കാണ്‍പൂര്‍: ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. മഴ കാരണം രണ്ടു ദിവസം കളി പൂര്‍ണമായി മുടങ്ങിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിക്കുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ നാലാംദിനം പുനരാരംഭിച്ചപ്പോള്‍ മല്‍സരം മാറ്റിമറിച്ചിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും.
അഞ്ചാമത്തെയും അവസാനത്തെയും ദിവസമായ ഇന്നു ഒരു സമയത്തു ബംഗ്ലാദേശ് പിടിമുറുക്കുകയും കളി സമനിലയാക്കുമെന്നും കരുതിയിരുന്നു. പക്ഷെ ആദ്യ സെഷനില്‍ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം ഇന്ത്യ ആഞ്ഞടിക്കുകയും ബംഗ്ലാദേശ് തകര്‍ന്നടിയുകയുമായിരുന്നു. അഞ്ചാംദിനം ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം സംഭവിച്ചത് എന്താണെന്നറിയാം.

ഗംഭീറിന്റെ തന്ത്രമോ?
അഞ്ചാംദിനം രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ് മല്‍സരം പുനരാരംഭിച്ചത്. കളി തുടങ്ങി മൂന്നാമത്തെ ഓവറില്‍ തന്നെ മൊമിനുള്‍ ഹഖിനെ (2) ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ബംഗ്ലാദേശ് മൂന്നിന് 36 ലേക്കും വീണു. മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കിയെന്നു ഉറപ്പിച്ച സമയമായിരുന്നു ഇത്.
പക്ഷെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ചേര്‍ന്ന് 55 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 26ാം ഓവറിനു ശേഷമാണ് ടീമുകള്‍ ഡ്രിങ്ക്‌സ് ബ്രേക്കിനു പിരിഞ്ഞത്. ഈ സമയത്തു ബംഗ്ലാദേശ് മൂന്നിനു 89 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഷദ്മാന്‍ (47*), ഷാന്റോ (19*) എന്നിവരായിരുന്നു ക്രീസില്‍.
ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ മൂന്നു പേരെയാണ് ബ്രേക്കിനു മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പരക്ഷിച്ചത്. എന്നാല്‍ ഈ ബൗളിങ് ത്രയത്തിനു വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം ഇന്ത്യ ഗെയിം പ്ലാന്‍ അടിമുടി മാറ്റി.
ബ്രേക്കിനു മുമ്പ് പന്തെറിഞ്ഞ മൂന്നു പേരില്‍ അശ്വിന്‍, സിറാജ് എന്നിവരെ പിന്‍വലിച്ച രോഹിത് പകരം രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവരെ കൊണ്ടുവരികയായിരുന്നു. ഇവര്‍ക്കൊപ്പം ബുംറയെക്കൂടി ബൗളിങില്‍ പരീക്ഷിച്ചു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.
മൂന്നിന് 89ല്‍ നിന്നും ബംഗ്ലാദേശ് ടീം ചീട്ടുകൊട്ടാരം കണക്കെ തകരുന്നതാണ് പിന്നീട് കണ്ടത്. അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇതോടെ അവര്‍ ഏഴിനു 94 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു. ഇതിനു പ്രധാന കാരണക്കര്‍ ജഡ്ഡുവും ആകാശ്ദീപുമായിരുന്നു. നാലില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

കത്തിക്കയറി ഇന്ത്യ
ബ്രേക്കിനു ശേഷം ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പിനു മേല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറുകയായിരുന്നു. ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ആകാശ്ദീപായിരുന്നു. ഈ ഓവറില്‍ ഒരു റണ്‍സ് മാത്രം. അടുത്ത ഓവര്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു.
രണ്ടാമത്തെ ബോളില്‍ തന്നെ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (19) അദ്ദേഹം ബൗള്‍ഡാക്കുകയും ചെയ്തു. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ഷാന്റോയ്ക്കു പിഴച്ചപ്പോള്‍ ലെഗ് സ്റ്റംപിലാണ് ബോള്‍ പതിച്ചത്. ഞെട്ടലോടെ നിന്ന താരം നിരാശനായി ക്രീസ വിടുകയും ചെയ്തു.
അടുത്ത ഓവറില്‍ ആകാശ്ദീപിന്റെ ഊഴമായിരുന്നു. ഫിഫ്റ്റിയുമായി ക്രീസില്‍ നിലയുറപ്പിച്ച ഷദ്മാനെ അദ്ദേഹം മടക്കി. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഡ്രൈവിനു ശ്രമിച്ച ഷദ്മാനെ ഗള്ളി ഏരിയയില്‍ യശ്വസ്വി ജയസ്വാള്‍ പിടികൂടുകയായിരുന്നു. 101 ബോളില്‍ 10 ഫോറുള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്.
പുതുതായി ക്രീസിലെത്തിയ ലിറ്റണ്‍ ദാസിനെ (1) അടുത്ത ഓവറിലെ അവസാന ബോളില്‍ ജഡേജ പുറത്താക്കുകയായിരുന്നു. റിഷഭ് പന്താണ് ക്യാച്ചെടുത്തത്. തന്റെ അടുത്ത ഓവറില്‍ ഷാക്വിബുല്‍ ഹസന്റെ (0) വിക്കറ്റും ജഡേജ സ്വന്തമാക്കി. മുന്നോടു കയറി ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ജഡ്ഡു സ്വന്തം ബൗളിങില്‍ പിടികൂടി. ഇതോടെ ബംഗ്ലാദേശ് ഏഴിനു 94ലേക്കു കൂപ്പുകുത്തുകയും ചെയ്തു. അവിടെ നിന്നും പിന്നീട് അവര്‍ക്കൊരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു. 146 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ടാവുകയും ചെയ്തു.