ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആദ്യദിനം ആറു വിക്കറ്റിനു 339 റണ്‍സെന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്. സെഞ്ച്വറിയോടെ ആര്‍ അശ്വിനും (102*) ഫിഫ്റ്റിയോടെ രവീന്ദ്ര ജഡേജയുമാണ് (86*) ക്രീസിലുള്ളത്. അപരാജിതമായ ഏഴാം വിക്കറ്റില്‍ 227 ബോളില്‍ 195 റണ്‍സ് ഈ സഖ്യം ടീം ടോട്ടലിലേക്കു ചേര്‍ത്തുകഴിഞ്ഞു.
ടീം സ്‌കോര്‍ ആറിന് 144ല്‍ വച്ചാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. അഗ്രസീവ് ബാറ്റിങാണ് അശ്വിനും ജഡേജയും കാഴ്ചവച്ചത്. അശ്വിന്‍ 112 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ ജഡേജ 117 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറും പായിച്ചു.
യശസ്വി ജയ്‌സ്വാള്‍ (56), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോലി (6), റിഷഭ് പന്ത് (39), കെഎല്‍ രാഹുല്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂദ് നാലു വിക്കറ്റുകള്‍ പിഴുതു.

ഇന്ത്യയുടെ തുടക്കം പാളി
ചെന്നൈയിലെ മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ടോസ് ലഭിച്ചപ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്കു ബൗളിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതായി വന്നില്ല. സാഹചര്യം നന്നായി മുതലെടുത്ത ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയെ വിറപ്പിച്ചു. 10 ഓവറിനുള്ളില്‍ തന്നെ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ മടങ്ങിയതോടെ ഇന്ത്യ മൂന്നിനു 34ലേക്കു കൂപ്പുകുത്തി. മുഴുവന്‍ വിക്കറ്റുകളും യുവ പേസര്‍ ഹസന്‍ മഹമ്മൂദിനായിരുന്നു.
തുടര്‍ന്നാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. യശസ്വി ജയ്‌സ്വാളിനോടൊപ്പം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ അറ്റാക്കിങ് ക്രിക്കറ്റ് കാഴ്ചവച്ച റിഷഭിനെ പുറത്താക്കി മഹമ്മൂദ് ഇന്ത്യക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. ജയ്‌സ്വാള്‍ -കെഎല്‍ രാഹുല്‍ ജോടി 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ ഇരുവരെയും അടുത്തടുത്ത ഓവറില്‍ നഷ്ടമായതോടെ ഇന്ത്യ ആറിന് 144 റണ്‍സെന്ന നിലയിലായി. 118 ബോളില്‍ ഒമ്പതു ഫോറുകളക്കം 56 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നഹിദ് റാണയുടെ ബൗളിങില്‍ ഷദ്മാന്‍ ഇസ്ലാം പിടികൂടുകയായിരുന്നു. ജയ്‌സ്വാളും രാഹുലും പുറത്തായപ്പോള്‍ 200 റണ്‍സ് പോലും ഇന്ത്യ കടക്കുമോയെന്ന കാര്യം സംശയമായിരുന്നു.
എന്നാല്‍ പ്രതിരോധത്തിലേക്കു വലിയാതെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും തിരിച്ചടിക്കുകയായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലു ഈ ജോടി കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ടിരുന്നു.

റിഷഭിന്റെ തിരിച്ചുവരവ്
ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ മല്‍സരം കൂടിയാണിത്. 2022 ഡിസംബറിനു ശേഷം ഈ ഫോര്‍മാറ്റില്‍ അദ്ദേഹം കളിച്ചിട്ടില്ല. കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കു കാരണം ദീര്‍ഘകാലം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെയാണ് റിഷഭ് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഇതിനു ശേഷം ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ കളിക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ബംഗ്ലാദേശ്- ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്വിബുല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍ മിറാസ്, ഹസന്‍ മഹമ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ.