ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ടീം ഇന്ത്യ മിന്നുന്ന വിജയം കൊയ്തപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഈ മല്‍സരത്തില്‍ ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. റണ്‍ചേസില്‍ ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ പുറത്താവാതെ 39 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോറര്‍ ഹാര്‍ദിക്കായിരുന്നു. ബൗളിങിലാവട്ടെ ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തി.
ഇന്ത്യന്‍ വിജത്തിനു ശേഷമുള്ള ഹാര്‍ദിക്കിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വിരട്ടുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. എന്തായിരുന്നു സംഭവമെന്നു നോക്കാം.

മുഖത്ത് പിടിച്ച് ഹാര്‍ദിക്
ഗ്വാളിയോറില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയ ശേഷം ഇരുടീമുകളിലെയും താരങ്ങളും ഒഫീഷ്യലുകളും തമ്മില്‍ പരസ്പരം ഹസ്തദാനം ചെയ്യവെയായിരുന്നു സംഭവം. ഹാര്‍ദിക് പാണ്ഡ്യയും അരങ്ങേറ്റ മല്‍സരം കളിച്ച യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്നു സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ള ഇന്ത്യന്‍ കളിക്കാര്‍ ഗ്രൗണ്ടിലേക്കു വരികയും ബംഗ്ലാദേശ് താരങ്ങളുമായി ഹസ്തദാനം നടത്തുകയും ചെയ്തു. ഇതിനിടെയാണ് ഹാര്‍ദിക്കിനെ അഭിനന്ദിക്കാന്‍ സൂര്യ അടുത്തേക്കു വന്നത്. എന്നാല്‍ വളരെ ഗൗരവത്തോടെ സൂര്യയെ വിരട്ടുന്ന തരത്തില്‍ കവിളിന്റെ ഇരുവശത്തും ഹാര്‍ദിക് കൈകൊണ്ട് പിടിക്കുകയായിരുന്നു. തുടര്‍ന്നു പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു.
ഒറ്റനോട്ടത്തില്‍ ഇതു വിരട്ടലാണോയെന്നു ആരുമൊന്നു സംശയിച്ചുപോവുമെങ്കിലും ഹാര്‍ദിക്കിന്റെ സ്വതസിദ്ധമായ ശൈലിയാണ് ഇതെന്നു എല്ലാവര്‍ക്കുമറിയാം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ബിസിസിഐ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലായി മാറിയിരിക്കയാണ്.
ചെറിയൊരു ഇടവേളയ്ക്കു ശേഷമം ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക് മടങ്ങിയെത്തിയ മല്‍സരം കൂടിയാണിത്. അവസാനത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ അതിനു ശേഷമുള്ള ഏകദിന പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഹാര്‍ദിക് സ്വയം പിന്‍മാറുകയായിരുന്നു.
അനായാസം ജയിച്ച് ടീം ഇന്ത്യ
ബംഗ്ലാദേശിനെതിരേ ഒട്ടും തന്നെ വിയര്‍ക്കാതെ വളരെ അനായാസമായാണ് ആദ്യ ടി20യില്‍ സൂര്യകുമാര്‍ യാദവും സംഘവും ജയിച്ചുകയറിയത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിച്ച ബംഗ്ലാ ടീമിനു കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശിനെ ഒരു ബോള്‍ ബാക്കിനില്‍ക്കെ 127 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസിന്റെ (35*) ഇന്നിങ്‌സാണ് ബംഗ്ലാദേശ് ടീമിനെ 100 റണ്‍സെങ്കിലും കടക്കാന്‍ സഹായിച്ചത്.

32 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുണ്ടായിരുന്നു. മറ്റാര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (27) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു ബംഗ്ലാദേശ് താരം. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അര്‍ഷ്ദീപ് സിങും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടിയത്.
റണ്‍ചേസില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ വെറും 11.5 ഓവരില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലേക്കു ഇന്ത്യ കുതിച്ചെത്തുകയായിരുന്നു. 16 ബോളില്‍ നിന്നും അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും 29 റണ്‍സ് വീതവും നേടി. അഭിഷേക് ശര്‍മ 16 റണ്‍സുമായി പുറത്തായപ്പോള്‍ നിതീഷ് റെഡ്ഡി ഇതേ റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.