ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരികമായി തന്നെ ജയിച്ചെങ്കിലും ചില ആശങ്കകള്‍ ഇന്ത്യന്‍ ടീമിനുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ കളിയില്‍ താരത്തിന്റെ പ്രകടനം വെറും സീറോയാണെന്നാണ് അലി തുറന്നടിച്ചത്. യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ ടെസ്റ്റ് വിജയത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
280 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ചെന്നൈ ടെസ്റ്റില്‍ രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. 515 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശ് ടീം നാലാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പു തന്നെ 234 റണ്‍സിനു കൂടാരംകയറുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണ്‍പൂരിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്.

ജയ്‌സ്വാളിനു വിമര്‍ശനം
ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ മുന്‍നിര തുടക്കത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ടീമിനെ രക്ഷിച്ചത് യശസ്വി ജയ്‌സ്വാളിന്റെ ഫിഫ്റ്റിയായിരുന്നു. 118 ബോളില്‍ ഒമ്പതു ഫോറടക്കം 56 റണ്‍സ് നേടിയാണ് താരം പുറത്തായത്. രണ്ടാമിന്നിങ്‌സില്‍ 17 ബോളില്‍ രണ്ടു ഫോറടക്കം 10 റണ്‍സാണ് ജയ്‌സ്വാളിനു നേടാനാത്. രണ്ടിന്നിങ്‌സിലും മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതിനാണ് ജയ്‌സ്വാളിനെ ബാസിത് അലി രൂക്ഷമായി വിമര്‍ശിച്ചത്.
ഇന്ത്യന്‍ വിജയത്തില്‍ യശസ്വി ജയ്‌സ്വാളിന്റെ പേര് ഞാന്‍ പറയില്ല. ഇതിനൊരു കാരണം കൂടിയുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സില്‍ നില്‍ക്കെയും രണ്ടാമിന്നിങ്‌സിലും വളരെ മോശം ഷോട്ടുകളാണ് അവന്‍ കളിച്ചത്. ഈ മല്‍സരം ജയ്‌സ്വാളിനെ സംബന്ധിച്ച് വെറും സീറോയാണെന്നാണ് ഞാന്‍ പറയുക. എന്റെ ഫേവറിറ്റ് താരങ്ങളിലൊരാളാണ് അവന്‍. ഞാന്‍ ഈ തരത്തില്‍ വിമര്‍ശിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ്.
ജയ്‌സ്വാള്‍ എന്റെ ഫേവറിറ്റാണെന്നത് ശരിയൊക്കെ തന്നെയാണ്. പക്ഷെ അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയോടു എനിക്കു ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇതൊന്നും പഠിച്ചില്ലെങ്കില്‍ ജയ്‌സ്വാള്‍ ഇനി എപ്പോഴാണ് ഇതെല്ലാം പഠിക്കുകയെന്നും ബാസിത് അലി ചോദിക്കുന്നു.
പാകിസ്താനല്ല, ഇതു ഇന്ത്യയാണ്
പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പര 2-0ന് നേടിയെന്നതിന്റെ പേരില്‍ വീമ്പിളക്കിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ ബാസിത് അലി വിമര്‍ശിച്ചു. പാകിസ്താനെതിരേ 2-0ന് ടെസ്റ്റ് പരമ്പര നേടിയെന്നു നജ്മുല്‍ ഷാന്റോ ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിനു മുമ്പ് മുന്നറിയിപ്പെല്ലാം നല്‍കിയിരുന്നു. ഇത്തരം മൈന്‍ഡ് ഗെയിമുകളൊന്നുെ ഇന്ത്യയോടു നടക്കില്ല. ഇതു പാകിസ്താനല്ല, ഇന്ത്യയാണെന്നും അലി ചൂണ്ടിക്കാട്ടി.

രണ്ടാമിന്നിങ്‌സില്‍ ഷാന്റോ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. 82 റണ്‍സ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകടനം എനിക്കു ഇഷ്ടപ്പെട്ടു. ഷാന്റോ സെഞ്ച്വറി നേടണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സ് വന്നുവെന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് പോസിറ്റീവ് കാര്യമാണ്. പാകിസ്താനുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ സ്‌കോര്‍ ചെയ്ത മറ്റു ബംഗ്ലാദേശ് താരങ്ങളെല്ലാം ചെന്നൈയില്‍ ഫ്‌ളോപ്പായി മാറിയെന്നും അലി വിലയിരുത്തി.
ഇന്ത്യയുടെ ആശങ്കകള്‍
ചെന്നൈ ടെസ്റ്റില്‍ അനായാസം ജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ചില ആശങ്കകളുണ്ടെന്നു ബാസിത് അലി നിരീക്ഷിച്ചു. ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യം രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരില്‍ നിന്നും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ ലഭിച്ചില്ലെന്നതാണ്.
കൂടാതെ യശസ്വി ജയ്‌സ്വാളും പ്രതീക്ഷിച്ച പ്രകടനം നടത്തിയിട്ടില്ല. ഫോമിലുള്ളപ്പോള്‍ അതു പരമാവധി മുതലാക്കാന്‍ ജയ്‌സ്വാള്‍ ശ്രമിക്കണം. 56 റണ്‍സില്‍ നില്‍ക്കെ മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയല്ല വേണ്ടതെന്നും അലി കൂട്ടിച്ചേര്‍ത്തു.