ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ച് മൂന്ന് മത്സര പരമ്പര നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യ യുവ താരനിരയുമായാണ് ബംഗ്ലാദേശിനെ തകര്‍ത്തടുക്കുന്നതെന്ന് പറയാം. ആദ്യ മത്സരത്തിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശം ഇന്ത്യക്ക് രണ്ടാം മത്സരത്തിലും കരുത്താവുമെന്ന് ഉറപ്പാണ്. ഇന്ത്യ രണ്ട് താരങ്ങള്‍ക്കാണ് ആദ്യ മത്സരത്തില്‍ അരങ്ങേറ്റം നല്‍കിയത്.
രണ്ടാം മത്സരത്തിലും ഇവര്‍ ടീമില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. ആദ്യ മത്സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടിനെയായിരുന്നു. അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണാണ് ഓപ്പണറായി എത്തിയത്. നിര്‍ണ്ണായകമായ 29 റണ്‍സോടെ സഞ്ജു സാംസണ്‍ തിളങ്ങുകയും ചെയ്തു. ക്ലാസിക് ഷോട്ടുകള്‍ ഉള്‍പ്പെടെ സഞ്ജു നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് ഗംഭീര ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായി.
രണ്ടാം ടി20യിലും ബംഗ്ലാദേശിന് വലിയ ഭീഷണി ഉയര്‍ത്തുകയാണ് സഞ്ജു സാംസണ്‍. വലിയ പ്രതീക്ഷയോടെയാണ് സഞ്ജുവിന്റെ പ്രകടനത്തെ എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ സഞ്ജു സാംസണിനെ അനായാസം പുറത്താക്കാന്‍ ബംഗ്ലാദേശിന് സാധിച്ചേക്കും. ഇതിന് സഞ്ജുവിന്റെ രണ്ട് ദൗര്‍ബല്യങ്ങള്‍ മുതലാക്കണം. എന്തൊക്കെയാണെന്ന് അറിയാം.
തുടക്കത്തിലേ സ്പിന്നറെ കൊണ്ടുവരൂ
സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ സ്പിന്നര്‍മാരുടെ അന്തകനാണ്. സ്പിന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനായ സഞ്ജു സാംസണ് പക്ഷെ ഈ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന് സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്നതായാണ് കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മഹേഷ് തീക്ഷണ സഞ്ജുവിനെ ഡെക്കിന് ക്ലീന്‍ബൗള്‍ഡാക്കിയിരുന്നു.
സ്പിന്നര്‍മാരെ തുടക്കത്തിലേ നേരിടുന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് പറയാം. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് പയറ്റാന്‍ സാധിക്കുന്ന തന്ത്രമിതാണ്. മെഹതി ഹസന്‍ മിറാസ് നന്നായി ഗൂഗ്ലി എറിയാന്‍ കഴിവുള്ള സ്പിന്നറാണ്. സഞ്ജു നിലയുറപ്പിക്കും മുമ്പ് മെഹതി ഹസനെക്കൊണ്ട് പന്തെറിയിച്ചാല്‍ സഞ്ജു പ്രയാസപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് മുതലാക്കാവുന്ന സഞ്ജുവിന്റെ ദൗര്‍ബല്യമാണിതെന്ന് പറയാം.

ഫോര്‍ത്ത് സ്റ്റംപ് ലൈന്‍ പന്തുകള്‍ നല്ല തന്ത്രം
സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ വളരെ പക്വതയോടെയാണ് കളിച്ചത്. അതിവേഗം റണ്‍സുയര്‍ത്തുമ്പോഴും ക്ലാസിക് ഷോട്ടുകളടക്കം കളിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ കടന്നാക്രമിക്കാനുള്ള ആവേശം സഞ്ജുവില്‍ എപ്പോഴുമുണ്ട്. ഒന്നാം ടി20യില്‍ തുടക്കത്തിലേ സഞ്ജു കളിച്ച ചില ഷോട്ടുകള്‍ ക്യാച്ചവസരം നല്‍കുന്നതായിരുന്നു. സഞ്ജു പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് വലിയ ഷോട്ട് കളിപ്പിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് നേടുകയെന്നതാണ് മറ്റൊരു തന്ത്രം.
ഓഫ് സൈഡ് പന്തുകളെ കടന്നാക്രമിക്കാന്‍ സഞ്ജു യാതൊരു മടിയും കാട്ടാറില്ല. അതുകൊണ്ടുതന്നെ ഫോര്‍ത്ത് സ്റ്റംപ് ലൈനിലുള്ള പന്തുകള്‍ സഞ്ജുവിന്റെ വിക്കറ്റ് നേടാന്‍ സഹായിക്കുന്നതാണ്. ശ്രീലങ്ക സഞ്ജുവിന്റെ ഈ ദൗര്‍ബല്യം മുതലാക്കിയിരുന്നു. ഓഫ് സ്റ്റംപിലേക്കെത്തുന്ന പന്തില്‍ എക്‌സ്ട്രാ ബൗണ്‍സുമുണ്ടെങ്കില്‍ സഞ്ജു എഡ്ജാവാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് സഞ്ജുവിന്റെ ഈ ദൗര്‍ബല്യത്തെ മുതലാക്കാവുന്നതാണ്.
സഞ്ജുവിനെ തുടക്കത്തിലേ മടക്കണം
ചെറിയ പന്തുകള്‍ക്കൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ തുടക്കത്തിലേ സഞ്ജു സാംസണെ പുറത്താക്കേണ്ടത് ബംഗ്ലാദേശിനെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം സഞ്ജു ബംഗ്ലാദേശിന് വലിയ പ്രഹരമേല്‍പ്പിക്കും. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ബംഗ്ലാദേശിന് വലിയ ഭീഷണി ഉയര്‍ത്തുന്നതാണെന്നതില്‍ ഇവരെ തകര്‍ക്കാനുള്ള പദ്ധതികളോടെയാവും ഇന്ന് സന്ദര്‍ശകര്‍ ഇറങ്ങുകയെന്ന് പറയാം.