കാണ്‍പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന്റെ മൂന്നാമത്തെ വിക്കറ്റ് പോക്കറ്റിലാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ അപരാജിത സെഞ്ച്വറിയുമായി ടീമിന്റെ അമരക്കാരനായി മാറിയ മൊമിനുള്‍ ഹഖിനെയാണ് (2) ഇന്ത്യ നേരത്തേ പുറത്താക്കിയത്. ആര്‍ അശ്വിനായിരുന്നു വിക്കറ്റ്.
മൊമിനുളിന്റെ വിക്കറ്റിനു പിന്നില്‍ നായകന്‍ രോഹിത് ശര്‍മയുടെ മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ താരത്തിന്റെ ഇന്നിങ്‌സ് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം കെണിയൊരുക്കുകയും പുതിയ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തത്. എങ്ങനെയാണ് ബംഗ്ലാദേശ് താരത്തെ രോഹിത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പൂട്ടിയതെന്നു നോക്കാം.

രോഹിത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്
ഒന്നാമിന്നിങ്‌സില്‍ ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പിലെ ഭൂരിഭാഗം പേരും ഫ്‌ളോപ്പായി മാറിയപ്പോള്‍ രക്ഷകനായത് മുന്നാം നമ്പറില്‍ ഇറങ്ങിയ മൊമിനുള്‍ ഹഖായിരുന്നു (107*) സെഞ്ച്വറിയോടെ ടീമിനെ രക്ഷിച്ചത്. 197 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 17 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ഇന്ത്യയുടെ സ്പിന്‍ ജോടികശായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ ജോടികള്‍ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ പല തവണ സ്വീപ്പ് ഷോട്ടുകള്‍ മൊമിനുള്‍ ആദ്യ ഇന്നിങ്‌സില്‍ കളിച്ചിരുന്നു. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പ്രത്യേകിച്ചും ലെഗ്‌സൈഡിലൂടെ പോയ ബോളുകള്‍ പോലും സ്വ്വീപ്പ് ഷോട്ടുകളിലൂടെ താരം ബൗണ്ടറികളാക്കി മാറ്റി.
മൊമിനുളിന്റെ ഈ സ്വീപ്പ് ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്ക് മനസ്സിലാക്കിയാണ് രണ്ടാമിന്നിങ്‌സില്‍ രോഹിത് ശര്‍മ പ്ലാനില്‍ ചെറിയൊരു മാറ്റം വരുത്തിയത്. അഞ്ചാംദിനം കളിയാരംഭിച്ച് രമൂന്നാംഓവറില്‍ ബംഗ്ലാദേശ് താരം വീഴുകയും ചെയ്തു. 14ാമത്തെ ഓവറിലാണ് ആര്‍ അശ്വിന്റെ ബൗളിങില്‍ മൊമിനുളിനെ ലെഗ് സ്ലിപ്പില്‍ കെഎല്‍ രാഹുല്‍ അനായാസം പിടികൂടിയത്.
അഞ്ചാം ദിനം ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് അശ്വനായിരുന്നു. ഈ ഓവറില്‍ രണ്ടു സ്ലിപ്പുകളാെയാണ് ഫീല്‍ഡിങില്‍ രോഹിത് നിര്‍ത്തിയത്. ആദ്യ ഇന്നിങ്‌സിലേതു പോലെ മൊമിനുള്‍ സ്വീപ്പ് ഷോട്ടുകള്‍ക്കു ഈ ഓവറില്‍ മുതിരുകയും ചെയ്തു. തുടര്‍ന്നാണ് അശ്വിന്റെ അടുത്ത ഓവറില്‍ രോഹിത് ഗെയിം പ്ലാന്‍ മാറ്റിയത്. രണ്ടു സ്ലിപ്പുകളില്‍ ഒരാളെ അദ്ദേഹം ലെഗ് സ്ലിപ്പിലേക്കു മാറ്റുകയായിരുന്നു.
14ാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് മൊമിനുള്‍ ആയിരുന്നു. അശ്വിന്റെ ആദ്യത്തെ രണ്ടു ബോളിലും താരത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ പിച്ച് ചെയ്ത ശേഷം ലെഗ്‌സൈഡിലൂടെ പുറത്തേക്കാണ് പോയത്. മൊമിനുല്‍ ഇതു സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറിയിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ഈ നീക്കം വിജയിച്ചില്ല.
ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ലേഗ് സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലത്തുകയും ചെയ്തു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഈ തരത്തില്‍ ലെഗ്‌സൈഡിലൂടെ പോയ ബോളുകളില്‍ സ്വീപ്പ് ഷോട്ടിലൂടെ മൊമിനുള്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ഇതു മനസ്സിലാക്കിയാണ് അദ്ദേഹത്തിനു ഇതേ ഏരിയയില്‍ തന്നെ രോഹിത് കെണിയൊരുക്കിയത്.

ബംഗ്ലാദേശിനു ലീഡ്
കാണ്‍പൂര്‍ ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് നേരിയ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ചാംദിനം ഡ്രിങ്ക്‌സ് ബ്രേക്കിനു പിരിയുമ്പോള്‍ അവര്‍ മൂന്നു വിക്കറ്റിനു 89 റണ്‍സെടുത്തിട്ടുണ്ട്.
ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശ് ഇപ്പോള്‍ 37 റണ്‍സിനു മുന്നിലാണ്. ഷദ്മാന്‍ ഇസ്ലാമും (47) നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുമാണ് (19) ഇപ്പോള്‍ ക്രീസിലുള്ളത്. ഈ സഖ്യം ടീം സ്‌കോറിലേക്കു 54 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ഇവരെ എത്രയും വേഗത്തില്‍ വേര്‍പിരിക്കാനായാല്‍ മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ.