ഐപിഎല്‍ പൂരത്തിനു ശേഷം ഇന്ത്യന്‍ ടീമിനെ കാത്ത് നാട്ടിലും വൈറ്റ് ബോള്‍- റെഡ് ബോള്‍ പരമ്പരകളാണ് ടീ ഇന്ത്യയെ കാത്തിരിക്കുന്നത്. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യ ആദ്യം കളിക്കുന്നത് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ്. അതിനു ശേഷമാണ് ബംഗ്ലാദേശ് പര്യടനം. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇതിലുള്‍പ്പെടുന്നത്.
ആഗസ്റ്റ് 17നാണ് ഏകദിന പരമ്പരയുടെ തുടക്കം. ടി20 പരമ്പര ആഗസ്റ്റ് 26നും ആരംഭിക്കും. ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 പരമ്പര കൂടിയാണിത്. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഇംഗ്ലണ്ടുമായി നാട്ടിലാണ് അവസാനമായി അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയിറങ്ങിയത്. 4-1നു പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.
അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇതിനുള്ള മികച്ച തയ്യാറെടുപ്പുകളിലൊന്നായിരിക്കും വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനം വലിയ പരീക്ഷണങ്ങള്‍ക്കു മുതിരാതെ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഈ പരമ്പരയില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിക്കുമെന്നുറപ്പാണ്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ സാധ്യതാ ടീം എങ്ങനെയായിരിക്കുമെന്നു നോക്കാം.

ടോപ്പ് ത്രീയില്‍ ആരെല്ലാം
ഇന്ത്യന്‍ ടീം അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളില്‍ നിന്നും വ്യത്യസ്തമായ ടോപ്പ് ത്രീയെ ആയിരിക്കും ബംഗ്ലാദേശില്‍ ഇന്ത്യ അണിനിരത്തുക. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യമായിരുന്നു മുന്‍ പരമ്പരകളില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. എന്നാല്‍ ബംഗ്ലാദേശിവനെതിരേ ഈ രണ്ടു പേരെയും ഓപ്പണിങില്‍ പ്രതീക്ഷിക്കേണ്ടതില്ല.
പകരം യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുക. ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ് ഇരുവരും ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനായി 500ന് മുകളില്‍ റണ്‍സും ക്യാപ്റ്റന്‍ കൂടിയായ ഗില്‍ നേടിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തില്‍ ജയ്‌സ്വാളും മിന്നിക്കുകയാണ്.
ഇവര്‍ക്കു ശേഷം മൂന്നാം നമ്പറിലായിരിക്കും പരമ്പരയില്‍ സഞ്ജുവിനെ കാണാനുവുക. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോയോടെ റിഷഭ് പന്തു ഇഷാന്‍ കിഷനുമെല്ലാം ടി20 പ്ലാനുകളില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇനി ഗൗതം ഗംഭീറിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെയായിരിക്കും.
മധ്യനിരയില്‍ ഇവര്‍
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവായിരിക്കും കളിക്കുക. ഇതിനേക്കാള്‍ താഴേക്കു അദ്ദേഹം പോവാനിടയില്ല. സ്‌കൈയെ സംബന്ധിച്ച് ബെസ്റ്റും മൂന്ന്, അല്ലെങ്കില്‍ നാല് പൊസിഷനുകളാണ്.
സൂര്യ കഴിഞ്ഞാല്‍ അഞ്ചാമനായി ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയുടെ ഊഴമായിരിക്കും. മുന്‍ ടി20 പരമ്പരകളില്‍ അഗ്രസീവ് ഇന്നിങ്‌സുകളുമായി കസറിയിട്ടുള്ള താരമാണ് അദ്ദേഹം.

ആറാമനായി ബാറ്റിങിനെത്തുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. മുന്‍ പരമ്പരകളില്‍ ഫിനിഷറുടെ റോളിലുണ്ടായിരു റിങ്കു സിങ് ഇത്തവണ ടീമില്‍ കാണില്ല. മോശം പ്രകടനങ്ങളാണ് താരത്തിനു തിരിച്ചടിയാവുന്നത്. ഐപിഎല്ലിലും റിങ്കുവിനു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
ഹാര്‍ദിക്കിനു ശേഷം ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക. ബാറ്റിങിനോടൊപ്പം വിക്കറ്റുകളുമായി ബൗളിങിലും നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍.
ബൗളിങ് ലൈനപ്പ്
ബംഗ്ലാദേശിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതിനാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. കുല്‍ദീപ് യാദവും മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുമാവും ടീമിലെ പ്രധാന സ്പിന്നര്‍മാര്‍.
പേസ് നിരയില്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം മുഹമ്മദ് സിറാജായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിന് അര്‍ഷ്ദീപ് സിങിനെയും ടീമില്‍ കാണാം.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.