Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 11 ബോളില്‍ 12, അടുത്ത 23ല്‍ 62!! നിതീഷ് ഷോ, സഞ്ജു കണ്ടുപഠിക്കട്ടെ

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ ഓള്‍റൗണ്ടറായി മാറാന്‍ തനിക്കു സാധിക്കുമെന്നു കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ തെളിയിച്ചിരിക്കുകയാണ് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി. ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യില്‍ ഇടിവെട്ട് ഫിഫ്റ്റിയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. നേരത്തേ ആദ്യ ടി20യില്‍ 15 ബോളില്‍ പുറത്താവാതെ 16 റണ്‍സ് നിതീഷ് കുറിച്ചിരുന്നു.

ഇത്തവണ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് അദ്ദേഹം. നാലാം നമ്പറിലേക്കു ഒരിക്കല്‍ക്കൂടി പ്രൊമോഷന്‍ ലഭിച്ച നിതീഷ് 74 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് ക്രീസ് വിട്ടത്. വെറും 34 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു കൂറ്റന്‍ സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടിരുന്നു.

NITISH KUMAR REDDY

പതിഞ്ഞ തുടക്കം, പിന്നെ കത്തിക്കയറി

ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (10), അഭിഷേക് ശര്‍മ (15) എന്നിവരെ മൂന്നോവറിനുള്ളില്‍ നഷ്ടമായതോടെ നാലാം ഓവറില്‍ തന്നെ നിതീഷ് കുമാര്‍ റെഡ്ഡിക്കു ക്രീസിലെത്തേണ്ടതായി വന്നു. ഈ സമയത്തു ഇന്ത്യ രണ്ടിനു 25 റണ്‍സെന്ന നിലയിലായിരുന്നു. റണ്ണൊന്നുമെടുക്കാതെ നായകന്‍ സൂര്യകുമാര്‍ യാദവായിരുന്നു അപ്പോള്‍ ക്രീസില്‍.

തുടര്‍ന്നു സൂര്യയും നിതീഷും വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. ആറാം ഓവറില്‍ സൂര്യയും (8) വീണു. ഇതോടെ ഇന്ത്യ മൂന്നിന് 41 റണ്‍സെന്ന നിലയിലാവുകയും ചെയ്തു. അഞ്ചാമനായി വന്നത് റിങ്കു സിങാണ്. സിംഗിളും ഡബിളുമെടുത്ത് നിതീഷ്- റിങ്കു ജോടി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ശ്രമിച്ചത്.

ആദ്യത്തെ 11 ബോളുകള്‍ നേരിട്ടപ്പോള്‍ 12 റണ്‍സ് മാത്രമാണ് നിതീഷിനു നേടാനായത്. ഒരേയൊരു ഫോര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. പിന്നീടാണ് നിതീഷ് ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. അടുത്ത 23 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 62 റണ്‍സാണ്.

മഹമ്മുദുള്ളയെറിഞ്ഞ ഒമ്പതാം ഓവറിലെ നാലാമത്തെ ബോളിലാണ് നിതീഷിന്റെ കടന്നാക്രമണം തുടങ്ങിയത്. നോബോളിനു ശേഷമുള്ള ഫ്രീഹിറ്റ് ലോങ് ഓണിനു മുകളിലൂടെ അദ്ദേഹം സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ഓവറിലെ അവസാന ബോളില്‍ ബൗണ്ടറിയും നിതീഷ് കണ്ടെത്തി.

സ്പിന്നര്‍ റിഷാദ് ഹുസൈന്റെ അടുത്ത ഓവറില്‍ 3 സിക്‌സറുകളാണ് നിതീഷ് പറത്തിയത്. മൂന്നാമത്തെയും നാലാമത്തെയും ബോളുകള്‍ സിക്‌സറിലെത്തിച്ച അദ്ദേഹം അവസാന ബോളിലും സിക്‌സര്‍ കണ്ടെത്തി. മുസ്തഫിസുര്‍ റഹ്മാന്റെ അടുത്ത ഓവറില്‍ നിതീഷിന്റെ മറ്റൊരു സിക്‌സര്‍. അടുത്ത ഓവറില്‍ നിതീഷ് കന്നി ഫിഫ്റ്റിയും കണ്ടെത്തി. വെറും 27 ബോളുകളില്‍ നിന്നായിരുന്നു ഇത്.

NITISH KUMAR REDDY- RINKU SINGH

ഫിഫ്റ്റിക്കു ശേഷവും നിതീഷിന്റെ വെടിക്കെട്ട് തുടര്‍ന്നു. മെഹ്ദി ഹസന്‍ മിറാസിന്റെ 13ാം ഓവറില്‍ മൂന്നു സിക്‌സറും ഒരു ഫോറുമാണ് അദ്ദേഹം അടിച്ചെടുത്തത്. നിതീഷ് കന്നി സെഞ്ച്വറി കുറിക്കുമെന്നു കരുതിയെങ്കിലും 74 റണ്‍സില്‍ നില്‍ക്കെ പുറത്തായി. 14ാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഇത്. മിഡ് വിക്കറ്റിനു മുകളിലൂടെ നിതീഷ് വമ്പന്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും സ്ലോ ബോള്‍ കണക്കകൂട്ടല്‍ തെറ്റിച്ചു. ബോള്‍ നേരെ എക്‌സ്ട്രാ കവറില്‍ മെഹ്ദി ഹസന്‍ മിറാസിന്റെ കൈയിലേക്കാണ് വന്നത്.

വാനോളം പുകഴ്ത്തി ഫാന്‍സ്

സോഷ്യല്‍ മീഡിയയില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. എത്ര ഗംഭീരമായ ഇന്നിങ്‌സാണ് കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരങ്ങള്‍ എങ്ങനെ മുതലാക്കണമെന്നു സഞ്ജു സാംസണ്‍ കണ്ടുപഠിക്കട്ടെ. 31 ടി20കള്‍ കളിച്ചിട്ടും വെറും രണ്ടു ഫിഫ്റ്റികളാണ് സഞ്ജുവിനുള്ളതെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ആര് എന്ന ഇന്ത്യയുടെ ചോദ്യത്തിനു ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. നിതീഷ് കുമാര്‍ റെഡ്ഡിക്കു ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കും. കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ സമ്മര്‍ദ്ദഘട്ടത്തിലും എത്ര ഗംഭീര ബാറ്റിങാണ് 21 കാരന്‍ കാഴ്ചവച്ചതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Wednesday, October 9, 2024, 21:38 [IST]
Other articles published on Oct 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+