ഗ്വാളിയോര്‍: ബംഗ്ലാദേശുമായി ഞായറാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബാറ്ററെന്ന നിലയില്ല, മറിച്ച് ബൗളറുടെ റോളിലാണ് ചരിത്രനേട്ടം അദ്ദേഹത്തെ കാത്തിരിക്കുന്നത്. ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക് മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ജൂലൈയില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷമുള്ള ഏകദിന പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഹാര്‍ദിക് പിന്‍മാറുകയായിരുന്നു. ടീമിലേക്കുള്ള മടങ്ങിവരവ് വമ്പന്‍ നേട്ടത്തോടെ ആഘോഷിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം.

ഭുവിയെ ഓവര്‍ടേക്ക് ചെയ്യാം
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുക്ക ഫാസ്റ്റ് ബൗളറെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുള്ളത്. ഇതിനായി ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വെറും ആറു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ.
നിലവില്‍ ഇന്ത്യക്കായി ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസര്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത ഭുവനേശ്വര്‍ കുമാറാണ്. 90 വിക്കറ്റുകളാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 89 വിക്കറ്റുകളോടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് തൊട്ടു പിന്നിലുള്ളത്. എന്നാല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.
85 വിക്കറ്റുകളോടെ ഹാര്‍ദിക് ലിസ്റ്റില്‍ മൂന്നാമതാണ്. ആറു വിക്കറ്റുകള്‍ കൂടി ടി20 പരമ്പരയില്‍ സ്വന്തം പേരിലേക്കു കൂട്ടിച്ചേര്‍ക്കാനായാല്‍ പേസര്‍മാരില്‍ ഇന്ത്യയുടെ പുതിയ കിങായി മാറാന്‍ അദ്ദേഹത്തിനു സാധിക്കും. ഹാര്‍ദിക് കഴിഞ്ഞാല്‍ ലിസ്റ്റിലെ അഞ്ചാമന്‍ യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ്. 83 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
തലപ്പത്ത് ചഹല്‍
ഇന്ത്യക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വന്ദ്ര ചഹലിനു അവകാശപ്പെട്ടതാണ്. 96 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലെ ചഹലും ഇപ്പോള്‍ ദേശീയ ടീമിനു പുറത്താണ്. അദ്ദേഹത്തിനു ഇനി ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമോയെന്ന കാര്യവും സംശയമാണ്.

അതുകൊണ്ടു തന്നെ ഭുവനേശ്വറിനെ മാത്രമല്ല, അധികം വൈകാതെ തന്നെ ചഹലിന്റെ റെക്കോര്‍ഡും ഹാര്‍ദിക് പാണ്ഡ്യ തട്ടിയെടുത്താല്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷം തന്നെ അതു സംഭവിച്ചേക്കുകയും ചെയ്യും. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഒരു ടി20 പരമ്പര കൂടി ഈ വര്‍ഷം ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നാലു ടി20കളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്.
ഇന്ത്യയുടെ തുറുപ്പുചീട്ട്
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളില്‍ ഒരാളായിരിക്കും ഹാര്‍ദിക് പാണ്ഡ്യ. ഈ ഫോര്‍മാറ്റില്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇതു അരക്കിട്ടുറപ്പിക്കാന്‍ തന്നെയായിരിക്കും ഹാര്‍ദിക്കിന്റെ ശ്രമം.
102 ടി20 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെക്കൂടാതെ ഈ ഫോര്‍മാറ്റില്‍ 100നു മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് അദ്ദേഹം. ഇവയില്‍ നിന്നും 1523 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഈ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു.