ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള താരം ആരെന്നു ചോദിച്ചാല്‍ നായകന്‍ രോഹിത് ശര്‍മയെന്നായിരിക്കും ഉത്തരം. കാരണം ഇന്ത്യന്‍ ടീം സമീപ കാലത്തു കളിച്ചിട്ടുള്ള മല്‍സരങ്ങളെടുത്താല്‍ ഇവയിലെല്ലാം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത് അദ്ദേഹമാണെന്നു കാണാം. ഏറ്റവും അവസാനമായി ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 0-2നു നാണംകെട്ടപ്പോള്‍ ബാറ്റിങില്‍ തിളങ്ങിയത് രോഹിത് മാത്രമാണ്.
അതുകൊണ്ടു തന്നെ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹത്തിന്റെ പ്രകടനത്തെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വലിയൊരു ഇന്നിങ്‌സ് തന്നെയാണ് രോഹിത്തില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയേക്കും. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

രോഹിത്തിന്റെ റെക്കോര്‍ഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ രോഹിത് ശര്‍മയുടെ പരിതാപകരമായ റെക്കോര്‍ഡാണ് ആരാധകരെ ഭയപ്പെടുത്തുന്നത്. ഈ ഫോര്‍മാറ്റില്‍ അവര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശുമായി മൂന്നു ടെസ്റ്റുകളിലാണ് രോഹിത് കളിച്ചത്. ഇവയില്‍ ബാറ്റ് ചെയ്യാനായത് മൂന്ന് ഇന്നിങ്‌സുകളിലുമാണ്.
മൂന്നിങ്‌സുകളില്‍ നിന്നും 11 എന്ന ദയനീയ ശരാശരിയില്‍ വെറും 33 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരിന്നിങ്‌സില്‍ 21 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാക്കി രണ്ടിലും രണ്ടക്ക സ്‌കോര്‍ പോലും തികയ്ക്കാന്‍ രോഹിത്തിനായിട്ടില്ല. 6, 6 എന്നിങ്ങനെയാണ് ശേഷിച്ച രണ്ടിന്നിങ്‌സുകളിലെ സ്‌കോറുകള്‍. 58 ബോളുകളാണ് ബംഗ്ലാദേശിനെതിരേ അദ്ദേഹം നേരിട്ടത്. 56.89 സ്‌ട്രൈക്ക് റേറ്റോടെ നാലു ഫോറുകളും നേടി.
രോഹിത്തിന്റ മികച്ച പ്രകടനം
ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറായ 21 റണ്‍സ് കണ്ടത് 2019ല്‍ നടന്ന ടെസ്റ്റിലാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് പകലും രാത്രിയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഈ മല്‍സരത്തില്‍ ഓപ്പണറായി കളിച്ച രോഹിത് 35 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 21 റണ്‍സ് നേടി പുറത്താവുകയായിരുന്നു.
വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് അദ്ദേഹത്തിനു ക്രീസ് വിടേണ്ടതായി വന്നത്. എങ്കിലും ഈ ടെസ്റ്റില്‍ മികച്ച വിജയം കൊയ്യാന്‍ വിരാട് കോലി നയിച്ച ടീം ഇന്ത്യക്കു സാധിച്ചു. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്.

ആദ്യ ടെസ്റ്റ് 2015ല്‍
ബംഗ്ലാദേശുമായി രോഹിത് ശര്‍മ ആദ്യമായി ടെസ്റ്റില്‍ കളിച്ചത് 2015ലായിരുന്നു. ജൂണില്‍ ബംഗ്ലാദേശിലെ ഫത്തുള്ളയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അദ്ദഹവുമുണ്ടായിരുന്നു. അന്നു മധ്യനിര ബാറ്ററായാണ് രോഹിത് കളിച്ചുകൊണ്ടിരുന്നത്. ഒമ്പതു ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ബൗള്‍ഡാവുകായിരുന്നു. ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
അതിനു ശേഷം 2019ന്റെ തുടക്കത്തില്‍ ഇന്‍ഡോറില്‍ വച്ചാണ് ബംഗ്ലാദേശുമായി രോഹിത് തന്റെ രണ്ടാം ടെസ്റ്റില്‍ കളിച്ചത്. 14 ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. രോഹിത്തിന്റെ ഫ്‌ളോപ്പ് ഷോ ടീമിനെ കാര്യമായി ബാധിച്ചില്ല. ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ബംഗ്ലാ ടീമിനെ ടെസ്റ്റില്‍ ഇന്ത്യ വാരിക്കളഞ്ഞത്.