ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള മുന്‍നിര താരങ്ങള്‍ക്കെല്ലാം ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കാരണം എട്ടു ചെസ്റ്റുകളാണ് വരും മാസങ്ങളില്‍ നാട്ടിലും പുറത്തുമായി ഇന്ത്യന്‍ ടീം കളിക്കാനിരിക്കുന്നത്. ഇതു പരിഗണിച്ചാണ് ഈ ടെസ്റ്റുകളില്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവര്‍ക്കു ടി20യില്‍ വിശ്രമം നല്‍കുന്നത്.
സൂര്യകുമാര്‍ യാദവിനു കീഴിലാണ് ടി20 പരമ്പരില്‍ ബംഗ്ലാ കടുവകളുമായി ടീം ഇന്ത്യ പോരടിക്കുക. വൈസ് ക്യാപ്റ്റന്‍ സ്ഥാനം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ലഭിച്ചേക്കും. ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയായിരിക്കും. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ഓപ്പണര്‍മാര്‍
ടെസ്റ്റ് ടീമിലെ നിര്‍ണായക താരങ്ങളും യുവ ബാറ്റിങ് സെന്‍സേഷനുകളുമായ ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരക്കാായി ടീമിലേക്കു വരുന്നത് അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. പക്ഷെ ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായതിനാല്‍ ആദ്യ ടി20യില്‍ റുതുരാജിനു കളിക്കാന്‍ കഴിഞ്ഞേക്കില്ല.
ആദ്യ ടി20യില്‍ അഭിഷേകും സഞ്ജു സാംസണും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക. ഓപ്പണിങ് റോള്‍ സഞ്ജുവിനു പുതിയ കാര്യമല്ല. ഈ ഫോര്‍മാറ്റില്‍ അദ്ദേഹം ഇതിനകം ദേശീയ ടീമിനു വേണ്ടി ഓപ്പണറായി കളിച്ചുകഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ടി20 പരമ്പരയിലെ ഒരു കളിയില്‍ സഞ്ജു ഓപ്പണ്‍ ചെയ്തിരുന്നു.
മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടുന്ന ശക്തമായ മധ്യനിരയാണ് പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങുക. റിങ്കു സിങായിരിക്കും മധ്യനിരയിലെ മറ്റൊരു പ്രധാനപ്പെട്ട താരം. ഓള്‍റൗണ്ടര്‍മാരായി സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം റിയാന്‍ പാഗ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും നമുക്കു കാണാം.
ഒരിടവേളയ്ക്കു ശേഷം ഹാര്‍ദിക് തിരിച്ചെത്തുന്ന പരമ്പരയായിരിക്കും ഇത്. നേരത്തേ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷമുള്ള ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് വിട്ടുനില്‍ക്കുകയായിരുന്നു. ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ ഇപ്പോള്‍ നടക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയും അദ്ദേഹം കളിക്കുന്നില്ല.

ബൗളിങ് നിര എങ്ങനെ?
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കു വേണ്ടി ടി20 പരമ്പരയില്‍ കളിക്കില്ല. മുഹമ്മദ് സിറാജിനും വിശ്രമം നല്‍കിയേക്കും. ഇവരുടെ അഭാവത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങായിരിക്കും ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.
അദ്ദേഹത്തിനൊപ്പം ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍ എന്നിവരായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹര്‍ഷിത്തിന്റെ അരങ്ങേറ്റവും ഈ പരമ്പരയിലൂടെ കാണാനായേക്കും. രവി ബിഷ്‌നോയിയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.