ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടിയെടുത്തിരിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം ഇന്ത്യക്ക് അവകാശപ്പെടാനാവും. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കിയെങ്കിലും രണ്ടാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ (5), യശ്വസി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇതില്‍ വിരാട് കോലിയുടെ പുറത്താകല്‍ വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. മോശം ഫോമിലായിരുന്ന കോലി രണ്ട് ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിച്ച് വരവെയാണ് മെഹതി ഹസന്‍ മിറാസിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയത്. റിവ്യൂവെടുക്കാന്‍ തയ്യാറായ കോലി പിന്നീട് നോണ്‍സ്‌ട്രൈക്കര്‍ ശുബ്മാന്‍ ഗില്ലിന്റെ വാക്കുകേട്ട് റിവ്യൂ എടുക്കാതെ പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് റിപ്ലേയില്‍ കോലിയുടെ ബാറ്റില്‍ പന്ത് ഉരസിയതായി വ്യക്തം.
ശുബ്മാന്‍ ഗില്‍ എയറില്‍
സ്റ്റംപിലേക്കെത്തിയ സ്പിന്നറുടെ പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു. ഇതോടെ ബാറ്റിന് തൊട്ടടുത്തുകൂടി പന്ത് പാഡില്‍ത്തട്ടി. അല്‍പ്പമൊന്ന് ആലോചിച്ച ശേഷം അംപയര്‍ ഇത് വിക്കറ്റാണെന്ന് വിധിക്കുകയും ചെയ്തു. പിന്നാലെ കോലി സംശയമുയര്‍ത്തി ഗില്ലിനോട് റിവ്യൂവെടുക്കട്ടേയെന്ന് ചോദിച്ചു. ബാറ്റില്‍ തട്ടിയെന്ന സംശയം കോലി മുന്നോട്ട് വെച്ചെങ്കിലും ബാറ്റാണ് നിലത്ത് തട്ടിയതെന്നാണ് ഗില്‍ പറയുന്നത്. സ്റ്റംപ് മൈക്ക് ഇത് പിടിച്ചെടുക്കുകയും ചെയ്തു.
ഗില്ലിനെ വിശ്വസിച്ച് റിവ്യൂവെടുക്കാതെ കോലി മടങ്ങി. പിന്നീടുള്ള റിപ്ലേകളിലാണ് ബാറ്റിലുരസിയാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായത്. മികച്ച തുടക്കം ലഭിച്ച കോലിക്ക് വലിയ സ്‌കോറിലേക്കുയരാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഗില്ലിനെ വിശ്വസിച്ച കോലിക്ക് ഒടുവില്‍ വിക്കറ്റ് തുലക്കേണ്ടി വന്നു. സാധാരണ ചെറിയ സംശയത്തിന് പോലും റിവ്യൂവെടുക്കുന്ന താരമാണ് കോലിയെങ്കിലും ഇത്തവണ ഗില്ലിനെ വിശ്വസിച്ചതാണ് പണികൊടുത്തത്.

രോഹിത് ശര്‍മ കട്ട കലിപ്പില്‍
റിവ്യൂകളില്‍ നിന്ന് കോലിയുടേത് വിക്കറ്റല്ലെന്ന് വ്യക്തമായതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഏറ്റവും ദേഷ്യത്തിലായത്. എന്താണ് കാട്ടിയതെന്നാണ് അദ്ദേഹം ഡ്രസിങ് റൂമിലിരുന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയത്. വിരാട് കോലി സമീപകാലത്തായി മോശം ഫോമിലായിരുന്നതിനാല്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അദ്ദേഹത്തെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ മോശം ഫോമിലായിരുന്ന കോലിക്ക് മികച്ചൊരു ഇന്നിങ്‌സ് ആവശ്യമായിരുന്നു.
ബംഗ്ലാദേശിനെതിരേ മികച്ച തുടക്കം ലഭിച്ച സാഹചര്യത്തില്‍ കോലിക്ക് വലിയ സ്‌കോറിലേക്കുയരാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇത് തടുത്തത് ശുബ്മാന്‍ ഗില്ലിന്റെ മണ്ടന്‍ തീരുമാനമായിരുന്നുവെന്ന് പറയാം. റിപ്ലേയില്‍ ഔട്ടല്ലെന്ന് വ്യക്തമായപ്പോള്‍ നിരാശയോടെ ഡ്രസിങ് റൂമിലിരിക്കുന്ന കോലിയെയാണ് കാണാനായത്. ഗില്ലിന്റെ തെറ്റായ വിലയിരുത്തലില്‍ കോലിക്ക് വിക്കറ്റ് നഷ്ടമായതില്‍ ആരാധകര്‍ക്കും കടുത്ത നിരാശയാണുള്ളത്.
ഇന്ത്യ ശക്തമായ നിലയില്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റിലെന്ന് പറയാം. വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ഇതിനോടകം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 376 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 149 റണ്‍സില്‍ പുറത്തായി. 227 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്.
യശ്വസി ജയ്‌സ്വാള്‍ (10), രോഹിത് ശര്‍മ (5), വിരാട് കോലി (13) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ 308 റണ്‍സിന്റെ ലീഡ് നിലവില്‍ ഇന്ത്യക്കുണ്ട്. ശുബ്മാന്‍ ഗില്ലും (33) റിഷഭ് പന്തുമാണ് (12) ക്രീസില്‍.