കാണ്‍പൂര്‍: ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ ഭാഗത്തു നിന്നും സംഭവിച്ച വലിയൊരു പിഴവാണ് ഹിറ്റ്മാന് തുണയായത്. ടീമംഗമായ മെഹ്ദി ഹസന്‍ മിറാസിനെ വിശ്വസിച്ചിരുന്നെങ്കില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണിത്.
തുടരെ രണ്ടു ദിവസം മഴ കാരണം ഉപേക്ഷിക്കപ്പെട്ട ടെസ്റ്റില്‍ ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 233 റണ്‍സാണ് നേടിയത്. ആദ്യദിനം മുതല്‍ മഴ ടെസ്റ്റിന്റെ നിറംകെടുത്തി. ഒന്നംദിനം മഴയെ തുടര്‍ന്ന നേരത്തേ തന്നെ കളി നിര്‍ത്തേണ്ടതായി വന്നിരുന്നു. രണ്ടാമത്തെയും മൂന്നാമത്തയും ദിവസമാവട്ടെ ഒരോവര്‍ പോലും കളി നടന്നതുമില്ല.

രോഹിത്തിന്റെ രക്ഷപ്പെടല്‍
ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 233 റണ്‍സിനു മറുപടിയില്‍ വളരെ അഗ്രസീവായിട്ടാണ് ഇന്ത്യ തുടങ്ങിയത്. സമനിലയിലേക്കു നീങ്ങുന്ന ടെസ്റ്റില്‍ ഫലമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ തുടക്കം മുതല്‍ കടന്നാക്രമിച്ചത്.
ഫാസ്റ്റ് ബൗളര്‍ ഹസന്‍ മഹമ്മൂദ് എറിഞ്ഞ മൂന്നാമത്തെ ഓവറിലാണ് രോഹിത് ശര്‍മ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ടോവറില്‍ 29 റണ്‍സ് ഇന്ത്യ വാരിക്കൂട്ടിയിരുന്നു. ഒമ്പതു ബോളില്‍ 16 റണ്‍സോടെ യശസ്വി ജയ്‌സ്വാളും മൂന്നു ബോളില്‍ 12 റണ്‍സുമായി രോഹിത്തുമായിരുന്നു അപ്പോള്‍ ക്രീസില്‍.
മൂന്നാം ഓവറിലെ ആദ്യത്തെ ബോളിലായിരുന്നു രോഹിത് കഷ്ടിച്ചു പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ലെങ്ത് ബോളാണ് ഹസന്‍ എറിഞ്ഞത്. രോഹിത് ഡ്രൈവിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തുകയും ചെയ്തു.
ബോള്‍ രോഹിത്തിനെ കടന്നുപോയപ്പോള്‍ ചെറിയൊരു ശബ്ദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എഡ്ജുണ്ടെന്നും റിവ്യു എടുക്കാമെന്നും കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത മെഹ്ദി ഹസന്‍ മിറാസ് ക്യാപ്റ്റനായ ഷാന്റോയോടു പറയുകയും ചെയ്തു. പക്ഷെ ഷാന്റോയ്ക്കു വലിയ വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം ബൗളറോടും വിക്കറ്റ് കീപ്പറോടും അഭിപ്രായം തേടിയെങ്കിലും ഇവര്‍ താരപര്യം കാണിച്ചില്ല. ഇതോടെ ഷാന്റോ റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഇതിന്റെ റീപ്ലേ കണ്ടതോടെ ഷാന്റോയും ബംഗ്ലാദേശ് ടീമും ശരിക്കും ഞെട്ടി. രോഹിത്തിനെ കടന്നുപോകവെ ബാറ്റിന്റെ അടിഭാഗത്ത് ചെറിയ ഉരസലുണ്ടായിരുന്നതായി അള്‍ട്രാ എഡ്ജില്‍ തെളിയുകയായിരുന്നു. ഷാന്റോ റിവ്യു എടുത്തിരുന്നെങ്കില്‍ രോഹിത്തിന്റെ വിക്കറ്റ് ഉറപ്പായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് തൊട്ടടുത്ത ബോളില്‍ സിക്‌സര്‍ പറത്തിയാണ് ഇതു ആഘോാഷിച്ചത്.
പക്ഷെ രോഹിത്തിന് അധികനേരം ക്രീസില്‍ തുടരാന്‍ കഴിഞ്ഞില്ല. നാലാം ഓവറില്‍ മെഹ്ദി ഹസന്‍ അദ്ദേഹത്തെ മടക്കുകയായിരുന്നു. 11 ബോളില്‍ മുന്നു സിക്‌സറും ഒരു ഫോറുമടക്കം 23 റണ്‍സ് അടിച്ചെടുത്ത ഹിറ്റ്മാനെ മെഹ്ദി ഹസന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മൊമിനുളിനു സെഞ്ച്വറി
ബംഗ്ലാദേശ് ടീമിനെ ഒന്നാമിന്നിങ്‌സില്‍ 233 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മൂന്നാംനമ്പറില്‍ ഇറങിയ മൊമിനുള്‍ ഹഖിന്റെ (107*) കിടിലന്‍ സെഞ്ച്വറിയാണ്. ഇന്ത്യന്‍ ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട അദ്ദേഹം 194 ബോളില്‍ 17 ഫോറും ഒരു സിക്‌സറുമടിച്ചു. ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പില്‍ 35ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും മൊമിനുളാണ്.
ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31), ഷദ്മാന്‍ ഇസ്ലാം (24), മെഹ്ദി ഹസന്‍# മിറാസ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആകാശ്ദീപ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.