ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരായ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 11.5 ഓവറില്‍ 3 വിക്കറ്റിന് 132 റണ്‍സോടെ അനായാസ ജയം നേടിയെടുക്കുകയായിരുന്നു. 49 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ ജയമെന്നതാണ് എടുത്തു പറയേണ്ടത്.
ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവും (29) സഞ്ജു സാംസണും (29) ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടി. അരങ്ങേറ്റ താരം നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ 1 സിക്‌സടക്കം 16 റണ്‍സോടെ പുറത്താവാതെ നിന്നു. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
ബാറ്റിങ്ങില്‍ തകര്‍ന്ന് ബംഗ്ലാദേശ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായില്ല. സൂപ്പര്‍ ഓപ്പണര്‍ ലിറ്റന്‍ ദാസാണ് ആദ്യം പുറത്തായത്. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത ലിറ്റന്‍ ദാസിനെ അര്‍ഷ്ദീപിന്റെ പന്തില്‍ റിങ്കു സിങ്ങാണ് ക്യാച്ചിലൂടെ മടക്കിയത്. വലിയ ഷോട്ടിന് ശ്രമിച്ച ലിറ്റന്‍ ദാസിന് ടൈമിങ് പിഴച്ചപ്പോള്‍ റിങ്കു അനായാസ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നാലെ പര്‍വേസ് ഹൊസൈന്‍ ഇമോനെയും അര്‍ഷ്ദീപ് പുറത്താക്കി. 9 പന്തില്‍ 8 റണ്‍സെടുത്ത ഇമോനെ അര്‍ഷ്ദീപ് സിങ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ഒരു സിക്‌സറടക്കം നേടി താരം പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അര്‍ഷ്ദീപ് അനുവദിച്ചില്ല. പിന്നീട് കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. തൗഹിദ് ഹൃദോയി (12) പതിയെ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 18 പന്ത് നേരിട്ട താരത്തെ വരുണ്‍ ചക്രവര്‍ത്തി ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു.

മിന്നിച്ച് മായങ്ക് യാദവ്
പവര്‍പ്ലേയിലെ അവസാന ഓവര്‍ മെയ്ഡനാക്കി വരവറിയിക്കാന്‍ മായങ്ക് യാദവിന് സാധിച്ചു. സീനിയര്‍ താരം മഹമ്മൂദുല്ലയെ (1) വാഷിങ്ടണ്‍ സുന്ദറിന്റെ കൈയിലെത്തിച്ച് മായങ്ക് തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും നേടി. ജേക്കര്‍ അലി പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. 6 പന്തില്‍ 8 റണ്‍സെടുത്ത ജേക്കര്‍ അലിയെ വരുണ്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഒരുവശത്ത് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പതിയെ നിലയുറപ്പിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു.
25 പന്തില്‍ 27 റണ്‍സെടുത്ത ഷാന്റോയെ വാഷിങ്ടണ്‍ സുന്ദര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. റിഷാദ് ഹൊസൈനെ (5 പന്തില്‍ 11) വരുണ്‍ പുറത്താക്കിയതോടെ 7 വിക്കറ്റിന് 93 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു. ടസ്‌കിന്‍ അഹമ്മദ് (12) റണ്ണൗട്ടായപ്പോള്‍ ഷൊറിഫുല്‍ ഇസ്ലാമിനെ (0) ഹാര്‍ദിക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. മുസ്തഫിസുര്‍ റഹ്‌മാനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് അര്‍ഷ്ദീപ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
അര്‍ഷ്ദീപിനും വരുണിനും മൂന്ന് വിക്കറ്റ്
മെഹതി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 19.5 ഓവറില്‍ 127 റണ്‍സില്‍ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മായങ്ക് യാദവും ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഹാര്‍ദിക് പാണ്ഡ്യ കസറി
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കമാണ് ലഭിച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ അഭിഷേക് ശര്‍മ 7 പന്തില്‍ 16 റണ്‍സുമായി റണ്ണൗട്ടായി മടങ്ങി. 2 ഫോറും 1 സിക്‌സും നേടിയ താരം സഞ്ജു സാംസണുമായുള്ള ആശയ വിനിമയത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് റണ്ണൗട്ടാവുകയായിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവും അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 14 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
മുസ്തഫിസുര്‍ റഹ്‌മാനെ സിക്‌സര്‍ പറത്താനുള്ള സൂര്യകുമാറിന്റെ ശ്രമം പാളുകയായിരുന്നു. ഓപ്പണര്‍ റോളിലിറങ്ങിയ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ക്ഷമയോടെ നിന്ന് പതിയെ മുന്നോട്ട് പോയ സഞ്ജു 19 പന്തില്‍ 6 ഫോറടക്കം 29 റണ്‍സ് നേടി. മെഹതി ഹസന്‍ മിറാസിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 39 റണ്‍സോടെ ഇന്ത്യയെ വേഗത്തില്‍ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 16 റണ്‍സോടെ പുറത്താവാതെ നിന്നു.
പ്ലേയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്
ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ഷൊറിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍