാണ്. അവസാനമായി കളിച്ച മോശം പ്രകടനങ്ങളുടെ പേരില്‍ ഗില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിരുന്നു. ടീമില്‍ അേേദ്ദഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ചുകൊണ്ടാണ് രണ്ടാമിന്നിങ്‌സില്‍ താരം കിടിലന്‍ സെഞ്ച്വറി നേടിയിരിക്കുന്നത്.
ഈ സെഞ്ച്വറിയോടെ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇനി ഒഴിവാക്കാനും സാധിക്കില്ല. അടുത്ത 10-15 മല്‍സരങ്ങളിലെങ്കിലും ഈ ഇന്നിങ്‌സിന്റെ പേരില്‍ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ഒടുവില്‍ ടീമില്‍ നിന്നും പുറത്താവുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെ സെഞ്ച്വറിയോ, ഫിഫ്റ്റി പ്ലസ് സ്‌കോറോ നേടി ഗില്‍ കരിയര്‍ വീണ്ടും മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യും. ഗില്ലിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ഇതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെ മറ്റു പല യുവതാകങ്ങള്‍ക്കും ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുകയും ചെയ്യുന്നില്ല.

ഗില്ലിന്റെ കരിയര്‍
ശുഭ്മന്‍ ഗില്ലിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ഏകദിന ഫോര്‍മാറ്റിലാണ് ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. മറ്റു രണ്ടു ഫോര്‍മാറ്റിലും വല്ലപ്പോഴും മാത്രം മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്ന താരമാണ് അദ്ദേഹം.
ടെസ്റ്റില്‍ 25 ടെസ്റ്റുകളിലായി 46 ഇന്നിങ്‌സുകള്‍ ഗില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 35.52 എന്ന മോശം ശരാശരിയില്‍ 1492 റണ്‍സണ് സമ്പാദ്യം. നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ താരത്തിനു കുറിക്കാനായത്.
ടി20 കരിയറെടുത്താല്‍ അവിടെയും ഗില്ലിന്റെ പ്രകടനം കൈയടി അര്‍ഹിക്കുന്നില്ല. 21 ടി20കളില്‍ നിന്നും 30.42 ശരാശരിയില്‍ 578 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
പക്ഷെ ഏകദിനത്തില്‍ ഗില്ലിന്റെ കരിയര്‍ വേറെ ലെവലാണ്. 47 മല്‍സരങ്ങളില്‍ നിന്നും 58.20 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2328 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. ആറു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഏകദിനത്തില്‍ ഗില്‍ നേടുകയും ചെയ്ടിട്ടുണ്ട്.