കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മിന്നിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ വേഗത്തില്‍ 50, 100, 150 എന്നിങ്ങനെ ടെസ്റ്റില്‍ വമ്പന്‍ റെക്കോഡുകളുമായി മിന്നിക്കുകയാണ്. തുടക്കം മുതല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യ കത്തിക്കയറി. ജയത്തിനായി പൊരുതുന്ന ഇന്ത്യയെ കൈയയഞ്ഞ് സഹായിക്കുന്ന ഫീല്‍ഡിങ് പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെക്കുന്നത്.
രണ്ട് തവണയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിക്ക് ലൈഫ് ലഭിച്ചത്. അതിവേഗം റണ്‍സുയര്‍ത്തിയ ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ ബംഗ്ലാദേശിന് ലഭിച്ചെങ്കിലും കൈയിലെത്തിയ അവസരങ്ങള്‍ ടീം നഷ്ടപ്പെടുത്തിയെന്നതാണ് വസ്തുത. 2, 35 റണ്‍സില്‍ നില്‍ക്കവെയാണ് വിരാട് കോലിയുടെ വിക്കറ്റ് അവസരങ്ങള്‍ ബംഗ്ലാദേശിന്റെ മണ്ടത്തരം മൂലം നഷ്ടപ്പെടുത്തിയത്. ഇന്ത്യയുടെ റണ്ണൊഴുക്ക് തടുത്ത് തിരിച്ചുവരാനുള്ള അവസരമാണ് ബംഗ്ലാദേശ് നഷ്ടപ്പെടുത്തിയത്.
അനായാസ റണ്ണൗട്ട് പാഴാക്കി
വിരാട് കോലി ക്രീസിലെത്തി അധികം സമയം കഴിയും മുമ്പാണ് റണ്ണൗട്ടാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം ബംഗ്ലാദേശ് പാഴാക്കിയത്. രണ്ട് റണ്‍സില്‍ നില്‍ക്കവെയാണ് ഈ അവസരമെത്തിയത്. ഖാലിദ് അഹമ്മദിന്റെ ഓവറില്‍ വിരാട് കോലി പന്ത് പ്രതിരോധിച്ചു. നോണ്‍സ്‌ട്രൈക്കില്‍ നിന്ന റിഷഭ് പന്ത് റണ്‍സിനായി കോള്‍ ചെയ്തു. ഇതോടെ കോലി ഓടി പകുതിയെത്തിയപ്പോള്‍ റിഷഭ് നിന്നു. ഖാലിദ് പന്ത് കൈയിലെടുത്ത് സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കോലി ക്രീസില്‍ നിന്ന് വളരെ ദൂരത്തിലായിരുന്നു.
കൈയിലിരിക്കുന്ന പന്ത് ഖാലിദ് സ്റ്റംപില്‍ തട്ടിച്ചാല്‍ കോലി റണ്ണൗട്ടായി മടങ്ങുമെന്നുറപ്പായിരുന്നു. എന്നാല്‍ ആവേശത്തില്‍ സ്റ്റംപിനടുത്ത് നിന്ന് ഖാലിദ് ത്രോ ചെയ്തപ്പോള്‍ സ്റ്റംപില്‍ പന്ത് കൊണ്ടില്ല. വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ് സ്റ്റംപിന് അടുത്തുണ്ടായിരുന്നെങ്കിലും താരത്തിനും കൈയിലൊതുക്കാന്‍ സാധിച്ചില്ല. ഇതോടെ കോലി ക്രീസിലേക്ക് ഓടിക്കയറുകയും വിക്കറ്റില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. റിഷഭ് പന്തിന്റെ തെറ്റായ കോള്‍ വിക്കറ്റ് അവസരം സൃഷ്ടിച്ചെങ്കിലും കോലി ഭാഗ്യത്തിന് രക്ഷപെടുകയായിരുന്നു.

സ്റ്റംപിങ് അവസരം പാഴാക്കി
വിരാട് കോലി 35 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച സ്റ്റംപിങ് അവസരവും പാഴാക്കി. തയ്ജുല്‍ ഇസ്ലാമിന്റെ ഓവറില്‍ കോലി കടന്നാക്രമിക്കാന്‍ ശ്രമിച്ചു. ഒരു സിക്‌സര്‍ പറത്തിയ ശേഷം കോലി തൊട്ടടുത്ത പന്തിലും ക്രീസില്‍ നിന്ന് കയറി കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ ഷോട്ട് പാളി. കോലിയുടെ ബാറ്റില്‍ നിന്ന് അകന്ന് പോയ പന്ത് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന്റെ ഇടത് പാഡില്‍ തട്ടുകയായിരുന്നു. പന്ത് പിടിച്ചെടുത്ത് സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ലിറ്റന്‍ ദാസിന് മുന്നിലുണ്ടായിരുന്നു.
എന്നാല്‍ പന്ത് വന്നപ്പോള്‍ യാതൊരു ചലനവും നടത്താന്‍ കീപ്പര്‍ ലിറ്റന്‍ ദാസ് തയ്യാറായില്ല. അതുകൊണ്ടുതന്നെ പന്ത് കൈയിലൊതുക്കാനോ സ്റ്റംപ് ചെയ്യാനോ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഇതോടെ രണ്ട് ലൈഫുകളാണ് കോലിക്ക് ലഭിച്ചത്. ഇത് മുതലാക്കി വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിച്ചില്ല. 35 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 47 റണ്‍സെടുത്താണ് കോലി പുറത്തായത്. അര്‍ധ സെഞ്ച്വറി അര്‍ഹിച്ചെങ്കിലും ഷാക്കീബ് അല്‍ ഹസന്‍ കോലിയെ റണ്ണൗട്ടാക്കുകയായിരുന്നു.
സച്ചിന്റെ റെക്കോഡ് തകര്‍ത്ത് കോലി
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോഡ് തകര്‍ത്താണ് വിരാട് കോലി കളം വിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 27000 റണ്‍സെന്ന റെക്കോഡ് ഇനി കോലിയുടെ പേരിലാണ്. 623 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. 594 ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോലി ഈ നേട്ടത്തിലേക്കെത്തിയത്. അര്‍ധ സെഞ്ച്വറി നേടാനായില്ലെങ്കിലും ചരിത്ര റെക്കോഡോടെ കളം വിടാന്‍ വിരാട് കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ കോലി പുറത്തായത് ഷക്കീബ് അല്‍ ഹസന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ്. സ്പിന്നിന് മുന്നില്‍ കോലി പതറുന്നതാണ് സമീപകാലത്തായി കാണാനാവുന്നത്. ഇത് ശരിവെച്ചാണ് വീണ്ടും സ്പിന്നര്‍ക്ക് മുന്നില്‍ കോലി വീണ്ടും വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് പറയാം.