പാകിസ്താനെ അവരുടെ നാട്ടില്‍ അട്ടിമറിച്ച ബംഗ്ലാദേശ് ടീം വീണ്ടുമൊരു അട്ടിമറിക്കു കച്ചമുറുക്കിയാണ് ഇന്ത്യയിലേക്കു വരുന്നത്. ഈ മാസമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. 19 മുതല്‍ ചെന്നൈയിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 27 മുതല്‍ കാണ്‍പൂരിലാണ്.
ഇന്ത്യയെ സംബന്ധിച്ച് നേരത്തേ അത്ര പ്രധാനപ്പെട്ട പരമ്പരയായിരുന്നില്ല ഇത്. എന്നാല്‍ പാകിസ്താനെതിരേ അവര്‍ നേടിയ അട്ടിമറി വിജയം ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ബംഗ്ലാദേശിനെതിരേ ഇതുവരെ ടെസ്റ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമാണ് ഇന്ത്യ. എന്നാല്‍ പാക് ടീമിനെ തകര്‍ത്തെറിഞ്ഞതോടെ അവര്‍ ഭയപ്പെടേണ്ട എതിരാളികളായി മാറിയിരിക്കുകയാണ്.
അവരെ നിസാരയായി എഴുതിത്തള്ളിയാല്‍ അതു ഇന്ത്യക്കു ക്ഷീണമായി മാറിയേക്കും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം ഈ പരമ്പരയില്‍ പുറത്തെടുക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ടെസ്റ്റ് പരമ്പരയില്‍ അട്ടിമറി തോല്‍വി ഒഴിവാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ഇന്ത്യ ശ്രദ്ധിച്ചേ തീരൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ജസ്പ്രീത് ബുംറയെ കളിപ്പിക്കണം
സാധാരണയായി നാട്ടിലെ ടെസ്റ്റുകളില്‍, പ്രത്യേകിച്ചും ചെറിയ ടീമുകള്‍ക്കെതിരേ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ കളിപ്പിക്കാറില്ല. വരാനിരിക്കുന്ന പരമ്പരയിലും അദ്ദേഹത്തിനു വിശ്രമം നല്‍കുമെന്നാണ് വിവരം. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയേ തീരൂ. ബുംറയെ തീര്‍ച്ചയായും ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്.
കാരണം ഏതു ഫോര്‍മാറ്റിലും ടീമിനു വേണ്ടി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാ ബാറ്റിങ് നിര ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയാല്‍ ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ ശേഷിയുള്ള ബൗളറാണ് ബുംറ. അദ്ദേഹത്തെപ്പോലെ മൂര്‍ച്ചയേറിയ മറ്റൊരു ബൗളറും നിലവിലെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഇല്ല.
പാകിസ്താനെതിരേ നടത്തിയതു പോലെയൊരു ഉജ്ജ്വല ബാറ്റിങ് പ്രകടനം ബംഗ്ലാദേശ് ഇവിടെയും പുറത്തെടുത്താല്‍ ഇന്ത്യ കുഴപ്പത്തിലാവും. അത്തരമൊരു സാഹചര്യത്തില്‍ ടീമിനെ രക്ഷിക്കാന്‍ ബുംറയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം തീര്‍ച്ചയായും ടീമില്‍ ആവശ്യമാണ്.
ദൈര്‍ഘ്യമേറിയ ബാറ്റിങ് നിര
ദൈര്‍ഘ്യമേറിയ ബാറ്റിങ് നിരയെ അണിനിരത്തുകയെന്നതാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. ബാറ്റിങ് നിര കൂടുതല്‍ ആഴമുള്ളതാണെങ്കില്‍ മുന്‍നിര തകര്‍ന്നാലും കളിയിലേക്കു തിരിച്ചുവരാന്‍ ഇന്ത്യക്കു സാധിക്കും. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചാല്‍ അതു ഇന്ത്യന്‍ ബാറ്റിങിനു കൂടുതല്‍ കരുത്തേകും.
ഒമ്പതാം നമ്പറില്‍ അക്ഷറിനെ ഇറക്കിയാല്‍ അതു ടീമിന്റെ ബാറ്റിങ് നിരയ്ക്കു ദൈര്‍ഘ്യമേകും. ഇതു മുന്‍നിരയിലുള്ള ബാറ്റര്‍മാരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ അഗ്രസീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ടീം സ്‌കോറിലേക്കു കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഇതു വഴിയൊരുക്കും.

മധ്യനിരയില്‍ രാഹുല്‍ വേണം
ഇന്ത്യന്‍ മധ്യനിരയില്‍ പരിചയസമ്പന്നനായ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ കളിപ്പിക്കണമെന്നതാണ് മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം. ബംഗ്ലാദേശിനെതിരേയുള്ള ശ്രേയസ് അയ്യരുടെ ടെസ്റ്റിലെ പ്രകടനം പരിഗണിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ അദ്ദേഹത്തെ കളിപ്പിക്കാനാണ് സാധ്യത. ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരായിരിക്കും മധ്യനിരയിലുള്ള മറ്റു താരങ്ങള്‍.
എന്നാല്‍ ഇവരൊന്നും അത്ര വിശ്വസ്തരായ ബാറ്റര്‍മാരല്ല. ഈ കുറവ് പരിഹരിക്കാന്‍ രാഹുലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേ തീരൂ. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ആങ്കറുടെ റോളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. അതിനാല്‍ തന്നെ ശ്രേയലിനു പകരം അഞ്ചാമനായി രാഹുലിനെ തന്നെ ഇന്ത്യ കളിപ്പിക്കുകയും വേണം.