കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളിച്ചതോടെ 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. വെളിച്ചക്കുറവും മഴയും വലിയ ഭീഷണിയായ ആദ്യ ദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് 3 വിക്കറ്റിന് 107 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴ പെയ്ത് ഈര്‍പ്പമുള്ള പിച്ചില്‍ രോഹിത്തിന്റെ ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. മൊമിനുല്‍ ഹഖ് (40*), മുഷ്ഫിഖര്‍ റഹിം (6) എന്നിവര്‍ പുറത്താവാതെ ക്രീസിലുണ്ട്. രണ്ടാം ദിവസവും മഴക്ക് സാധ്യതയുണ്ട്. ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ ആകാശ് ദീപ് വീഴ്ത്തിയപ്പോള്‍ നായകന്‍ ഷാന്റോയെ പുറത്താക്കിയത് ആര്‍ അശ്വിനാണ്. ഷാന്റോ നിലയുറപ്പിച്ച് മുന്നേറവെ ക്യാപ്റ്റനെ പൂട്ടാന്‍ അശ്വിനെ സഹായിച്ചത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ തന്ത്രമാണ്.
റിഷഭിന്റെ തന്ത്രം ഇതായിരുന്നു
ഷാന്റോ പതിയെ പിടിച്ചുനിന്ന് റണ്‍സ് ഉയര്‍ത്തുന്നത് ഇന്ത്യക്ക് ഭീഷണിയായിരുന്നു. അതുകൊണ്ടുതന്നെ ഷാന്റോയുടെ വിക്കറ്റ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ആര്‍ അശ്വിനെയാണ് ഷാന്റോയെ കുടുക്കാന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്. ഷാന്റോ പ്രതിരോധിച്ച് കളിക്കവെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആര്‍ അശ്വിനോട് ഫുള്‍ ലെങ്ത് പന്തെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. റിഷഭിന്റെ ഉപദേശത്തിനനുസരിച്ച് സീനിയര്‍ സ്പിന്നര്‍ ഫുള്‍ ലെങ്ത് പന്തെറിയുകയും ചെയ്തു.
ഇത് ഫലം കാണുകയും ഷാന്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. അശ്വിനെ റിഷഭ് ഉപദേശിക്കുന്നതും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് നേടുന്നതിന്റേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എംഎസ് ധോണിയുടെ പകരക്കാരനായ റിഷഭ് ധോണി ഇന്ത്യക്കായി ചെയ്തിരുന്ന പല കാര്യങ്ങളും ആവര്‍ത്തിക്കുന്നുവെന്നത് ടീമിന് കരുത്ത് നല്‍കുന്ന കാര്യമാണ്. വിക്കറ്റിന് പിന്നില്‍ എതിരാളികളെ മാനസികമായി തളര്‍ത്താനും റിഷഭ് മിടുക്കനാണ്.

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം
നിലവില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ് റിഷഭ് പന്ത്. എതിരാളികള്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭാണ്. സെന രാജ്യങ്ങളില്‍ മൂന്നിടത്തും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ ഇതിനോടകം റിഷഭിനായിട്ടുണ്ട്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയിരുന്നു. ഈ രണ്ട് തവണയും ഇന്ത്യയുടെ മാച്ച് വിന്നറായത് റിഷഭ് പന്താണ്. ഓസ്‌ട്രേലിയയില്‍ ഒറ്റയാള്‍ പോരാട്ടത്തോടെ ടീമിനെ ജയിപ്പിച്ച ഹീറോയാണ് റിഷഭ്.
വിക്കറ്റിന് പിന്നിലും റിഷഭ് കിടുവാണ്. ഡൈവിങ് ക്യാച്ചുകള്‍ ഉള്‍പ്പെടെ മത്സരഫലത്തെ മാറ്റി മറിക്കുന്ന പല ക്യാച്ചുകളും നേടാന്‍ റിഷഭിനായിട്ടുണ്ട്. എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെങ്കിലും ടെസ്റ്റില്‍ ധോണിയെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കുന്ന വിക്കറ്റ് കീപ്പറാണ് റിഷഭ് പന്തെന്ന് നിസംശയം പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള റിഷഭ് ഇത്തവണയും ഓസ്‌ട്രേലിയയില്‍ മാച്ച് വിന്നറാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
രണ്ടാം ദിവസവും മഴ സാധ്യത
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ശക്തമായ മഴയെത്താനാണ് സാധ്യത. ആദ്യ ദിനത്തേക്കാളും ശക്തമായ മഴ രണ്ടാം ദിനം ഉണ്ടാവുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. മത്സരത്തിന്റെ തുടര്‍ ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മത്സരം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ആദ്യ ടെസ്റ്റ് ഇന്ത്യ 280 റണ്‍സിന് വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.